Web Desk

തിരുവനന്തപുരം

May 09, 2020, 8:31 pm

ലോകത്തെവിടെനിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Janayugom Online

ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. അതിനായി കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദേശത്തുനിന്ന് വരുന്നവരുടെ മുൻഗണനാക്രമം തയ്യാറാക്കുന്നതും എത്ര പേരെയാണ് നാട്ടിൽ കൊണ്ടുവരേണ്ടത്, ഏതു വിമാനത്താവളത്തിലാണ് അവരെ എത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാസൗകര്യം ഏർപ്പെടുത്തുന്നതും അതിന്റെ ചെലവ് ഈടാക്കുന്നതും കേന്ദ്ര സർക്കാരാണ്. നാട്ടിലെത്തിക്കഴിഞ്ഞാൽ അവർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരാണ്.

ഓരോ കേന്ദ്രത്തിനും ഒന്നുവീതം ഡോക്ടർ ഉൾപ്പെടെ വൈദ്യസഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ആവശ്യമായ ആംബുലൻസ് സൗകര്യവും ഓരോ നിരീക്ഷണ കേന്ദ്രത്തിലുമുറപ്പുവരുത്തിയിട്ടുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റുമായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും എപ്രിൽ ഒന്നു മുതൽ ഇന്നലെ വരെ 13.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യതി ബോർഡും വാട്ടർ അതോറിറ്റിയും തുടർച്ചയായി വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

207 സർക്കാർ ആശുപത്രികൾ സജ്ജം

മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം പിടിച്ചുനിർത്തുന്നതും ഏറ്റവും പ്രധാന ചുമതലയായി കേരളം ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികളിൽ രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ 207 സർക്കാർ ആശുപത്രികൾ സജ്ജമാണ്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 125 സ്വകാര്യ ആശുപത്രികളും. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ കെയർ സെന്ററുകളിൽ കഴിയുന്നവരേയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരേയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവർക്ക് ബന്ധപ്പെടാവുന്ന നമ്പരും നൽകിയിട്ടുണ്ട്. സർക്കാരിന്റെ കെയർ സെന്ററുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയർസെന്ററും പ്രവർത്തിക്കുക.

ENGLISH SUMMARY: Govt is ready to repa­tri­ate expa­tri­ates from any­where in the world

YOU MAY ALSO LIKE THIS VIDEO