Monday
22 Apr 2019

സര്‍ക്കാരിന്റെ രക്ഷാദൗത്യം

By: Web Desk | Thursday 13 September 2018 10:33 PM IST


flood chegannur- janayugom
E Chandrasekharan

ഇ ചന്ദ്രശേഖരന്‍

നമ്മുടെ സംസ്ഥാനം ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തെയാണ് ദര്‍ശിച്ചത്. കാലവര്‍ഷം ആരംഭിച്ചത് തന്നെ ദുരന്തങ്ങള്‍ പെയ്താണ്. ആഗസ്റ്റ് മാസം മദ്ധ്യത്തോടെ പ്രളയത്തിന്റെ ഫലമായി വന്‍ കെടുതികളുണ്ടായി. ഈ ദുരന്തത്തെ മറികടക്കാനായി പൊതുജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെയുളള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നീണ്ടുനിന്ന കനത്ത മഴയാണ് ഈ പ്രളയത്തിന് കാരണമായി തീര്‍ന്നത്. മഴയുടെ തീവ്രത മനസിലാക്കികൊണ്ടു തന്നെ സംസ്ഥാന ഭരണകൂടം പ്രാരംഭ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. കാലവര്‍ഷക്കെടുതിയില്‍ 488 പേരുടെ ജീവന്‍ നഷ്ടമായി. 14,50,707 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു.

കാലവര്‍ഷം മുന്നില്‍കണ്ട് അതിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. മെയ് മാസം മദ്ധ്യത്തോടെ തന്നെ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും യോഗം ചേര്‍ന്ന് മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. റവന്യു വകുപ്പ് ഇതോടനുബന്ധിച്ച് 45 ഇനം അടിയന്തിര നടപടികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. മെയ് 16 ന് വീണ്ടും റവന്യു വകുപ്പ് മന്ത്രിയെന്ന നിലയില്‍ ജില്ലാ കളക്ടര്‍മാരുമായും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കോണ്‍ഫറന്‍സ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആദ്യഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജൂലായ് മാസം പകുതിയോടെ മഴ ശക്തമായ സാഹചര്യത്തില്‍ മന്ത്രി ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മെയ് 29 നാണ് കാലവര്‍ഷം ആരംഭിച്ചത്. എന്നാല്‍ കാലവര്‍ഷം ശക്തിപ്പെട്ടത് ജൂലായ് 9 മുതലാണ്. ജൂലായ് മദ്ധ്യത്തോടെ മഴ കനത്തു. കോട്ടയം, ആലപ്പുഴ, കുട്ടനാട് എന്നീ മേഖലകള്‍ വെള്ളത്തിനടിയില്‍ ആകുകയും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ജൂലായ് 27 ന് മുഖ്യമന്ത്രിയുടെയും റവന്യു വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ ഏകോപനം നടത്തുകയും ചെയ്തു.
കെടുതികള്‍ ശമിക്കുന്നു എന്നും മഴ കുറയുന്നു എന്നും ഉള്ള പ്രതീതികളെയും പ്രതീക്ഷകളെയും

തകിടം മറിച്ചുകൊണ്ട് ഓഗസ്റ്റോടുകൂടി മഴ കനത്തു. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് എറണാകുളത്ത് ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തരിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 10-ന് ആലുവയിലെ സ്ഥിതി കൂടുതല്‍ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങി. അന്നുതന്നെ വീണ്ടും എറണാകുളം ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തിര കരുതല്‍ രക്ഷാനടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറത്ത് നിലമ്പൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരണപ്പെടുകയുണ്ടായി. ഉരുള്‍പൊട്ടല്‍ ഉണ്ടായ എരുമമുണ്ട, മതില്‍മൂല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.

