ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ

Web Desk

തിരുവനന്തപുരം

Posted on January 16, 2020, 10:43 pm

തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം കൂട്ടുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇത്തരം വിഷയങ്ങൾ നിയമസഭയിൽ കൊണ്ടു വന്നു വേണം ചർച്ച ചെയ്യാനെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗവർണർ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. ഓർഡിനൻസ് ലഭിച്ച സാഹചര്യത്തിൽ സർക്കാരിനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തതെന്നും ഗവർണർ പറഞ്ഞു. പൗരത്വ നിയമത്തിലെ തന്റെ നിലപാടുകളുമായി ഈ വിഷയത്തിനു ബന്ധമില്ല. ആരും നിയമത്തിനു മുകളിലല്ല. ഈ മാസം അവസാനം നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓർഡിനൻസെന്നും ഗവർണർ ചോദിച്ചു.

പൗരത്വ നിയമത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണ്. താൻ അറിയാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെങ്കിലും തന്നെ അറിയിക്കേണ്ടതായിരുന്നു. താൻ റബർ സ്റ്റാമ്പ് അല്ലെന്ന് പറഞ്ഞ ഗവർണർ, സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ സമയമായതിനാലും, ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്ക്കേണ്ടത് ആവശ്യമായതിനാലുമാണ് തദ്ദേശ സ്വയംഭരണ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയത്. ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുൻസിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യുന്നതിനുവേണ്ടിയാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്തതും. വാർഡ് വിഭജനം സെൻസസ് നടപടിക്രമത്തെ ബാധിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയും ഗവർണർ പിടിവള്ളിയാക്കി.

Eng­lish sum­ma­ry: Gov­er­nor Arif Moham­mad Khan refus­es to sign ordi­nance for increas­ing the num­ber of local wards

you may also like this video