രാജമല ദുരന്തം; മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

Web Desk

തിരുവനന്തപുരം

Posted on August 12, 2020, 5:35 pm

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ രാവിലെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തിയ ശേഷം റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക.

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ മുതല്‍ നടത്തിയ തെരച്ചിലില്‍ പെട്ടിമുടി പുഴയിലെ ഗ്രാവല്‍ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 55 ആയി. ഒരു ആണ്‍കുട്ടിയുടെ മൃതദേഹവും മറ്റ് രണ്ട് പേരുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ലക്ഷണശ്രീ (10),നബിയ (12) എന്നിവരെയാണ് തിരിച്ചറിഞ്ഞത് ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. അപകടത്തില്‍പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുളളത്. ഇനി കണ്ടെത്താനുളളത് ഏറെയും കുട്ടികളാണ്.

പെട്ടിമുടിയിലെ വിവിധ ഭാഗങ്ങളില്‍ പല ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്‌. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ് രക്ഷാപ്രവർത്തകർ. തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Eng­lish sum­ma­ry: Gov­er­nor and CM will vis­it pet­ty­mu­di
You may also like this video: