210 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കി

Web Desk

ന്യൂഡല്‍ഹി

Posted on November 19, 2017, 10:40 pm

210 സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി യുഐഡിഎഐ.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള 210 വെബ്‌സൈറ്റുകള്‍ പരസ്യപ്പെടുത്തിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തന്നെയാണ് കണ്ടെത്തിയത്. അതേസമയം, എപ്പോഴാണ് ചോര്‍ച്ച ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നെതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ 210 വെബ്‌സൈറ്റുകളാണ് ആധാറുള്ളവരുടെ പേര്, മേല്‍വിലാസം അടക്കമുള്ള മറ്റു വിവരങ്ങള്‍ പുറത്ത് വിട്ടത്.
രാജ്യത്തെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ നല്‍കുന്നത് യുഐഡിഎ ആണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. അതേസമയം, യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ചോരാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.