തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള വെല്ലുവിളി ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇതുവരെ ഒരു ഗവർണറും ചെയ്യാതിരുന്ന ചാനൽചർച്ചയ്ക്കുപോലും തയ്യാറായ കേരള ഗവർണർ ഇന്നലെയും മാധ്യമങ്ങളെ വിളിച്ചുകൂട്ടി. സംസ്ഥാന സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്നും സർക്കാർ തീരുമാനങ്ങൾ എടുക്കുമ്പോൾ ഗവർണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും ഇന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. നേരത്തേ നിയമപോരാട്ടം തെറ്റല്ലെന്ന് പറഞ്ഞ ആരിഫ് ഡൽഹിയിൽ പോയി തിരിച്ചുവന്നതിന് ശേഷം ഇന്നലെ നിലപാട് മാറ്റി. പൗരത്വഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ താൻ അവ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നുമായിരുന്നു ഇന്ന് അദ്ദേഹം പറഞ്ഞത്. താൻ കാഴ്ചക്കാരനല്ലെന്നും ചട്ടവും നിയമവും ഉറപ്പ് വരുത്താൻ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ പറഞ്ഞു.
ഭരണഘടനയും നിയമവും അനുസരിച്ചേ തീരുവെന്നും ഗവർണർ ആവർത്തിച്ചു. കോഴിക്കോട്ടെ പരിപാടി സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ചാണ് റദ്ദാക്കിയതെന്നും ഗവർണർ വ്യക്തമാക്കി. തന്നെ വിമർശിക്കുന്നവർ നിയമം നോക്കട്ടെയെന്നും ഗവർണർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെക്കുറിച്ച് ഗവർണർ കാര്യങ്ങൾ വ്യക്തമാക്കുന്നതിന് വാർത്താ സമ്മേളനം നടത്തിയതിനെതിരെ സംസ്ഥാനത്ത് മന്ത്രിമാരുൾപ്പെടെയുള്ളവർ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആരാഞ്ഞത്. സുപ്രീം കോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവർണറെ അറിയിക്കണമെന്നും കത്തിൽ പറയുന്നു. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് ഗവർണറുടെ വാദം. എത്രയും വേഗം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു. കത്ത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ പരിശോധനയ്ക്ക് വന്നേക്കും.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയ ശേഷം ഗവർണർക്ക് മറുപടി നൽകാനാണ് സർക്കാർ തീരുമാനം. ഭരണഘടന പ്രകാരമോ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടമനുസരിച്ചോ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണനിർവഹണവുമായി ബന്ധപ്പെട്ടും നിയമനിർമ്മാണം സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അനുഛേദം 131 എന്നത് സംസ്ഥാനത്തിനുള്ള അധികാരമാണ്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ ബാധിക്കാത്തവിധം സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്തുന്നതാണിത്. ഇതനുസരിച്ചാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
English summary: Kerala governor against the state again
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.