16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 5, 2024
March 26, 2024
January 26, 2024
January 25, 2024
January 8, 2024
December 21, 2023
December 19, 2023
December 12, 2023
December 1, 2023

കമനീയം മഹനീയം കണ്ണൂര്‍

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
December 21, 2023 4:10 am

ക്യകേരളത്തിന്റെ അവിഭാജ്യഘടകമായ കണ്ണൂർ എത്ര സുന്ദരമായ പ്രദേശമാണ്. സാംസ്കാരിക‑രാഷ്ട്രീയ ചരിത്ര പുസ്തകത്തിൽ രുധിരാക്ഷരങ്ങളാൽ അടയാളപ്പെട്ട നാടാണ് കണ്ണൂര്. ധർമ്മടം ദ്വീപിനെ ഇരുവശത്തുനിന്നും ആലിംഗനം ചെയ്യുന്ന അഞ്ചരക്കണ്ടിപ്പുഴയും കഥ പറഞ്ഞൊഴുകുന്ന വളപട്ടണം പുഴയും ആലക്കോട്ടെ ആദിമനിവാസികളുടെയും രാജാവിന്റെയും ജീവിതം കണ്ട കുപ്പം പുഴയും മിത്തും ചരിത്രവും കൈകോർത്തുനിന്ന് കാണുന്ന പയ്യന്നൂർപ്പുഴയും കടലുകാണുന്ന ഏഴിമലയും കരകാണുന്ന പൈതൽമലയും എല്ലാം ചേർന്ന മനോഹരമായ പ്രദേശം.
കണ്ണൂർ കോട്ടയും അവിഭക്തകണ്ണൂരിലെ ബേക്കൽ കോട്ടയും പടയോട്ടങ്ങളുടെ തിരക്കഥ വായിക്കുമ്പോൾ കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും കാവുമ്പായിയും പോരാട്ടങ്ങളുടെ വിപ്ലവഗാനം പാടുന്നു. എകെജിയും എൻ ഇ ബലറാമും കെ പി ആർ ഗോപാലനും എ വി കുഞ്ഞമ്പുവും വിമോചനപ്പോരാട്ടങ്ങളുടെ രക്തനക്ഷത്രങ്ങളായി തിളങ്ങുന്നു. മുത്തപ്പനും കതിവന്നൂർ വീരനും മുച്ചിലോട്ടു ഭഗവതിയും കടാങ്കോട്ടു മാക്കവും വയനാട്ടുകുലവനും പൊട്ടന്റെ വേഷത്തിൽ ആദിദളിതനും ബാലിത്തെയ്യവും പൂരക്കളിയും മംഗലംകളിയും അടക്കം ഭാവനയും വാസ്തവവും ചേർന്ന കൊളാഷായി വിസ്മയപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ: സര്‍വകലാശാലാ കാമ്പസില്‍ ഗവര്‍ണറുടെ നിലമറന്ന കളി


അവിഭക്ത കണ്ണൂരിലെ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മലയാളത്തിലെ ആദ്യകഥ സമർപ്പിച്ചു. കോലത്തുനാട്ടിലിരുന്നു താരാട്ടുപാട്ടിന്റെ ഈണത്തിൽ ചെറുശേരി മലയാളത്തിന് തന്നത് കൃഷ്ണഗാഥ. പിന്നെ വിവികെയും എ വി ശ്രീകണ്ഠപ്പൊതുവാളും മുതൽ കുഞ്ഞപ്പ പട്ടാന്നൂരും മാധവൻ പുറച്ചേരിയും ഉമേഷ് ബാബുവും കൈതപ്രവും എ സി ശ്രീഹരിയും മധു ആലപ്പടമ്പും കെ വി ജിജിലും കെ വി പ്രശാന്ത് കുമാറും സതീശൻ മോറായിയും സി പി ശുഭയും രജനി വെള്ളോറയും രേഖ മാതമംഗലവും അടക്കമുള്ള കവികളുടെ വൻനിര. പഴയ കണ്ണൂരിന്റെ ഭൂപടം നിവർത്തിയിട്ടാൽ രാഷ്ട്രകവി ഗോവിന്ദപ്പൈയും മഹാകവികളായ കുട്ടമത്തും പിയും വിദ്വാൻ പി കേളുനായരും ടി ഉബൈദും ടി എസ് തിരുമുമ്പും തെളിഞ്ഞുവരും. കഥാഗോപുരത്തിന്റെ നെറുകയിലെത്തിയ ടി പത്മനാഭനും എൻ പ്രഭാകരനും സി വി ബാലകൃഷ്ണനും ടി എൻ പ്രകാശും സതീഷ് ബാബു പയ്യന്നൂരും കെ ജെ ബേബിയും ടി പി വേണുഗോപാലനും വി എസ് അനിൽകുമാറും ആർ രാജശ്രീയും വിനോയ് തോമസും ശിഹാബുദീൻ പൊയ്ത്തുംകടവും കെ ടി ബാബുരാജും രമേശൻ ബ്ലാത്തൂരും അടക്കം കഥാരംഗത്തെ പ്രതിഭകൾ വെളിച്ചംവീശി വരും.
കണ്ടൽമരങ്ങളുടെ വളർത്തച്ഛൻ കല്ലേൻ പൊക്കുടനും വെള്ളരിനാടകത്തെ പൊതു മലയാളത്തിലെത്തിച്ച ഡോ. ടി പി സുകുമാരനും നെയ്ത്തുകാരന്റെ നെയ്ത്തുകാരൻ എൻ ശശിധരനും പ്രഭാഷണവേദിയിലെ സിംഹഗർജനമായിരുന്ന സുകുമാർ അഴിക്കോടും എൻ വി പി ഉണിത്തിരിയും പവനനും സഞ്ജയനും ഡോ. ആർ സി കരിപ്പത്തും കെ പാനൂരും ഒറ്റയാൾ നാടകത്തിലൂടെ ശ്രദ്ധേയരായ രജിതാ മധുവും സന്തോഷ് കീഴാറ്റൂരും നാടകവും കവിതയും പ്രഭാഷണവും ഒരുപോലെ വഴങ്ങുന്ന കരിവെള്ളൂർ മുരളിയും പ്രൊഫഷണൽ നാടകവുമായി തെക്കൻ കേരളത്തിൽ വാസമുറപ്പിച്ച വാസൂട്ടിയും നാടകം ജീവിതമാക്കിയ ബാബു അന്നൂരും പ്രദീപ് മണ്ടൂരും ഇബ്രാഹിം വേങ്ങരയും മഞ്ജുളനും ചിത്രകലയുടെ കുലപതിയായ എം വി ദേവനും കെ കെ ആർ വെങ്ങരയും നാടൻപാട്ടുകൾ സമാഹരിച്ച ചിറക്കൽ ടി ബാലകൃഷ്ണൻ നായരും ശോഭനമാക്കുന്ന നാടാണ് കണ്ണൂര്. നാടൻകലാ അക്കാദമിയുടെ ആസ്ഥാനവും കണ്ണൂരാണ്. കവിതകളെ ഈണപ്പെടുത്തി അവതരിപ്പിക്കുന്ന ബാബു മണ്ടൂർ കണ്ണൂരിലെ അപൂർവ പ്രതിഭയാണ്.


