Janayugom Online
school- janayugom

ഇടം മാത്രമല്ല ഹൈടെക്ക് സംവിധാനങ്ങളും വിട്ടു നല്‍കി സര്‍ക്കാര്‍ സ്‌കൂളുകള്‍

പി എസ് രശ്മി
Posted on August 20, 2018, 9:56 pm
പറന്നുയരണം: അതിജീവനത്തിന്റെ നാളുകളാണിത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ
ദുരിതാശ്വാസക്യാമ്പില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന കുട്ടികള്‍

ചിത്രം: രാഹുല്‍ രഘുനാഥ്

  • സാങ്കേതികതയും കൈകോര്‍ത്തു

തിരുവനന്തപുരം: പ്രളയ ദുരിതത്തെ അതിജീവിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. സാങ്കേതിക സഹായമൊരുക്കി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹൈടെക് സംവിധാനവും ഒപ്പമുണ്ടായിരുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക്കായതിന്റെ പ്രയോജനം വിദ്യാര്‍ഥികളായ കുരുന്നുകള്‍ക്ക് മാത്രമല്ല ലഭിച്ചത്. ഒരു അപ്രതീക്ഷിത ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി സാങ്കേതിക സഹായത്തിന്റെ ഭാഗമായത് ഈ ഹൈടെക്ക് സംവിധാനങ്ങള്‍ കൂടിയാണ്. ഹൈടെക് പദ്ധതിക്കായി ലഭ്യമാക്കിയിട്ടുള്ള ഐടി ലാബുകള്‍, ലാപ്‌ടോപ്പുകള്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയെല്ലാം രക്ഷാസംവിധാനമൊരുക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് 45000 ത്തോളം ക്ലാസ് മുറികള്‍ ഇത് വരെ ഹൈടെക്കാക്കിയിട്ടുണ്ട്. ഇവിടെയുള്ള കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് പ്രളയ ദുരിതത്തില്‍ സഹായിക്കുന്നതിനായി മാറ്റിയത്. പ്രളയദുരിതത്തില്‍ ഏറെ സഹായകമായതും സാങ്കേതിക സംവിധാനങ്ങളായിരുന്നു. കേരള റെസ്‌ക്യു പോലെയുള്ള ആപ്ലിക്കേഷനുകള്‍ വഴി ആയിരക്കണക്കിന് ആളുകളാണ് രക്ഷപ്പെട്ടത്. കേരള റെസ്‌ക്യൂ ഇപ്പോള്‍ ദുരിതബാധിതര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്ന കേരള നീഡ്‌സ് ഡോട്ട് കോം ആയും പ്രവര്‍ത്തിക്കുന്നു.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷ(കൈറ്റ്)ന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയത്. കൈറ്റിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍, സ്‌കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍, ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ തുടങ്ങിയവരുടെ സേവനവും ജില്ലാഭരണകൂടങ്ങളുമായി ചേര്‍ന്ന് ലഭ്യമാക്കുന്നുണ്ട്. ഇന്നലെ വരെ ക്ലാസ്മുറികളില്‍ തങ്ങളുടെ പഠനത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന സംവിധാനങ്ങളുമായി കോ-ഓര്‍ഡിനേറ്റര്‍മാരും ലിറ്റില്‍ കൈറ്റ്‌സ് ക്ലബിലെ വിദ്യാര്‍ഥികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഓരോ ജില്ലയിലും ഉള്ള സേവനസന്നദ്ധരായ സാങ്കേതിക വിദഗ്ധരെയും സ്‌ക്കൂളുകളിലെ സാങ്കേതിക സംവിധാനങ്ങളെയും ഏകോപിപ്പിച്ചു. ഏറെ ദുരിതം വിതച്ച എറണാകുളം , ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ഏറെ പ്രയോജനപ്പെട്ടത്.

കൈറ്റിന്റെ തന്നെ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ സഹായ സന്നദ്ധരായി സ്വയം എത്തിയിരുന്നു. ഇവരെല്ലാം ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സഹായമൊരുക്കി. എറണാകുളത്തു മാത്രം അഞ്ഞൂറിനടുത്ത് കോഓര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ടായിരുന്നു. ഇത്തരത്തില്‍ ഓരോ ജില്ലയും ആവശ്യപ്പെട്ടതനുസരിച്ച് ആവശ്യത്തിന് സാങ്കേതിക വിദഗ്ധരെ കൈറ്റ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന പോര്‍ട്ടലുകളും ജിയോ മാപ്പുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഓരോ ക്യാമ്പടിസ്ഥാനത്തിലും ഫലപ്രദമായ ഡേറ്റാബേസ് രൂപത്തില്‍ തയ്യാറാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യതയിലും വേഗതയിലും നടത്താന്‍ ആവശ്യമായ സാങ്കേതിക സഹായവും ഈ ടീം ലഭ്യമാക്കുന്നുണ്ട്.

ജില്ലകളില്‍ നിലവില്‍ അവലംബിക്കുന്ന സാങ്കേതിക പ്രോട്ടോക്കോള്‍ പ്രയോജനപ്പെടുത്താനും പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനും ഈ ടീമിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം, വെള്ളം ഭക്ഷണം വൈദ്യസഹായം എന്നിവ ആവശ്യമുള്ളവര്‍ എല്ലാം ക്രോഡീകരിക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളായിരുന്നു അടിയന്തര ഘട്ടത്തില്‍ ഏറെ പ്രയോജനപ്പെട്ടത്. ആവശ്യമെങ്കില്‍ സ്‌കൂളുകളുടെ സാങ്കേതിക സംവിധാനം ട്രെയിനിംഗിനും മറ്റുമാണ് ഉപയോഗപ്പെടുത്തുകയെന്നും അടിയന്തര ഘട്ടമായതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് ജനയുഗത്തോട് പറഞ്ഞു.

പ്രത്യേക സാഹചര്യത്തില്‍ സ്‌കൂളുകളുടെ ഐടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളിലെ സാങ്കേതിക വിദഗ്ധരും സ്‌കൂളുകളിലെ ഐടി സംവിധാനങ്ങളും ആവശ്യമുള്ള മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സാങ്കേതിക സംവിധാനങ്ങള്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളുടെ വലിയൊരു പങ്കാളിത്തം ദുരിതാശ്വാസ‑രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായി. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ളവരാണ് വാട്‌സ്ആപും ഫെയ്‌സ്ബുക്കും വഴി പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെയും സഹായകേന്ദ്രങ്ങളുടെയും കണ്ണികളായത്.