Web Desk

തിരുവനന്തപുരം

November 19, 2021, 12:04 pm

ശബരിമല തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും സർക്കാർ സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

Janayugom Online

ശബരിമല തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും ഈ സർക്കാർ സംരക്ഷിക്കുമെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കൊടിയ മഴക്കെടുതികൾക്കിടയിലും കോവിഡ് ഭീതികൾക്കിടയിലുമാണ്‌ ശബരിമല മഹോത്സവം കൊടികയറിയത്‌. ഈ വർഷത്തെ മഹോത്സവത്തിനായി സർക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. വെർച്ച്വൽ ക്യൂ സംവിധാനം ശബരിമലയിലെ സുരക്ഷ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതൽ പേർക്ക് എത്താനായി സ്പോട്ട്ബുക്കിങ്ങ് സംവിധാനവും പ്രധാന ഇടത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലവസ്ഥ മൂലം ഈ ദിവസങ്ങളിൽ പമ്പാ സ്‌നാനം നടത്താൻ കഴിയില്ല. മഴയൊഴിഞ്ഞു പമ്പാ നദിയിലെ നീരൊഴുക്ക് കുറയുന്നതോടെ ഇതും അനുവദിക്കാവുന്നതാണ്. കാനനപാതയിലൂടെയുള്ള യാത്രയും പ്രതികൂല കാലാവസ്ഥയിൽ ഏറെ ദുഷ്‌കരമാണ്. യഥാർത്ഥ വിശ്വാസികളായ അയ്യപ്പഭക്തർ ഇതൊക്കെ മനസ്സിലാക്കി ശബരീശനെ കണ്ട് സുരക്ഷിതരായി മടങ്ങും.

 

തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും ഈ സർക്കാർ സംരക്ഷിക്കും.കോവിഡ് മഹാമാരിയിൽ വലഞ്ഞ ക്ഷേത്രപരിസരങ്ങളെ അർത്ഥം കൊണ്ടും ആളുകൊണ്ടും സഹായിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ ദേവസ്വം മന്ത്രിയായി ചുമതലയേറ്റതു മുതൽ 11 യോഗങ്ങളാണ് ശബരിമല മഹോൽസവത്തിന്റെ മുന്നൊരുക്കങ്ങൾക്കായി നടത്തിയത്. വനം, ഗതാഗതം, ആരോഗ്യം, ജലവിഭവം, റവന്യൂ, ടൂറിസം, പൊലീസ് തുടങ്ങിയ വകുപ്പുകളെ ഒന്നിച്ചണിനിരത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിൽ നേരിട്ടു പോയി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയത് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് തവണ യോഗങ്ങളിൽ പങ്കെടുത്ത് നിർദേശങ്ങൾ നൽകി. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 131.6 കോടി രൂപ കൈമാറി. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച് കോവിഡ് — മഴക്കെടുതി സാഹചര്യങ്ങളിലും എൽഡിഎഫ് സർക്കാർ ചെ‌യ്‌ത കാര്യങ്ങൾ വിശദീകരിച്ചു. ഇതര സംസ്ഥാന അയ്യപ്പ ഭക്തന്മാർക്ക് അതത് ഭാഷകളിൽ ഇത്തവണത്തെ സുരക്ഷാ നിയന്ത്രണങ്ങളും സൗകര്യങ്ങളും വിശദീകരിക്കാൻ നിർദേശിച്ചു.

 

മഹോത്സവത്തിന്റെ ഭാഗമായി ആവശ്യമായ ജീവനക്കാരെ വിന്യസിച്ചു. ഇതിനു പുറമേ ശബരിമല മഹോത്സവ നടത്തിപ്പിന് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 10 കോടി രൂപ കൈമാറി. കൂടാതെ അടിയന്തിര ആവശ്യങ്ങൾക്കായി കോട്ടയം, പത്തനംതിട്ട കളക്ട‌ർമാർക്ക് 10 ലക്ഷം രൂപ വീതവും ഇടുക്കി കളക്‌ടർക്ക് 6 ലക്ഷം രൂപയും കൈമാറി.കൂടുതൽ തുക ആവശ്യമെങ്കിൽ ഇനിയും നൽകും. ശബരിമലയിലെത്തുന്ന ഭക്തർ ഏതെങ്കിലും വിധത്തിൽ മരണപ്പെട്ടാൽ നാട്ടിലെത്തിച്ച് കർമ്മങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന്റെ കൈത്താങ്ങായി 5000 രൂപ വീതം നൽകാന്‍ പത്തനംതിട്ട കളക്ടർക്ക് പണം കൈ മാറിയിട്ടുണ്ട്.
ദേവസ്വം മന്ത്രിയെന്ന ചുമതലയിൽ ഈ വർഷത്തെ തീർത്ഥാടനം തുടങ്ങിയ വൃശ്ചികം ഒന്നിനു തന്നെ ശബരിമല സന്നിധാനത്തെത്തി ഒരുക്കങ്ങൾ കണ്ട് ബോധ്യപ്പെട്ടു. ശബരിമല തന്ത്രിയെയും ശബരിമല — മാളികപ്പുറം മേൽശാന്തിമാരെയും നേരിൽ കണ്ട് സംസാരിച്ചു. ഈ പ്രതികൂല സാഹചര്യങ്ങളിലും സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ എല്ലാവരും പൂർണ്ണ തൃപ്‌തരാണ്. നട തുറക്കുമ്പോൾ ശ്രീകോവിലിനു മുന്നിൽ എത്തി, ശബരീശനെ കണ്ട് മടങ്ങി… എല്ലാ തീർത്ഥാടകർക്കും സുരക്ഷിതമായൊരു തീർത്ഥാടന കാലം ആശംസിക്കുന്നു. കുറവുകൾ എന്തെങ്കിലും കണ്ടാൽ നമുക്കൊന്നിച്ച് പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry: gov­ern­ment will pro­tect reli­gious inter­ests of the Sabari­mala pilgrims

you may also like this video;