23 April 2024, Tuesday

മഹാമാരിക്കിടയിലും ജനങ്ങളോടുള്ള വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ; 100 ദിന കർമ പദ്ധതിയില്‍ നിരവധി പേര്‍ക്ക് തൊഴില്‍

പുളിക്കല്‍ സനില്‍രാഘവന്‍
September 13, 2021 10:59 am

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ കോവിഡ് മഹാമാരിയുടെ നടുവിലും, സാമ്പത്തിക ബുദ്ധിമുട്ട് ഏറുമ്പോഴും 100 ദിന കര്‍മ്മ പദ്ധതിയിലൂടെ .ജനങ്ങളോടു പറഞ്ഞ വാക്കുകള്‍ പാലിച്ചിരിക്കുന്നു. 2021 ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഒരോ വകുപ്പുകളിലൂടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകിയത്. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സംസ്ഥാന സർക്കാരിന്റെ നുറുദിന കർമ പദ്ധതിയിൽ 90 ‌ദിവസംകൊണ്ട്‌ അരലക്ഷത്തിലധികം(58,301) പേർക്ക്‌ തൊഴിൽ ഉറപ്പാക്കി. ഇതിൽ 1504 നിയമനവും നടന്നു. ഒമ്പത്‌ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നടന്നതിൽ പകുതിയും സ്ഥിരംനിയമനമാണ്‌.

 


ഇതുംകൂടി വായിക്കുക;എൽഡിഎഫ് പ്രകടനപത്രിക വാഗ്ദാനങ്ങൾ നടപ്പാക്കാന്‍ 100 ദിനപരിപാടി


 

സംരംഭകത്വ മേഖലയിൽ മാത്രം 56,797 അവസരവും സൃഷ്ടിച്ചു. 10 വകുപ്പിന്‌ കീഴിലെ സ്ഥാപനങ്ങൾ സംരംഭകത്വ പ്രോത്സാഹന പദ്ധതി എറ്റെടുത്തു. ഇതിന്റെ ഭാഗമായി 11,151 പുതിയ യൂണിറ്റുകൾക്കാണ്‌ വായ്‌പ നൽകിയത്‌. തദ്ദേശഭരണ വകുപ്പിൽ 220, കേരള ബാങ്കിൽ 13, സഹകരണ വകുപ്പ്‌ 25, മൃഗസംരക്ഷണ വകുപ്പ്‌ ഏഴ്‌, ഫിഷറീസ്‌ വകുപ്പ്‌ മൂന്ന്‌, വ്യവസായ വകുപ്പ്‌ 18, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ ഒമ്പതും സ്ഥിരനിയമനം നടത്തി. കുടുംബശ്രീവഴി 108 ഉം, ഫിഷറീസ്‌ വകുപ്പിൽ 30 ഉം താൽക്കാലിക നിയമനവും നടന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ മാത്രം 973 നിയമനം നടന്നു. സഹകരണ മേഖലയാണ്‌ പദ്ധതിയിൽ മുന്നിൽ. കേരള ബാങ്കും സഹകരണ ബാങ്കും ചേർന്ന്‌ 12,141 അവസരവും സൃഷ്‌ടിച്ചു. ഉൾനാടൻ മത്സ്യമേഖലയിൽ ഫിഷറീസ്‌ വകുപ്പിന്റെ അക്വാകൾച്ചർ യൂണിറ്റുകളിൽ 10,774ഉം, ഖാദി ബോർഡിൽ 10,896ഉം കുടുംബശ്രീവഴി 5298 പേർക്കും ജോലിയായി. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സഹായത്തിൽ 2024ഉം പിന്നോക്ക സമുദായ വികസന കോർപറേഷൻ 8057ഉം തൊഴിലവസരവും സൃഷ്‌ടിച്ചു. സൈബർ പാർക്ക്‌, ഇൻഫോപാർക്ക്‌, ടെക്‌നോപാർക്ക്‌ എന്നിവ വഴി 1876 പേരും തൊഴിൽ നേടി. നൂറു ദിന കര്‍മ്മപരിപാടിയിലൂടെ നടപ്പാക്കുന്നത്നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികളാണ്. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും. കാർഷികമേഖലയിൽ ഉൽപാദന വർദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.


ഇതുംകൂടി വായിക്കുക;100 ദിന പദ്ധതി: മൂന്നാഴ്ചയില്‍ കാൽലക്ഷം പേർക്ക്‌ തൊഴിലായി ; സ്ഥിരം നിയമനം‌ മൂവായിരത്തിൽപ്പരം


നൂറു ദിന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കി. വൻ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ കെ ഐ). ഇതിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമ്മൻ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് (എ ഐ ഐ ബി) എന്നിവയിൽ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോൾ ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും.പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ്‌ വർധന. ഇത്തവണ 28,492 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്‌. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത്‌ കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ്‌ ഇത്രയും കുട്ടികൾ ഒന്നാം ക്ലാസിൽ എത്തുന്നത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പ്രഖ്യാപിച്ച ശേഷം 2017–- 18 ൽ 12,798 വിദ്യാർഥികളാണ്‌ ഒന്നാം ക്ലാസിൽ അധികമായെത്തിയത്‌. 2019–- 20ൽ മുൻവർഷത്തേക്കാൾ 3422 കുട്ടികൾ കുറഞ്ഞു. 2020–- 21ൽ 8459 കുട്ടികൾ അധികമെത്തി. ഇതാണ്‌ 2021–- 22ൽ 28,492 ആയി ചരിത്രം കുറിച്ചത്‌. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ വിദ്യാർഥികൾ 2,76,932 ആയിരുന്നെങ്കിൽ ഇത്തവണ 3,05,414 ആയി. 2017–-18 മുതൽ 2020–- 21 വരെ പൊതുവിദ്യാലയങ്ങളിൽ വിവിധ ക്ലാസുകളിൽ 6.80 ലക്ഷം വിദ്യാർഥികൾ അധികമെത്തിയിരുന്നു. ഈ അധ്യയന വർഷം 2,24,642 വിദ്യാർഥികൾ എത്തി. മഹാമാരിക്കിടയിലും, കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയിലും കേരളീയ ജനതയെ നെഞ്ചോട് ചേര്‍ത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് .
eng­lish summary;government’s 100-day action plan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.