ശക്തമായി മഴ തുടരും എന്ന മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രം നല്‍കിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. കൂടാതെ ദുരന്ത നിവാരണ അതോറിറ്റിയുടെയും യോഗം വിളിച്ചു ചേര്‍ത്ത് സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും അടിയന്തര തുടര്‍നടപടികള്‍ക്കായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത രക്ഷാസേന എന്നിവയുടെ സജീവ സാന്നിദ്ധ്യത്തോടെയും സഹായത്തോടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.
നമ്മുടെ ഭരണതലത്തില്‍ താഴെതലം വരെയും ശൃഖലയുള്ളത് റവന്യു വകുപ്പിനാണ്. റവന്യു വകുപ്പാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നടത്തിയത്. ജില്ലകളില്‍ എല്ലാ വകുപ്പിന്റെയും ഏകോപനം നടത്തുന്നത് ജില്ലാ കളക്ടര്‍മാര്‍ ആയതിനാല്‍ അടിയന്തിര സാഹചര്യം നേരിടേണ്ട ചുമതല നിര്‍വ്വഹിക്കേണ്ടത് റവന്യു വകുപ്പാണ്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഏകോപന സെല്‍ അടിയന്തിരമായി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും റവന്യൂ മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും സംസ്ഥാന കണ്‍ട്രോള്‍ റൂം ജില്ലാ കണ്‍ട്രോള്‍ റൂം വഴി അതത് സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുകയും ചെയ്തു. സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് റവന്യു സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന തല ഏകോപന സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കര-നാവിക-വ്യോമ സേനകള്‍, ബിഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന, സിആര്‍പിഎഫ്, ബിഎസ്എഫ്, ഐറ്റിബിഎഫ്, മത്സ്യത്തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ദുരന്ത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജനപ്രതിനിധികള്‍ രാപ്പകല്‍ പങ്കാളികളായി.
എല്ലാ ദിവസങ്ങളിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ രാവിലെയും വൈകുന്നേരവും അവലോകന യോഗങ്ങള്‍ മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ത്തു. എല്ലാ ദിവസങ്ങളിലും നടത്തിവന്നിരുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സ്ഥിതിവിവരക്കണക്കുകളും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വാര്‍ത്താ സമ്മേളനം വഴി പൊതു സമൂഹത്തെ അറിയിച്ചു കൊണ്ടിരുന്നു.
പ്രളയകാലത്ത് മന്ത്രിസഭ വിവിധ ഘട്ടങ്ങളിലായി യോഗം ചേരുകയും പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മേല്‍പറഞ്ഞ കാര്യങ്ങളില്‍ അടിയന്തിര യോഗം ചേരുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, മാത്യൂ റ്റി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം എല്ലാ അര്‍ത്ഥത്തിലും ഉചിതമായെന്നാണ് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായതിലൂടെ തെളിയിച്ചിരിക്കുന്നത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഓരോ മത്സ്യത്തൊഴിലാളിയെയും അഭിനന്ദിക്കാതെ വയ്യ. 928 ബോട്ടുകളിലായി 3000 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഏതാണ്ട് 65000 ദുരിത ബാധിതരെ രക്ഷപ്പെടുത്താന്‍ ഇവരുടെ പ്രയത്‌നങ്ങളിലൂടെ കഴിഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പിനെ സംബന്ധിച്ചുളള വിവരങ്ങള്‍ യഥാസമയം ജനങ്ങളെ അറിയിക്കാനുളള നടപടി സ്വികരിച്ചിരുന്നു. നദീതീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ മുന്‍കൂറായി തന്നെ നടത്തി. ഇതിനിടയില്‍ മഴ കൂടുതല്‍ ശക്തമായി മഹാപ്രളയാവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 10-ാം തീയതി മുതല്‍ പൊതു പരിപാടികള്‍ എല്ലാം റദ്ദുചെയ്ത് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി തിരുവനന്തപുരത്ത് തുടര്‍ന്നു. മഴ അതിശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 14 ഓടുകൂടി 27 അണക്കെട്ടുകള്‍ തുറന്നു വിടേണ്ട സാഹചര്യമുണ്ടായി. 444 വില്ലേജുകള്‍ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട തുരുത്തില്‍ കുടുങ്ങി കിടന്ന ധാരാളം പേരെ എയര്‍ ലിഫ്റ്റ് വഴി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഈ കൂട്ടത്തില്‍ ഒരു ഗര്‍ഭിണിയെ സാഹസികമായി രക്ഷപ്പെടുത്തി കൊച്ചിന്‍ നേവല്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ച കാഴ്ച നാം ടിവിയില്‍ കണ്ടതാണ്.

ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷണവും കുടിവെളളവും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി.ആഗസ്റ്റ് 17, 18 തീയതികളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 6.8 ടണ്‍ ഭക്ഷണ സാധനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ആഗസ്റ്റ് 18-ന് ഇന്ത്യന്‍ റയില്‍വെ ഒന്നര ലക്ഷം വെള്ളക്കുപ്പികളാണ് വിതരണത്തിനായി എത്തിച്ചത്.

ഓഗസ്റ്റ് 18-ാം തീയതി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, റവന്യൂ മന്ത്രിയും, ഹെലികോപ്റ്ററില്‍ ഇടുക്കി, എറണാകുളം തുടങ്ങിയ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ചില പ്രളയ ബാധിത പ്രദേശങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ അവിടെ പോകാന്‍ കഴിഞ്ഞില്ല. പ്രധാന മന്ത്രി പങ്കെടുത്ത യോഗത്തില്‍ കേരളത്തിന്റെ ആശങ്കളും ആവശ്യങ്ങളും ഉന്നയിക്കുകയുണ്ടായി. ആഗസ്റ്റ് 22-ാംതീയതി പ്രളയ ബാധിത പ്രദേശങ്ങളില്‍ റവന്യൂ മന്ത്രി സന്ദര്‍ശനം നടത്തി. 23-ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി ചെങ്ങന്നൂര്‍ ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയ ബാധിത മേഖലകളിലും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി. അടുത്ത ദിവസം ചങ്ങനാശ്ശേരി തലയോലപ്പറമ്പ് മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി റവന്യൂമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഓഗസ്റ്റ് 19-ന് രക്ഷാദൗത്യം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് 3879 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഈ ദുരിതാശ്വാസ ക്യാമ്പുകളില്‍ 391494 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുനരധിവാസത്തിനുവേണ്ടിയുളള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.വീടുകള്‍ താമസയോഗ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വീടുകളില്‍ താമസം തുടങ്ങുന്നതിനായി അടിയന്തര സൗകര്യം ഒരുക്കാനായി 10000 രൂപ സര്‍ക്കാര്‍ ഓരോ കുടുംബത്തിനും നല്‍കി വരികയാണ്. കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 6200 രൂപ വീതവുമാണ് നല്‍കുന്നത്. സെപ്തംബര്‍ 10-ലെ കണക്കനുസരിച്ച് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 816.62 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 408 കോടി രൂപയും വിതരണത്തിനായി അനുവദിച്ചു. വീടുകളില്‍ താമസം തുടങ്ങുന്നതിനായി അത്യാവശ്യ കിറ്റുകളുടെ വിതരണവും നല്ല തോതില്‍ പുരോഗമിച്ചു വരുന്നു. ഇതുവരെ 7,02,567 കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
ദുരന്തത്തെ മറികടക്കാനുളള ഏറ്റവും സുപ്രധാനമായ പ്രവര്‍ത്തനമാണ് പുനര്‍നിര്‍മാണം. ഇതിനായി ക്രിയാത്മകമായ ചര്‍ച്ചകളും ആഴത്തിലുളള പഠനവും അത്യാവശ്യമാണ്. ഈ പ്രളയം പാരിസ്ഥിതികമായ ചില വിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പരിസ്ഥിതി ലോലവും പ്രകൃതി ദുരന്ത ഭീഷണിയുളള സ്ഥലങ്ങളില്‍ നിന്നും ദുരിതബാധിതരെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇവിടെയുളളവര്‍ക്ക് വാസയോഗ്യമായ സ്ഥലത്ത് വീടുകളോ ഫ്‌ളാറ്റുകളോ നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുളള ഭൂമികണ്ടെത്താനുളള നടപടികള്‍ റവന്യൂവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. അപകട ഭീഷണിയുളള സ്ഥലങ്ങളില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പ്രളയത്തിന്റെ ദുരന്താവസ്ഥയില്‍ നിന്ന് ഒരു നവകേരളത്തെ സൃഷ്ടിക്കാനുളള യത്‌നത്തിലാണ് നാം. ഈ യത്‌നത്തില്‍ അകമഴിഞ്ഞ പിന്‍തുണയും സഹകരണവും നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. നമ്മുടെ സംസ്ഥാനം കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും അതിജീവനത്തിന്റെ ഒരു കേരള മാതൃക സമ്മാനിക്കാനുമുളള സഹകരണവും പിന്‍തുണയും എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.