സോണിയ ഗാന്ധിക്കും മക്കൾക്കും നൽകി വന്നിരുന്ന എസ്‌പിജി സുരക്ഷ പിൻവലിച്ച് കേന്ദ്രം

Web Desk
Posted on November 08, 2019, 5:23 pm

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കൾക്കും നൽകി വന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലാതെ എസ്‌പിജി സുരക്ഷ നൽകുന്നത് നെഹ്റു കുടുംബത്തിനു മാത്രമാണ്. സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കാണ് എസ്‌പിജി സുരക്ഷയുള്ളത്. ഇവരുടെ എസ്‌പിജി സുരക്ഷയാണ് കേന്ദ്രം പിൻവലിച്ചത്. ഇതു സംബന്ധിച്ച് നെഹ്റു കുടുംബത്തിന് അറിയിപ്പ് നൽകിയെന്നാണു സൂചന. ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാകുക.

അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് സർക്കാരിന്റെ തീരുമാനം. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിൻവലിച്ച് പകരം സിആർപിഎഫിന്റെ സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നിലവിലെ സാഹചര്യത്തിൽ നെഹ്‌റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷയും ഒഴിവാക്കിയിരുന്നു. ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാർക്കും മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) രൂപീകരിച്ചത്. 1988‑ലാണ് എസ്‌പിജി നിയമം പാർലമെന്റ് പാസാക്കിയത്. എന്നാൽ നിയമത്തിൽ ഭേദഗതി വന്നതോടെ എല്ലാ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുറഞ്ഞത് പത്തു വർഷത്തേക്ക് എസ്‌പിജി സുരക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു.

പ്രത്യേക പരിശീലനം ലഭിച്ച സ്പഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ സ്‌നിപ്പർ ഡോഗുകളും ബോംബ് സ്‌ക്വാഡ് വിദഗ്ധരും ഉൾപ്പെടുന്നു, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടങ്ങുന്നതാണ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്.