11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 26, 2024
April 27, 2024
November 29, 2023
November 23, 2023
November 15, 2022
November 8, 2022
November 8, 2022
October 27, 2022
October 26, 2022
October 26, 2022

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം; പൊയ്‌വെടി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 19, 2022 11:52 pm

ദിവസങ്ങളായി ചാനലുകള്‍ക്ക് മുന്നില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും തെളിവെന്ന പേരില്‍ പുതിയതൊന്നുമില്ലാത്ത ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തതോടെ കോളിളക്കം സൃഷ്ടിക്കുമെന്ന പ്രതീതി ജനിപ്പിച്ച ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഉണ്ടയില്ലാ വെടിയായി.
ഗവര്‍ണറുടെ ആര്‍എസ്എസ് ബന്ധത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കത്തിന്റെയും തെളിവുകളും വെളിപ്പെടുത്തലുകളുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. അതോടൊപ്പം ആര്‍എസ്എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനില്ലാതെ ആര്‍എസ്എസ് ബന്ധം തുറന്നുസമ്മതിക്കേണ്ടിവന്നതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢലക്ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടു.
2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടയില്‍ തന്നെ ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന്, കുറേക്കാലമായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആരോപണത്തിന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ തെളിവ് നല്‍കുമെന്നായിരുന്നു പ്രധാനമായും ഗവര്‍ണറുടെ അവകാശവാദം. എന്നാല്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് സാധാരണ പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നും ശാരീരിക ആക്രമണമോ ഭീഷണിയോ, അതിനുള്ള ശ്രമമോ പോലും വേദിയില്‍ ഉണ്ടായില്ലെന്ന് വ്യക്തമായതോടെ ആ പ്രചാരണം പൂര്‍ണമായും പൊളിഞ്ഞു.
പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോഴും ഗവര്‍ണര്‍ തടസമൊന്നുമില്ലാതെ പ്രസംഗം തുടരുന്നതും വീഡിയോയില്‍ കാണാം. ഗവര്‍ണര്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ, 90 വയസുള്ള ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് വേദിയിലൂടെ നടക്കുന്നതും പ്രസംഗപീഠത്തിന്റെ തൊട്ടരികില്‍ പ്രതിഷേധം അറിയിക്കാനായി നില്‍ക്കുന്നതുമെല്ലാമാണ് അക്രമശ്രമമായി ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്.
വേദിയിലുണ്ടായിരുന്ന, അന്ന് രാജ്യസഭാംഗമായിരുന്ന കെ കെ രാഗേഷ് സദസിലേക്കിറങ്ങി, പ്രതിഷേധ മുദ്രാവാക്യം വിളിച്ചവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് വളച്ചൊടിച്ച് അക്രമികളെ രക്ഷിക്കാനുള്ള ശ്രമമാക്കി അവതരിപ്പിച്ച ഗവര്‍ണര്‍ സ്വയം പരിഹാസ്യനായി. അറസ്റ്റ് ചെയ്യാനൊരുങ്ങിയ പൊലീസുകാരെ തടയുകയാണ് കെ കെ രാഗേഷ് ചെയ്തതെന്ന് തെളിവുകളൊന്നുമില്ലാതെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചതിനെ കൂട്ടിച്ചേര്‍ത്ത് കഥ മെനയുകയും ചെയ്ത് ഗവര്‍ണര്‍ ഇന്നലെയും നില മറന്നു.
മുഖ്യമന്ത്രി നല്‍കിയ കത്തുകള്‍, വലിയ ബോംബ് പൊട്ടിക്കുന്നുവെന്ന പ്രതീതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടും നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കാതെ ചീറ്റിപ്പോവുകയും ചെയ്തു.
തീര്‍ത്തും ഔദ്യോഗികമായ കത്തുകളില്‍ ഭരണഘടനാവിരുദ്ധമോ നിയമവിരുദ്ധമോ ആയ യാതൊന്നും തന്നെയില്ലെന്ന് നല്ല ധാരണയുണ്ടായിരുന്ന ഗവര്‍ണര്‍, മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നുകണ്ടാണ് കണ്ണൂര്‍ വിസിയെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന പഴയ ആരോപണം ആവര്‍ത്തിച്ച് പുകമറയുണ്ടാക്കാന്‍ ശ്രമിച്ചതും വിലപ്പോയില്ല. 

