വീടൊഴിയാത്ത മുന്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ്: വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും

Web Desk
Posted on August 19, 2019, 8:45 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ല്യൂട്ടിയാന്‍സില്‍ ഔദ്യോഗിക വസതികള്‍ ഒഴിയാത്ത മുന്‍ എംപിമാര്‍ക്ക് അന്ത്യശാസനം. ഇരുന്നൂറോളം എംപിമാരാണ് ഇനിയും ഔദ്യോഗിക വസതികള്‍ ഒഴിയാനുള്ളത്. ഇവരോട് ഏഴ് ദിവസത്തിനുള്ളില്‍ വസതികള്‍ ഒഴിഞ്ഞുനല്‍കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
16 ാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞ് നല്‍കാന്‍ പലരും തയ്യാറായിട്ടില്ല. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു മാസത്തിനകം ഔദ്യോഗിക വസതികള്‍ ഒഴിയണമെന്നാണ് നിലവിലുള്ള ചട്ടം. മെയ് 25 നായിരുന്നു രാഷ്ട്രപതി 16 ാം ലോക്‌സഭ പിരിച്ചുവിട്ടത്. 260 പുതിയ എംപിമാരാണ് പതിനേഴാം ലോക്‌സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഔദ്യോഗിക വസതികള്‍ ഒഴിയാത്തതിനെ തുടര്‍ന്ന് പുതിയ എംപിമാര്‍ താല്‍ക്കാലിക താമസ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി അധിക തുകയാണ് ഖജനാവിന് നഷ്ടപ്പെടുന്നത്. വെസ്റ്റേണ്‍ കോര്‍ട്ടിലും ഗസ്റ്റ് ഹൗസുകളിലുമാണ് സ്ഥിരം താമസസൗകര്യം ലഭിക്കാത്ത പുതിയ എംപിമാര്‍ ഇപ്പോള്‍ താമസിച്ചുവരുന്നത്.
2014 ലും സമാനമായ സാഹചര്യം നേരിട്ടിരുന്നു. മുന്നൂറിലേറെ പുതിയ എംപിമാരാണ് 2014 ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്ന് പഴയ എംപിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ വിസമ്മതിച്ചതോടെ 30 കോടിയോളം രൂപ അധികം ചെലവിട്ടാണ് അന്ന് പുതിയ അംഗങ്ങളെ ഹോട്ടല്‍ മുറികളില്‍ താമസിപ്പിച്ചത്.