മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് ഗവർണറുടെ ക്ഷണം

Web Desk
Posted on November 10, 2019, 8:49 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ശിവസേനയ്ക്ക് ഗവർണറുടെ ക്ഷണം. തിങ്കളാഴ്ച രാത്രി 7.30വരെ ശിവസേനയ്ക്ക് ഗവർണർ ഭഗത് സിഭ് കൊഷിയാരി സമയം അനുവദിച്ചു. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി എന്ന നിലയിലാണ് സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ശിവസേനയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ദേന്ദ്രേ ഫഡ്നാവിസ് ഗവർണർക്ക് കത്ത് നൽകിയത്. സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ബിജെപി തീരുമാനമെടുത്തത്. ശിവസേനയുമായുള്ള സഖ്യം അവസനാപ്പിക്കുന്നതായും ബിജെപി വ്യക്തമാക്കി. ശിവസേന പിന്നിൽ നിന്ന് കുത്തിയെന്നും ബിജെപി ആരോപിച്ചു.

അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു. ജനഹിതം അവഗണിച്ച് കോൺഗ്രസിനും എൻസിപിക്കും ഒപ്പം സർക്കാർ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടിൽ പറഞ്ഞു.