Janayugom Online
N N Vohra, former Governor, Kashmir

എൻ എൻ വോറ അസന്തുഷ്ടനായി കശ്മീര്‍ വിട്ടു

Web Desk
Posted on August 28, 2018, 2:17 pm

ശ്രീനഗർ: ഒരു ദശകം ജമ്മു കശ്മീർ ഗവർണ്ണർ ആയിരുന്ന എൻ എൻ വോറ കേന്ദ്ര സർക്കാരും സൈനിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം അസന്തുഷ്ടനായി താഴ്വര വിട്ടു.

പുതുതായി നിയമിക്കപ്പെട്ട ഗവർണ്ണർ സത്യപാൽ മാലിക്കിനെ കാണാൻ പോലും നിൽക്കാതെ തിങ്കളാഴ്ച രാവിലെ വോറ കശ്മീരിനോട് വിട പറഞ്ഞു. പട്നയിൽ നിന്നും മാലിക് ഉച്ച കഴിഞ്ഞു എത്തുന്നത് കാത്തു നിൽക്കാതെ. വ്യാഴാഴ്ച സത്യപാൽ മാലിക്ക് ഗവർണ്ണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വോറ വിട്ടു നിന്നപ്പോൾ തന്നെ, അദ്ദേഹം അസന്തുഷ്ടനാണെന്ന സൂചന പുറത്തു വന്നിരുന്നു.

തന്റെ കാലാവധിയുടെ അവസാന രണ്ടു മാസങ്ങളിലാണ് വോറയ്ക്ക് സൈന്യവും കേന്ദ്ര സർക്കാരുമായി വിവിധ വിഷയങ്ങളിൽ വിയോജിപ്പുണ്ടായത്. ഇതോടെ, ഡിസംബറിൽ കശ്മീർ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ വോറ തുടരുന്നത് നടക്കാതെയായി.

കുൽഗാമിൽ ജൂലൈ 7 നു ഒരു കൗമാരക്കാരി ഉൾപ്പെടെ 3 നാട്ടുകാർ സൈന്യത്തിന്റെ വെടിവയ്പ്പിൽ മരിച്ചതാണ് സൈന്യവുമായി ഭിന്നതയ്ക്കു പ്രധാന കാരണം. അസ്വസ്ഥനായ വോറ പിറ്റേന്ന് കരസേനാ നോർത്തേൺ കമാൻഡ് ചീഫ് ലെഫ്. ജനറൽ രൺബീർ സിംഗിനെ വിളിപ്പിച്ചു. ഇരുവരും തമ്മിൽ സൈനിക നടപടിയെക്കുറിച്ചു വിയോജിപ്പുണ്ടായെന്നാണ് റിപ്പോർട്ട്. “നാട്ടുകാർ കൊല്ലപ്പെടുന്ന സൈനിക നീക്കങ്ങൾ ഒഴിവാക്കണം” എന്ന് വോറ ആവശ്യപ്പെട്ടു.

കുപ്‌വാരയിൽ ജൂലൈ 12 നു 22 കാരനായ കട ഉടമ ഖാലിദ് ഗഫാർ മാലിക് കൊല്ലപ്പെട്ടതിന്റെ പേരിൽ 307 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്താൻ വോറ ആവശ്യപ്പെട്ടതും സൈന്യത്തിന് അംഗീകരിക്കാവുന്നതായില്ല. സൈന്യത്തെ കല്ലെറിഞ്ഞെന്ന പേരിൽ കഴുത്തിൽ വെടിവച്ച് മാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു. വോറ എതിർത്തതോടെ ജനങ്ങൾ തിങ്ങി വസിക്കുന്ന ഇടങ്ങളിലേക്കുള്ള സൈനിക നീക്കങ്ങൾ താല്കാലികമായി നിലച്ചു.

 

കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ വകുപ്പ് സുപ്രീം കോടതി ഇപ്പോൾ കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് വോറ ആവശ്യപ്പെട്ടതാണ് ബിജെപി സർക്കാരിന്റെ ഇഷ്ടക്കേടിന് കാരണമായത്. കശ്മീരിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരും വരെ ഇത് പരിഗണിക്കരുതെന്നു വോറ കേന്ദ്രത്തിന് എഴുതി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു അദ്ദേഹം ഇതാവശ്യപ്പെടുകയും ചെയ്തു.

1999 ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തെ പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം വാങ്ങി 35 എ എടുത്തുകളയുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ വോറയ്ക്കു കഴിഞ്ഞിരുന്നു.

ഓഗസ്റ്റ് 21 നു കേന്ദ്ര നേതൃത്വത്തെ കാണുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ താൻ തുടരുമെന്ന് വോറ പ്രതീക്ഷിച്ചിരുന്നു.

മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെ തുടർന്ന് 2016 ൽ പിഡിപി- ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് വോറയാണ്. അന്ന് പിഡിപി യെയും നാഷണൽ കോൺഫറൻസിനെയും പിളർത്തി സർക്കാറുണ്ടാക്കാനുള്ള ബിജെപി ശ്രമം തടഞ്ഞതും വോറയാണ്.