Web Desk

January 27, 2021, 7:45 pm

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Janayugom Online

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിന് കാരണമായിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ തീരുമാനിച്ചത്.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ശാരീരിക അകലവും മാസ്കും നിര്‍ബന്ധമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി പൊലീസിനെ നിയോഗിക്കും. കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും.വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.വിവാഹത്തിന് ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാൻ പാടില്ല. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. രോഗവുമായി പുറത്തു നിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം.

ENGLISH SUMMARY: govt decide to tight­en covid restric­tions in kerala

YOU MAY ALSO LIKE THIS VIDEO