June 5, 2023 Monday

Related news

April 28, 2023
April 18, 2023
March 4, 2023
November 20, 2022
November 17, 2022
November 9, 2022
October 28, 2022
October 21, 2022
September 18, 2022
August 24, 2022

ദേശീയ ചരിത്ര കോൺഗ്രസിലെ പ്രതിഷേധം; വിശദീകരണവുമായി ഗവര്‍ണർ, വിസിയെ വിളിപ്പിച്ചു

Janayugom Webdesk
December 28, 2019 3:02 pm

കണ്ണൂർ: ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിനിധികളും വിദ്യാര്‍ഥികളും. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം നാലു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളാണ്. വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വിശദീരകണവുമായി എത്തിയിരിക്കുകയാണ് ഗവർണർ. ജനകീയ പ്രക്ഷോഭങ്ങളോട് പ്രതികരിച്ചാൽ വിപരീദ ഫലമുണ്ടാകുമെന്നും ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്നായപ്പോൾ ആണ് താൻ പ്രതികരിച്ചതെന്നും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസിനെത്തിയ പ്രതിനിധികൾക്ക് അസഹിഷ്ണുതയാണ്. അതിനാലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും വിവാദങ്ങളുണ്ടാക്കുക തന്‍റെ ലക്ഷ്യമായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവർണർ വിമർശനം നടത്തുന്നത്. അതേസമയം, കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറെ ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കാൻ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ മുഴുവൻ കൈമാറാൻ ഗവർണർ നിർദേശിച്ചു.

പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരൻമാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു.

തുടർന്ന് കയ്യിലുള്ള കടലാസുകളിൽ ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി.”

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണറോട് ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.