Saturday
14 Dec 2019

വിസിയേയും പിഎസ് സി ചെയര്‍മാനേയും ഗവര്‍ണര്‍ വിളിപ്പിച്ചു

By: Web Desk | Friday 19 July 2019 2:49 PM IST


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. അതേസമയം വിസിയോടൊപ്പം പിഎസ് സി ചെയര്‍മാനേയും ഗവര്‍ണര്‍ രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കേളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നത് വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ്.

ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സര്‍വകലാശാല പരീക്ഷപേപ്പര്‍ പ്രതിയുടെ വീട്ടില്‍നിന്നും ലഭിച്ചതും പ്രശ്നത്തെ സങ്കീര്‍ണമാക്കിയിട്ടുണ്ട്.  ഈ വിഷയത്തില്‍ വ്യക്തത തേടാനാണ് പിഎസ് സി ചെയര്‍മാനെ ഗവര്‍ണര്‍ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

അതിനിടെ പ്രശ്‌നത്തില്‍ ഗവര്‍ണറുടെ നിലപാടിനെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു.
ഗവര്‍ണര്‍ ഇങ്ങനെ പാറക്കല്ല് പോലെയിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഗവര്‍ണര്‍ ആക്ട് ചെയ്യണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബിജെപി വക്താവ് പറഞ്ഞു.

നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related News