ഗവര്‍ണറുടേത് ബാലിശമായ വാദഗതികള്‍: കാനം 

തിരുവനന്തപുരം: ബാലിശമായ വാദഗതികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍ എന്തോ സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ കരുതിയത് ലോകം അവസാനിക്കാൻ പോവുകയാണെന്നാണ്. എന്നാല്‍ കോഴി കോട്ടുവായിട്ടതുപോലെയായെന്ന് കാനം പരിഹസിച്ചു. ഗവര്‍ണറുടേത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ നല്‍കിയ കത്തുകള്‍ ഏത് വകുപ്പിലാണ് പരസ്യപ്പെടുത്തുവാന്‍ കഴിയുകയെന്നും കാനം ചോദിച്ചു. ജീവിതകാലം മുഴുവന്‍ ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. അതിന് ഭരണഘടനയും നിയമവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവർണർ‍ക്ക് ആർഎസ്എസ് വിധേയത്വം: മുഖ്യമന്ത്രി

കണ്ണൂര്‍: കമ്മ്യൂണിസത്തെ പുച്ഛിക്കുന്ന ഗവർണർ‍ക്ക് ആർഎസ്എസിനോടു വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘വിദേശ ആശയത്തെ പുച്ഛിക്കുന്ന ഗവർണർക്ക് ജനാധിപത്യത്തോടും പുച്ഛമായിരിക്കും. ഭരണഘടനാപദവിയിലിരുന്ന് വല്ലാതെ തരംതാഴ്ന്ന് സംസാരിക്കരുത്’ മുഖ്യമന്ത്രി പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുണ്ടാവാം. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. എന്നാല്‍ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍. ആ പദവിയിലിരുന്ന് രാഷ്ട്രീയം പറയരുത്.
കമ്മ്യൂണിസം പോലെ വിദേശത്ത് നിന്ന് നിരവധി കാര്യങ്ങള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യം, ജുഡീഷ്യറി സംവിധാനങ്ങളെല്ലാം വിദേശത്ത് നിന്നും സ്വീകരിച്ചതാണ്. വിദേശത്ത് നിന്നും വന്നുവെന്ന് കമ്മ്യൂണിസത്തെ പുച്ഛിക്കുമ്പോള്‍ ജനാധിപത്യം പോലുള്ള മറ്റ് കാര്യങ്ങളോടും അദ്ദേഹത്തിന് പുച്ഛമായിരിക്കും. കയ്യൂക്കുകൊണ്ടല്ല കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്ഭവനില്‍ ഗവര്‍ണറുടെ രാഷ്ട്രീയ പ്രസംഗം

തിരുവനന്തപുരം: ഭരണഘടനാ സ്ഥാനത്തിരുന്ന് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് പതിവാക്കിമാറ്റിയ ഗവര്‍ണര്‍, ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത് പച്ചയായ രാഷ്ട്രീയപ്രസംഗം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെപ്പോലെ ഉയര്‍ത്തുകയായിരുന്നു അദ്ദേഹം.
വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറിയതിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് യാത്രാവിലക്ക് വന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രണ്ട് ചെറുപ്പക്കാരെ ആക്രമിച്ചതിന്റെ പേരിലാണ് യാത്രാവിലക്കെന്ന് പറഞ്ഞ ഗവര്‍ണര്‍, പക്ഷെ അത് യൂത്ത് കോണ്‍ഗ്രസുകാരാണെന്നോ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരാണെന്നോ പറഞ്ഞില്ല. കണ്ണൂരില്‍ കൊല ചെയ്യപ്പെടുന്നതിന്റെയും കാമ്പസുകളില്‍ കൊല്ലപ്പെടുന്നതിന്റെയും കാര്യങ്ങള്‍ പറഞ്ഞ് വാദങ്ങള്‍ നിരത്തിയ ഗവര്‍ണര്‍ ആര്‍എസ്എസിനെതിരെ ഒന്നും പറയാന്‍ തയാറായില്ല.

ബില്ലുകൾ ഒപ്പിടാതെ നീട്ടാനുള്ള അധികാരം ഗവർണർക്കില്ല: മന്ത്രി പി രാജീവ്

കൊച്ചി: വഹിക്കുന്ന സ്ഥാനങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് മന്ത്രി പി രാജീവ്. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഗവർണർക്കില്ല. അർപ്പിതമായ ഉത്തരവാദിത്വങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ആ അധികാരം ഗവർണർ നിർവഹിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ബില്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഗവർണർക്ക് അധികാരമുള്ളത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കഴിഞ്ഞ ദിവസങ്ങളിലെ ഗവർണറുടെ പ്രതികരണങ്ങൾ സമൂഹം വിലയിരുത്തട്ടെ. ആർഎസ്എസ് മേധാവിയുമായുള്ള ഗവർണർ നടത്തിയ കൂടിക്കാഴ്ച അസാധാരണമാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാണിച്ചു. 

Eng­lish Sum­ma­ry: Gov­er­nor’s Press Con­fer­ence against government 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.