ട്രംപിന് കനത്ത പ്രഹരം

Web Desk
Posted on November 09, 2017, 1:09 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ട്രംപ് നയങ്ങളെയും നിലംപരിശാക്കിയാണ് ന്യൂജേഴ്‌സിയിലും വിര്‍ജിനിയയിലും നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍മുന്നേറ്റം നടത്തിയത്. ട്രംപ് അധികാരത്തിലേറിയതിനുശേഷമുള്ള ആദ്യ സ്റ്റേറ്റ് തല തെരഞ്ഞെടുപ്പാണിത്. ട്രംപ് വിരുദ്ധതയെയും ദേശീയതയെയും ജനങ്ങള്‍ വോട്ടാക്കി മാറ്റുകയായിരുന്നു.
വിര്‍ജിനിയയിലും ന്യൂജേഴ്‌സിയിലും റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച വിര്‍ജിനിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡ് ഗില്ലെസ്പിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ലെ.ഗവ. റാല്‍ഫ് നോര്‍താം വിജയമുറപ്പിച്ചു. റിപ്പബ്ലിക്കന്‍ നേതാവ് കിം ഗ്വാഡങ്‌നൊയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഫില്‍ മുര്‍ഫി ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു.
വിര്‍ജീനിയയിലെ ഏകദേശം ഭൂരിഭാഗം വോട്ടുകളും എണ്ണിതീര്‍ന്നപ്പോള്‍ നോര്‍താമിന് എതിരാളിയേക്കാള്‍ 53.9 ശതമാനം വോട്ടിന്റെ ആധിപത്യമാണുള്ളത്. രാജ്യത്ത് നടക്കുന്ന വിഭാഗിതയ്‌ക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയികള്‍ പ്രഖ്യാപിച്ചു. മതവിദ്വേഷവും വിഭാഗിയതവും ഒരുതരത്തിലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയപ്രഖ്യാന പ്രസംഗങ്ങത്തില്‍ നോര്‍താം പറഞ്ഞു.
വിഭാഗിയതയുടെ ദിവസങ്ങള്‍ കഴിഞ്ഞു. ഇനി നമ്മള്‍ ഒരുമിച്ച് നീങ്ങുമെന്ന് മുര്‍ഫി വിജയപ്രഖ്യാപനവേളയില്‍ പറഞ്ഞു.
നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം നടക്കാനിരിക്കെ രണ്ട് സ്ഥലങ്ങളിലുമുണ്ടായ തിരിച്ചടി ജനങ്ങളുടെ പ്രതികരണത്തെ വ്യക്തമാക്കുന്നത്. ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു.മുര്‍ഫിക്ക് വോട്ട് രേഖപ്പെടുത്തിയ 79കാരിയായ ലീമ ബര്‍നീസ് പറഞ്ഞു.