Sunday
21 Jul 2019

ലഹരി മാഫിയയെ ജനകീയമായി നേരിടും: മുഖ്യമന്ത്രി

By: Web Desk | Thursday 6 June 2019 8:24 PM IST


സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം തൃശൂര്‍, ചെമ്പൂച്ചിറ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ഭാവിതലമുറയെ ഇല്ലാതാകാന്‍ ശ്രമിക്കുന്ന ലഹരി മാഫിയയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പ്രവേശനോത്സവം തൃശൂരിലെ ചെമ്പൂച്ചിറ ഗവ. എച്ച് എസ് എസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഊര്‍ജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. വലിയ വേരുകളാണ് ഇവര്‍ക്കുളളത്. ഇത്തരക്കാരെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ പ്രചാരണം നടത്തി നേരിടും-മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. എന്നാല്‍ ഈ മാറ്റം എയ്ഡഡ് മേഖലയില്‍ ഉണ്ടായിട്ടില്ല. എയ്ഡഡ് മേഖലയുടെ അഭിവൃദ്ധിക്കായി ചെലവാകുന്ന തുകയില്‍ ഒരു കോടി രൂപ വരെ നല്‍കാന്‍ തയ്യാറാണെന്ന സര്‍ക്കാറിന്റെ വാഗ്ദാനം എത്ര എയ്ഡഡ് വിദ്യാലയങ്ങള്‍ പാലിച്ചു എന്നത് പരിശോധിക്കണം. അഭിവൃദ്ധിപ്പെടാത്ത തുരുത്തുകളായി മാറാന്‍ ഒരു എയ്ഡഡ് വിദ്യാലയത്തേയും അനുവദിക്കരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. കുട്ടികളെ പ്രതികരണ ശേഷിയുളളവരാക്കി മാറ്റാന്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍ നിര്‍മ്മിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ഒന്നാംതരം മുതല്‍ 12 ാം തരം ഒറ്റ യൂണിറ്റ് എന്ന സങ്കല്‍പം വിദ്യാലയങ്ങളില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്നും അക്കാദമിക മികവ് കൈവരിക്കാര്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജൈവപച്ചക്കറി വ്യാപിക്കാനുളള പദ്ധതികള്‍ മുന്നോട്ട് പോകുന്നുവെന്നും വിദ്യാലയങ്ങളിലെ കാര്‍ഷിക ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പ്രവേശനം നേടിയ കുട്ടികളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വരവേറ്റതോടെയാണ് പ്രവേശനോത്സവ പരിപാടികള്‍ക്ക് തുടക്കമായത്.

എംഎല്‍എ മാരായ ഇ ടി ടൈസണ്‍, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ടി വി അനുപമ, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം എ ലാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ജെസി ജോസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണന്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News