Web Desk

November 27, 2020, 3:48 pm

ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട

Janayugom Online

ബാറുടമകളിൽനിന്ന് കോഴ വാങ്ങിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് സർക്കാരിന് നിയമോപദേശം. ചെന്നിത്തലക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന് ബിജുരമേശ് വെളിപ്പെടുത്തിയിരുന്നു. ഈ സമയത്ത് രമേശ് ചെന്നിത്തല എംഎൽഎ മാത്രമായിരുന്നു. അതിനാൽ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ എംഎൽഎ, കെ ബാബു എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്.

ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാതിരിക്കാൻ രമേശ് ചെന്നിത്തലക്ക് ഒരു കോടിരൂപയും മുൻ എക്സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷംരൂപയും ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷംരൂപയും നൽകിയെന്നായിരുന്നു ബിജുരമേശിന്റെ വെളിപ്പെടുത്തൽ. അക്കാലത്ത് കെപിസിസി പ്രസിഡന്റായിരുന്നു ചെന്നിത്തല.

ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടാൻ തീരുമാനിച്ചത്. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് അനുമതി തേടിയത്. എന്നാൽ കെ ബാബുവും വി എസ് ശിവകുമാറും മുൻ മന്ത്രിമാരായതിനാൽ സർക്കാർ ഗവർണറുടെ അനുമതി തേടും.

Eng­lish sum­ma­ry: No need of Gov­er­nors permission