പ്രേംജിയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കും

Web Desk
Posted on July 23, 2019, 9:35 am

തൃശൂര്‍: സാമൂഹ്യ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പ്രേംജിയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായ പ്രേംജിയുടെ പൂങ്കുന്നത്തെ ഈ ‘ചരിത്രഭവനം’ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് ഇന്നലെ വീട് സന്ദര്‍ശിച്ചശേഷം മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പുരാവസ്തു വകുപ്പും സാംസ്‌കാരിക വകുപ്പുമായി ചര്‍ച്ച നടത്തി വീടും പറമ്പും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ മാവ് വീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് നടപടി. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞതും പ്രേംജി നാടകങ്ങളെഴുതിയതും സാഹിത്യകാരന്മാര്‍ ഒത്തുചേര്‍ന്നിരുന്നതുമായ വീടാണിത്. പ്രേംജി അഭിനയിച്ച ചില സിനിമകളുടെ ലൊക്കേഷനുമായിരുന്നു ഈ വീട്. നടന്‍ പി ജെ ആന്റണി, സംഗീത സംവിധായകന്‍ ബാബുരാജ്, എം എസ് നമ്പൂതിരി, ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ശ്രീധരമേനോന്‍, വയലാര്‍ രാമവര്‍മ, ഉറൂബ്, എസ് കെ പൊറ്റക്കാട്, ആറ്റൂര്‍ രവിവര്‍മ തുടങ്ങിയവര്‍ ഇവിടെ നിത്യസന്ദര്‍ശകരുമായിരുന്നു.

വി ടി ഭട്ടതിരിപ്പാടുമായി ചേര്‍ന്ന് സാമൂഹ്യപരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ്, വിധവയായ ആര്യ അന്തര്‍ജനത്തെ പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാട് വിവാഹം കഴിക്കുന്നത്. അന്ന് കോഴിക്കോട്ട് ജോലി ചെയ്തിരുന്ന അദ്ദേഹം തൃശൂര്‍ മംഗളോദയം പ്രസിലേക്ക് ജോലി മാറിയെത്തിയപ്പോള്‍ വാങ്ങിയതാണ് പൂങ്കുന്നം റയില്‍വേ സ്റ്റേഷന് സമീപത്തെ ഈ വീട്. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകാടിന്റെ ‘നമ്മളൊന്ന്’, കെ ദാമോദരന്റെ ‘പാട്ടബാക്കി’, തുടങ്ങിയ നാടകങ്ങളുടെ റിഹേഴ്‌സല്‍ ഈ വീടിന്റെ മുറ്റത്തായിരുന്നു. ഇന്ത്യയിലെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് വരെ നേടിയ പ്രേംജിയുടെ മരണശേഷം ആര്യ 10 വര്‍ഷം ഇവിടെ താമസിച്ചു. പിന്നീട്, മകനും എഴുത്തുകാരനുമായ നീലന്റെയൊപ്പം തിരുവനന്തപുരത്തേക്കു പോയി. നാല് വര്‍ഷം മുന്‍പ് ആര്യ മരിച്ചു. മറ്റൊരു കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വീടിന്റെ ഒരുവശത്തെ ഓടുകളും ഷീറ്റും തകര്‍ന്ന നിലയിലാണ്. മുറികളും വരാന്തയും ചോര്‍ന്നൊലിക്കുന്നുണ്ട്. ഉള്ളിലെ ചുവരുകള്‍ തകര്‍ന്നുവീഴാറായനിലയിലാണ്.