സംസ്ഥാന സർക്കാരുമായുള്ള പരസ്യമായ തർക്കങ്ങളും വെല്ലുവിളികളും അവസാനിപ്പിച്ച് വെടിനിർത്തൽ സൂചനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികൾക്കെതിരെ പരസ്യമായി ഇടഞ്ഞ ഗവർണർ, കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധങ്ങൾ അനുദിനം ശക്തമാകുന്നത് കണക്കിലെടുത്താണ് നിലപാട് മയപ്പെടുത്തി വരുന്നത്. ഗവർണറാണ് സർവ്വാധികാരി എന്ന നിലയുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ അദ്ദേഹത്തിന് തൊട്ടുമുമ്പ് ഗവർണർ പദവിയിലിരുന്ന ജസ്റ്റീസ് പി സദാശിവം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ തലമുതിർന്ന നേതാവും കേരളത്തിലെ ഏക എംഎൽഎയുമായ ഒ രാജഗോപാൽ, ഗവർണറുടെ അതിരുകടന്ന പ്രസ്താവനകളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിൽ നിന്ന് വിരമിച്ചയുടൻ ബിജെപി നോമിനിയായി കേരള ഗവർണർ സ്ഥാനത്തെത്തിയതാണ് പി സദാശിവം. സർക്കാരിന്റെയും ഗവർണർ പദവിയുടെയും അധികാരാവകാശങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന നിയമജ്ഞൻ കൂടിയായതിനാൽ അദ്ദേഹത്തിന്റെ വാക്കുകളും ആരിഫ് മുഹമ്മദ് ഖാനെയും ബിജെപിയെയും തളർത്തുകയാണ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സർക്കാരുമായുള്ള തുറന്ന ഏറ്റുമുട്ടൽ ഒഴിവാക്കുകയാണെന്ന സൂചനകൾ നൽകുന്ന പ്രസ്താവന അദ്ദേഹം ഇന്നലെ പാലക്കാട്ട് നടത്തിയത്. സർക്കാരുമായി പരസ്യമായ ഏറ്റുമുട്ടലിനില്ലെന്നും തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടനയിൽ സംവിധാനങ്ങളുണ്ടെന്നും ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിലപാട്.
പൗരത്വപ്രശ്നം പാർലമെന്റിന്റെ പരമാധികാരമാണ്. നിയമം ഭരണഘടനാ വിരുദ്ധമാണെങ്കിൽ കോടതിയിലാണ് അത് ചോദ്യം ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത് തെറ്റാണെന്നായിരുന്നു ഗവർണർ നേരത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നത്. ഈ നിലപാടാണ് ഇന്നലെ പാലക്കാടുവച്ച് മാധ്യമങ്ങൾക്ക് മുന്നിൽ തിരുത്തിയത്. ഒരുദിവസം മുമ്പ് ജയ്പുരിൽ നടത്തിയ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു. അതേസമയം, ആരിഫ് ഖാന്റെ അതിരുകടന്ന പ്രസ്താവനകളും വാർത്താസമ്മേളനങ്ങളും ബിജെപിക്ക് ദോഷം ചെയ്യുമെന്നതാണ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം ആരിഫ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം.
നരേന്ദ്രമോഡി, അമിത്ഷാ എന്നിവരെ പ്രീതിപ്പെടുത്താൻ ഗവർണർ നടത്തുന്ന അമിതാവേശ പ്രകടനങ്ങൾ നിയമസഭയ്ക്കകത്തും പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തുന്ന ക്യാമ്പയിന് ജനങ്ങളിൽ നിന്നുള്ള എതിർപ്പുകൾക്ക് പുറമെ ഗവർണർക്കെതിരെയുള്ള പ്രതിഷേധത്തെ കൂടി ബിജെപിക്ക് നേരിടേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ നിന്ന് പ്രസംഗം പാതി നിർത്തി ഇറങ്ങിപ്പോകേണ്ടിവന്ന ഗവർണറെ ഭരണ‑പ്രതിപക്ഷ യുവജനസംഘടനകൾ അടക്കം വഴിയിൽ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് അങ്കംവെട്ടിലെത്തിനിൽക്കേയാണ് ഈ പ്രശ്നങ്ങളെന്നതും ബിജെപിയെ അലട്ടുന്നു.
English Summary: Governor arif muhammed ghan and kerala government conflict issue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.