Thursday
20 Jun 2019

അഴിമതി, ലൈംഗിക അതിക്രമം; 12 റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

By: Web Desk | Tuesday 11 June 2019 9:09 AM IST


ന്യൂഡല്‍ഹി: അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയവരായവര്‍ക്ക് ആദായനികുതി വകുപ്പില്‍ നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദ്ദേശം. കേന്ദ്ര ധനമന്ത്രാലം ആണ് 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദ്ദേശം നല്‍കിയത്. ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

ആദായനികുതി വകുപ്പ് ജോയിന്‍റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐആര്‍എസ്, 1985), എസ്കെ ശ്രീവാസ്തവ (ഐആര്‍എസ്, 1989), ഹോമി രാജ്‌വാഷ് (ഐആര്‍എസ്, 1985), ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമര്‍ സിങ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടിസ്.

പ്രമുഖ വ്യവസായിയില്‍ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്കെ ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2009 മുതല്‍ സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്‌വാഷ്.

മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കല്‍ നിര്‍ദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.