Web Desk

July 28, 2021, 5:30 am

പാര്‍ലമെന്ററി ചര്‍ച്ചകളെ ഭയപ്പെടുന്ന ഭരണകൂടം

Janayugom Online

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തുടര്‍ച്ചയായ അഞ്ചാം ദിവസവും ഫലപ്രദമായി യാതൊന്നും ചെയ്യാനാവാതെ തടസപ്പെട്ടതിനെ പ്രതിപക്ഷത്തെ ‘തുറന്നുകാണിക്കാനു‘ള്ള അവസരമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി ഇന്നലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം ഭരണകക്ഷിയുടെ ഇച്ഛാനുസരണം നിയമനിര്‍മ്മാണം മാത്രമല്ലെന്നും, മറിച്ച് അത് കെെകാര്യം ചെയ്യുന്നത് രാഷ്ട്രീയമാണെന്നുമുള്ള അടിസ്ഥാന വസ്തുത നിഷേധിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സമൂഹത്തിന്റെ എല്ലാതലത്തിലുമുള്ള ആയിരത്തില്‍പ്പരംപേരെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സികള്‍ നിരീക്ഷണവലയത്തിലാക്കിയിരുന്നു എന്ന വെളിപ്പെടുത്തലിന്റെയും എട്ടു മാസത്തിലധികമായി രാഷ്ട്രതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിനു കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെയും മോഡി ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന പരാജയത്തിന്റെയും പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ജനജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ആ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും അവ ചര്‍ച്ചാവിധേയമാക്കുകയുമെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരമൊരു ചര്‍ച്ച മാധ്യമങ്ങളും ജനങ്ങളും ആഗ്രഹിക്കുന്നു. വര്‍ഷകാല സമ്മേളനത്തിന്റെ കാര്യക്രമത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏത് ഇനത്തെക്കാളും പ്രസക്തവും പ്രധാനവുമാണ് ആ വിഷയങ്ങള്‍. അത്തരം ജനകീയ പ്രശ്നങ്ങള്‍ മറ്റെല്ലാ കാര്യക്രമങ്ങളും മാറ്റിവച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് സമ്മേളനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിബന്ധം സൃഷ്ടിക്കുന്നത്. അത് പ്രതിപക്ഷത്തെയും അതുവഴി ജനങ്ങളെയും നേ­രിടാനുള്ള ഭരണകൂടത്തി­ന്റെ വെെമുഖ്യവും ഭയപ്പാടുമാണ് തുറന്നുകാട്ടുന്നത്.

പ്രതിപക്ഷം പധാനമായും ചര്‍ച്ച ആവശ്യപ്പെടുന്ന മൂന്നു വിഷയങ്ങളിലും മോഡി ഭരണകൂടം കടുത്ത പ്രതിരോധത്തിലാണ്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ പ്രശ്നത്തില്‍ മോഡി സ­ര്‍ക്കാരൊ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളൊ അവ വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തി­ന് ഉത്തരം നല്കാതെ ഒഴിഞ്ഞുമാറാന്‍ അ­വര്‍ക്ക് ആവില്ല. ഇ­സ്രയേല്‍ നിര്‍മ്മിത സെെ­നിക ശ്രേണിയില്‍പ്പെട്ട പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ സര്‍ക്കാരിനു നേരിട്ടോ സര്‍ക്കാരിന്റെ വ്യക്തമായ അനുമതിയോ കൂടാതെ ആര്‍ക്കും സ്വന്തമാക്കാനാവില്ല എന്ന് ഇതിനോടകം വ്യക്തമാണ്. അത് സര്‍ക്കാരൊ സര്‍ക്കാര്‍ അറിവോടെയും അനുമതിയോടെയും ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളോ‍ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. അതാവട്ടെ പ്രതിരോധ ആവശ്യങ്ങള്‍ക്കോ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനൊ അല്ല ഉപയോഗിച്ചിട്ടുള്ളത്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും ഭരണാനുകൂല പാളയത്തിലെതന്നെ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാനാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ് തെളിയുന്നത്. അത് മോഡിയുടെ ‘വാട്ടര്‍ഗേറ്റാ‘യി മാറുന്നത് തടയാനുള്ള പാഴ്‌ശ്രമമാണ് ചര്‍ച്ചകള്‍ക്ക് വിസമ്മതിക്കുക വഴി നടക്കുന്നത്. കര്‍ഷകപ്രക്ഷോഭവും കോവിഡ് പ്രതിരോധത്തിലെ ദയനീയ പരാജയവും പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വന്നാല്‍ ലോകത്തിനു മുന്നില്‍ മോഡി സര്‍ക്കാര്‍ തുറന്നുകാട്ടപ്പെടും. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ മതിയായ ചര്‍ച്ചകളും പാര്‍ലമെന്ററി നടപടിക്രമങ്ങളും പാലിക്കാതെ തിടുക്കത്തില്‍ പാസാക്കിയെടുത്ത മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളാണ് കര്‍ഷകരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കിയ കര്‍ഷക പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആ നിയമനിര്‍മ്മാണങ്ങളുടെ സാധുത തന്നെ ചോദ്യം ചെയ്യുന്നതിലായിരിക്കും കലാശിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചക്കു വരുന്നത് മോഡി സര്‍ക്കാരിന്റെ ആഗോള പ്രതിച്ഛായക്ക് വീണ്ടും മങ്ങലേല്‍പ്പിക്കും.

നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേറിട്ടുള്ള യാതൊരു നിയമനിര്‍മ്മാണത്തിനും നിലനില്‍ക്കാനാവില്ല. ആ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്ന ഭരണകൂടമാണ് തടസപ്പെടുത്തലുകളുടെ പേരില്‍ പ്രതിപക്ഷത്തെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത്. ആധുനിക ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളില്‍ ഒന്നു മാത്രമാണ് ഭരണകൂടം. നീതിപീഠം ജനങ്ങള്‍ക്ക് ചോദ്യം ചോദിക്കാനും ഉത്തരം തേടാനും ഇനിയും അവസരം നിഷേധിച്ചിട്ടില്ല. നാലാമത്തെ തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങളും കടുത്ത ചെറുത്തുനില്പിനെയാണ് നേരിടുന്നത്. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമം അനുവദിച്ചുകുട.