Saturday
19 Oct 2019

പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഉത്തരവാദിത്തം

By: Web Desk | Thursday 20 June 2019 12:54 AM IST


എസ് സുധാകര്‍ റെഡ്ഢി

(പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിച്ച രേഖ)

ഇന്ത്യന്‍ ജനങ്ങളുടെ ഏറ്റവും ഉയര്‍ന്ന പ്രതിനിധിസഭയാണ് പാര്‍ലമെന്റ്. അത് സുഗമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സുഗമമായ പ്രവര്‍ത്തനം സാധ്യമാകുന്നത് സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും പ്രതിപക്ഷത്തോടുള്ള നിലപാടുകള്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വിധേയമാകുമ്പോഴാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നതിന് അവസരമുണ്ടാകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. സഭയുടെ സുഗമമായ നടത്തിപ്പ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഭൂരിപക്ഷവാദവും കൗശലങ്ങളുമല്ല കൊടുക്കല്‍ വാങ്ങല്‍ എന്ന രീതിയാണ് അനുയോജ്യമായിട്ടുള്ളത്.
പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്നത് പ്രയോഗാര്‍ഥത്തില്‍ പ്രതിഫലിക്കുന്നതാവണം. അത് കോര്‍പ്പറേറ്റുകളുടെ ഭണ്ഡാരപ്പെട്ടിയിലെത്തുന്ന വന്‍ സമ്പത്ത് മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ സമ്പത്തിന്റെ കൃത്യമായ വിഭജനം കൂടിയാവണം. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 72 ശതമാനം പത്ത് ശതമാനത്തിന്റെയും 50 ശതമാനം സമ്പത്ത് കേവലം ഒരു ശതമാനത്തിന്റെയും കയ്യിലാണുള്ളത്. ഈ അവസ്ഥ മാറ്റപ്പെടണം. ശാസ്ത്രീയ ചിന്തകളോടെയാകണം ഇന്ത്യ ആധുനികമാകേണ്ടത്. അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയമായ പഴഞ്ചന്‍ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുന്നതായിരിക്കണം പുതിയ ഇന്ത്യ. മതേതരത്വവും ജനാധിപത്യവും പങ്കാളിത്ത ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പൊതു – മനുഷ്യാവകാശങ്ങളും എല്ലാമുള്‍ക്കൊള്ളുന്നതായിരിക്കണം പുതിയ ഇന്ത്യ. ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവുമുള്ള, വൈജാത്യത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടോടെയുള്ളതായിരിക്കണം പുതിയ ഇന്ത്യ. സര്‍ക്കാരിയ കമ്മിഷന്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട കേന്ദ്ര – സംസ്ഥാന ബന്ധങ്ങളുള്ളതുകൂടിയായിരിക്കണം അത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം വാര്‍ഷികമാണിത്. അതിന്റെ ഭാഗമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുക മാത്രമല്ല മതേതരത്വമെന്ന അദ്ദേഹത്തിന്റെ ആശയം ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള ഉദ്യമങ്ങളുമുണ്ടാകണം. അദ്ദേഹത്തിന്റെ ഓര്‍മകളെ അവഹേളിക്കുന്നവര്‍ക്കും ഘാതകനെ മഹത്വവല്‍ക്കരിക്കുന്നവര്‍ക്കും അര്‍ഹമായ ശിക്ഷ നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകണം.
ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രത്യേകിച്ച് വരള്‍ച്ചബാധിതവും മറ്റുമായി പിന്നാക്കം നില്‍ക്കുന്ന ജില്ലകളുടെ വികസനത്തിന് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.
തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിന് ലോക്പാല്‍ നിയമന രീതിക്ക് സമാനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. വോട്ടിംഗ് യന്ത്രങ്ങളെ സംബന്ധിച്ച് വളരെയധികം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സാങ്കേതിക വിദഗ്ധരും ഉന്നയിച്ചിട്ടുള്ള പ്രശ്‌നങ്ങളും സംശയങ്ങളും ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. കര്‍ഷക ആത്മഹത്യകള്‍ തുടരുകയാണ്. പല ഭാഗങ്ങളിലും ഭീകരമായ വരള്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കര്‍ഷകര്‍ക്കല്ല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്‍ലാഭമുണ്ടാക്കുന്നതിന് സഹായകമായ നിലയിലാണ് വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നത്. രൂക്ഷമായ ജലക്ഷാമം കാരണം ചെന്നൈയിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. ഐടി സ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നു. യുദ്ധകാലാടിസ്ഥാനത്തിലുള്ള ചില നടപടികള്‍ അത്യാവശ്യമായിരിക്കുകയാണ്.
ആരോഗ്യമേഖല ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ജനസംഖ്യാ വര്‍ധനവിന്റെ കൂടി സാഹചര്യത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍, ആരോഗ്യം, കുടിവെള്ളം, പാര്‍പ്പിടം എന്നിവ കൂടുതല്‍ പ്രശ്‌നങ്ങളെ നേരിടാന്‍ പോകുകയാണ്. അതുകൊണ്ട് ദീര്‍ഘകാലത്തേക്കുള്ള സമഗ്ര പദ്ധതികളാണ് ആവശ്യമായിട്ടുള്ളത്.

Related News