19 April 2024, Friday

Related news

March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023
December 27, 2023
December 26, 2023

കോവിഡില്‍ ഒറ്റപ്പെട്ട കുട്ടികള്‍ക്ക് സ്ഥിര നിക്ഷേപവും ബിരുദം വരെ പഠിക്കാന്‍ സാമ്പത്തിക സഹായവും; 3.19 കോടി രൂപ അനുവദിച്ചതായി മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 20, 2021 6:21 pm

കോവിഡിനിടെ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായമായി 3.19 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. മൂന്ന് ലക്ഷം രൂപ സ്ഥിര നിക്ഷേപവും 2,000 രൂപ പ്രതിമാസവും അടങ്ങുന്നതാണ് ധനസഹായം. ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്പ് രക്ഷിതാക്കള്‍ക്ക് ഈ സ്‌കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് 18 വയസിന് ശേഷം പിന്‍വലിക്കാവുന്ന തരത്തിലും എന്നാല്‍ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിന്‍വലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂര്‍ത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്.

ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതാതു സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതാണ്.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കണ്‍വീനറായും ആരോഗ്യവകുപ്പ് ഡയറക്ടര്‍/ അഡീഷണല്‍ ഡയറക്ടറില്‍ കുറയാത്ത പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മുഖാന്തിരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.

Eng­lish sum­ma­ry; gov­ern­ment to help chil­dren who lost par­ents dur­ing covid

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.