ഇതുകൂടി വായിക്കൂ: സാമ്പത്തിക അടിയന്തരാവസ്ഥയെന്ന ഗവര്‍ണറുടെ പുതിയ ഭീഷണി


ഗംഭീരമായ ഗ്രന്ഥശാലാശൃംഖല കണ്ണൂരിന്റെ ബൗദ്ധികസമ്പത്താണ്. ഗുണ്ടർട്ടിന്റെയും ബ്രണ്ണന്റെയും ചന്തുമേനോന്റെയും തട്ടകവും കണ്ണൂരായിരുന്നു. ബീവിയുടെ വിരൽത്തുമ്പിൽ ഐശ്വര്യം വിളയാടിയ അറയ്ക്കൽ രാജവംശം ചരിത്രത്തിലെ അപൂർവതയാണ്. വി പി സത്യനും ജിമ്മിജോർജും അടക്കമുള്ള കായികതാരങ്ങളും ടി വി ചന്ദ്രനും ശ്രീനിവാസനും ഉള്‍പ്പെടെ സിനിമാസംവിധായകരും കണ്ണൂർ മലയാളനാടിനു നല്‍കിയ പുരസ്കാരങ്ങളാണ്. ജാതിയും മതവും അസമത്വങ്ങളും കൊടിയുയർത്തിയ കേരളത്തിൽ അതിനെതിരെ പോരാടിയ വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീർത്ഥനും ഉഴുതുമറിച്ച നാടാണ് കണ്ണൂര്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത് കണ്ണൂരിലെ പാറപ്രത്തായിരുന്നു. മനുഷ്യവിമോചന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ കണ്ണൂരിലെത്തിയവരിൽ പി കൃഷ്ണപിള്ളയും കെ ദാമോദരനും എൻ സി ശേഖറും ഉൾപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കണ്ണൂരിന്റെ സംഭാവനയാണ് പഴശി രാജാവും മൊയ്യാരത്ത് ശങ്കരനും വിഷ്ണുഭാരതീയനും കെ എസ് കേരളീയനും മറ്റ് നിരവധി പോരാളികളും. ഉപ്പുസത്യഗ്രഹം നടന്ന പയ്യന്നൂരിൽത്തന്നെയാണ് കോൺഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനവും നടന്നത്. ജവഹർലാൽ നെഹ്രു പങ്കെടുത്ത ആ സമ്മേളനത്തിലാണ് പൂർണസ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസാനകാലവും എം എൻ വിജയന്റെ പ്രഭാഷണ മണ്ഡലവും കണ്ണൂർ ആയിരുന്നല്ലോ,
അഞ്ചു മുഖ്യമന്ത്രിമാർ കണ്ണൂരിൽ നിന്നുണ്ടായി. ആദ്യത്തെ തെരഞ്ഞെടുപ്പിൽ അവിഭക്ത കണ്ണൂരിലെ നീലേശ്വരം മണ്ഡലത്തിൽ നിന്നും അരിവാളും ധാന്യക്കതിരും അടയാളത്തിൽ വിജയിച്ച ഇഎംഎസ്, ഇ കെ നായനാർ, പിണറായി വിജയൻ, കൊല്ലം സ്വദേശിയാണെങ്കിലും കണ്ണൂരിൽ നിന്നും വിജയിച്ച ആർ ശങ്കർ, തൃശൂർ ജില്ലയിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ കണ്ണൂര്‍ സ്വദേശി കെ കരുണാകരൻ.
പറഞ്ഞാലുംപറഞ്ഞാലും തീരാത്ത സവിശേഷതകളുള്ള നാടാണ് കണ്ണൂര്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ കണ്ണൂരിന്റെ നന്മകൾ അസാധുവാകുന്നില്ല. സവർണർ പറഞ്ഞാലും ഗവർണർ പറഞ്ഞാലും ബ്ലഡി എന്ന വിശേഷണം കണ്ണൂരിന് ചേരില്ല. അർഹിക്കുന്ന അവജ്ഞയോടെ കേരളം അത് തള്ളിക്കളയും. ഞങ്ങളുടെ കണ്ണൂര് അത്ര സുന്ദരമാണ്! ബ്യൂട്ടിഫുൾ കണ്ണൂര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.