സര്‍ട്ടിഫിക്കറ്റുകള്‍ തിരികെകിട്ടി: ജെസ്‌നയ്ക്ക് പുതിയ പ്രതീക്ഷയേകി അദാലത്ത്

Web Desk
Posted on October 03, 2018, 9:39 pm

പന്തളം: നിമിഷങ്ങള്‍ക്കുള്ളില്‍ പ്രളയം കൊണ്ടുപോയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സര്‍ക്കാരിന് നന്ദി പറയുമ്പോള്‍ ജെസ്‌നയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ആഗസ്റ്റ് 15 ന് ജില്ലയെ ബാധിച്ച പ്രളയത്തില്‍ നഷ്ടമായത് ഇവളുടെ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു. കുളനട പഞ്ചായത്തിലെ പള്ളി പടിഞ്ഞാറ്റേരില്‍ ജെസ്‌ന ജോര്‍ജിന്റെ എസ്എസ്എല്‍സി യുടേയും പ്ലസ്ടുവിന്റേയും സര്‍ട്ടിഫിക്കറ്റുകളാണ് വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയ വെള്ളത്തില്‍ നഷ്ടമായത്. സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകമായി ബാഗിലായിരുന്നു ജെസ്‌ന സൂക്ഷിച്ചിരുന്നത്.
വെള്ളം അപ്രതീക്ഷിതമായി എത്തിയപ്പോള്‍ ജീവനും മുറുകെ പിടിച്ച് അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമായി ജെസ്‌ന വീട്ടില്‍ നിന്നും സമീപത്തുള്ള മാന്തുക എല്‍ .പി സ്‌കൂളിലെ ക്യാമ്പിലേയ്ക്ക് മാറുകയായിരുന്നു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ജെസ്‌നയുടെ വീട്ടില്‍ നിന്നും വെള്ളമിറങ്ങിയത്.
തിരികെ വീട്ടിലെത്തിയപ്പോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗശൂന്യമായിരുന്നു. ഇനി എന്ത് ചെയ്യുമെന്നറിയാതെ തുടര്‍പഠനത്തിനു പോലും ചേരാനാകാതെ വിഷമിച്ചിരുന്നപ്പോഴാണ് സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന അദാലത്തിനെക്കുറിച്ച് പത്രത്തിലൂടെ വായിച്ചറിഞ്ഞത്.
അമ്മയ്‌ക്കൊപ്പം വിഷാദ മുഖത്തോടെ അസ്തമിക്കാത്ത പ്രതീക്ഷയുമായി ഏകജാലക ക്യാമ്പിലെത്തിയ ജെസ്‌നയ്ക്ക് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കൗണ്ടറില്‍ നിന്നും എസ് എസ് എല്‍ സി യുടെ സര്‍ട്ടിഫിക്കറ്റ് നിമിഷങ്ങള്‍ കൊണ്ട് ലഭിച്ചു. കൂപ്പുകൈയോടെ എല്ലാം ശരിയാക്കി തന്ന സര്‍ക്കാരിന്റെ സേവനത്തിന് നന്ദി പറയുമ്പോള്‍ ജെസ്‌നയുടെ വാക്കുകള്‍ക്ക് പ്രളയത്തേക്കാള്‍ ശക്തിയുണ്ടായിരുന്നു.