16 April 2024, Tuesday

Related news

April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024
February 28, 2024

വിദ്വേഷ പ്രസംഗത്തില്‍ സര്‍ക്കാരുകള്‍ സ്വമേധയാ കേസെടുക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 11:49 pm

വിദ്വേഷ പ്രസംഗം നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗം മതേതര നിലപാടിന് കളങ്കം ചാര്‍ത്തുമെന്നും കോടതി പറഞ്ഞു. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്യുന്നവര്‍ക്കതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ മൗനം പാലിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 153എ, 153ബി, 295എ, 506 എന്നീ വകുപ്പുകൾ ചുമത്താവുന്ന തരത്തിൽ വിദ്വേഷ പ്രസംഗങ്ങളോ മറ്റു പ്രവൃത്തികളോ ശ്രദ്ധയിൽപ്പെട്ടാൽ പരാതിക്ക് കാത്തു നിൽക്കാതെ സ്വമേധയാ കേസെടുത്തിരിക്കണം എന്നാണ് നിർദേശം. 

വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചിലര്‍ നടത്തുന്ന വിദ്വേഷ പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്ന മതേതര കാഴ്ചപ്പാട് ആരും ലംഘിക്കാന്‍ പാടില്ല. കോടതിയുടെ നിർദേശങ്ങളെ ലാഘവത്തോടെ എടുക്കരുതെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ക്ക് കോടതി മുന്നറിയിപ്പ് നല്കി. 

എംപിമാരും എംഎൽഎമാരും ഇരിക്കുന്ന വേദികളിലെ വിദ്വേഷ പ്രസംഗങ്ങളിൽ പോലും നടപടി എടുക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനത്തും ഇത്തരം പ്രസംഗംങ്ങള്‍ നീരിക്ഷിച്ച് നടപടിയെടുക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യം പരിശോധിക്കണമെന്നു് കോടതി അഭിപ്രായപ്പെട്ടു.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയുള്ള വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ ഏത് വകുപ്പ് അനുസരിച്ച് കേസ് നടത്തണമെന്ന് മജിസ്ട്രേറ്റ് തീരുമാനിക്കുമെന്നും കേസില്‍ ഹൈക്കോടതി നീരിക്ഷണം നടത്തുമെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. രാഷ്ട്രീയമില്ലാത്ത നിയമപാലകരാണ് ജഡ്ജിമാരെന്നും പാര്‍ട്ടി എ എന്നോ ബി എന്നോ ഉള്ള വിവേചനം ജഡ്ജിമാര്‍ പുലര്‍ത്താറില്ലെന്നും ഭരണഘടനയാണ് ജഡ്ജിമാരുടെ മനസില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നേരത്തെ നല്കിയ നിര്‍ദേശം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയാണ് കോടതി ഉത്തരവ്. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉത്തരവ് ബാധകമാണ്.
വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം ഏതെന്ന് നോക്കാതെ നടപടിയെടുത്താൽ മാത്രമേ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി നിലനിർത്താൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Gov­ern­ments should vol­un­tar­i­ly pros­e­cute hate speech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.