Web Desk

December 29, 2019, 9:34 pm

ഗവര്‍ണര്‍ എന്ന ഏജന്റ് പ്രവോക്കേറ്റര്‍

Janayugom Online

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശനിയാഴ്ചത്തെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലെ പ്രകടനം അനുചിതവും കീഴ്‌വഴക്കങ്ങള്‍ക്ക് നിരക്കാത്തതും ഭരണഘടനാ സങ്കല്പങ്ങള്‍ക്കും രാജ്യത്തിന്റെ സഹകരണാത്മക ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവുമാണ്. രാജ്യത്തുടനീളം പ്രതിഷേധം ക്ഷണിച്ചുവരുത്തിയ പൗരത്വ ഭേദഗതി നിയമം, ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കി ജമ്മു-കശ്മീരിനെ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി, നിര്‍ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നീ മോഡി സര്‍ക്കാര്‍ നടപടികളെ ന്യായീകരിക്കാന്‍ ഖാന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ ശ്രമിക്കുകയുണ്ടായി.

ഇത് പ്രതിനിധികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം മൂര്‍ഛിച്ചതോടെ എഴുതി തയാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാകാതെ ഖാന് സ്ഥലം വിടേണ്ടി വന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനെപ്പറ്റിയും അതിന്റെ സ്വതന്ത്രസ്വഭാവത്തെയും പ്രവര്‍ത്തനശെെലി, രീതി എന്നിവകളെപ്പറ്റിയും അറിയാതെയല്ല ഖാന്‍ വിവാദ പ്രസംഗത്തിന് മുതിര്‍ന്നത്. മോഡി ഭരണത്തോടുള്ള ‘രാജഭക്തിയും’ വിധേയത്വവും ആവര്‍ത്തിച്ചു തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഖാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മോഡി ഭരണനയങ്ങളെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും നിശിതമായി എതിര്‍ക്കുന്ന സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ അസ്ഥിരീകരിക്കാനുള്ള ‘ഏജന്റ് പ്രവോക്കേറ്റര്‍’ (പ്രകോപന പ്രതിനിധി) എന്ന നിലയിലാണ് ഖാന്റെ നാളിതുവരെയുള്ള പ്രകടനം. ബിജെപിയുടെ ഉത്തര്‍പ്രദേശിലെ ‘അബ്ദുള്ളക്കുട്ടി’ ആകാനുള്ള പഠനത്തിലാണ് ഖാന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

താന്‍ ഗവര്‍ണറായി പ്രതിജ്ഞ ചെയ്തത് ഭരണഘടന സംരക്ഷണാര്‍ത്ഥമാണെന്നും അത് ഏത് വെല്ലുവിളികളും ഏറ്റെടുത്ത് നിര്‍വഹിക്കുമെന്നാണ് ഖാന്റെ വാദം. രാജ്യത്തെ കോടാനുകോടി പൗരജനങ്ങള്‍ അതെ ഭരണഘടനയെ, അതിന്റെ സമ്പൂര്‍ണ അര്‍ത്ഥത്തില്‍ സംരക്ഷിക്കാനാണ് തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത്. മോഡിസര്‍ക്കാര്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണഘടനയേയും ഭരണഘടനാ മൂല്യങ്ങളേയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധക്കാരോട് സംവാദത്തിന് മോഡി സര്‍ക്കാര്‍ ഇനിയും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഫലത്തില്‍ സ്വയം ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ ഇതര മാര്‍ഗങ്ങള്‍ ആരായുകയാണ് അവര്‍. സാക്ഷാല്‍ നരേന്ദ്രമോഡിക്കോ ആഭ്യന്തരമന്ത്രി അമിത്ഷായ്കോ സംവദിക്കാനോ, ന്യായീകരിക്കാനോ കഴിയാത്ത വിഷയത്തിലാണ് സംവാദ സന്നദ്ധതയുമായി ഖാന്‍ മു­ന്നോട്ടുവന്നിരിക്കുന്നത്. വിവാദ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുള്ള ഒരാള്‍പോലും സംവാദം ആഗ്രഹിക്കുന്നില്ല.

മറിച്ച് ആ നിയമം നിരുപാധികം പിന്‍വലിക്കലാണ് ആവശ്യം. ഭരണഘടനയുടെ സംരക്ഷണം ഗവര്‍ണറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ജനങ്ങളെ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനെ ഗവര്‍ണറുടെ വിവേകശൂന്യമായ നടപടികള്‍ക്ക് കഴിയു. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗവര്‍ണര്‍ വിട്ടുനില്‍ക്കണം. സംസ്ഥാനത്ത് കുഴപ്പം സൃഷ്ടിക്കാതെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരിക്കും ഉത്തമം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉടനീളം ദുരുപയോഗം ചെയ്യപ്പെട്ട ഭരണഘടനാ സ്ഥാപനമാണ്, ഗവര്‍ണര്‍ പദവി. ‘ആഡംബരപൂര്‍വമായ വൃദ്ധസദനം’ എന്ന് വിമര്‍ശകര്‍ പലരും പരിഹസിച്ചുപോന്നിട്ടുള്ള ഗവര്‍ണര്‍ പദവി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെയും സംസ്ഥാനങ്ങളുടെ സ്വതന്ത്ര സ്വയംഭരണാവകാശത്തിന്റെയും പരിമിതികളെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

കേന്ദ്രഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ഭരണഘടനാ തത്വങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇടപെടുകയും ജനാധിപത്യ സംവിധാനത്തെതന്നെ ഗവര്‍ണര്‍മാര്‍ അട്ടിമറിക്കുകയും ചെയ്ത നിരവധി സന്ദര്‍ഭങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഐക്യ കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി നെഹ്റു തുടക്കംകുറിച്ച ജനാധിപത്യ ധ്വംസനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്നു. ഭരണഘടനയേയും ജനാധിപത്യത്തേയും മതനിരപേക്ഷതയേയും അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി നിയമം പോലുള്ള പ്രതിലോമ നിയമനിര്‍മാണങ്ങളല്ല ഇന്ത്യക്ക് ഇന്ന് ആവശ്യം. മറിച്ച്, ഗവര്‍ണര്‍ പദവി പോലെ കാലഹരണപ്പെട്ടതും ജനാധിപത്യ ഇന്ത്യ എന്ന സങ്കല്പത്തിനു നിരക്കാത്തതുമായ കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഭരണഘടനയില്‍ നിന്നു തുടച്ചുനീക്കാനുള്ള നിയമനിര്‍മ്മാണങ്ങളാണ് ഇന്നിന്റെ ആവശ്യം.