റെജി കുര്യന്‍

January 05, 2020, 9:59 pm

ഈ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യമേഖലയ്ക്ക് നല്‍കാൻ കേന്ദ്രസർക്കാർ

Janayugom Online

ന്യൂഡല്‍ഹി: കരിപ്പൂര്‍ ഉള്‍പ്പെടെ ആറോളം വിമാനത്താവളങ്ങള്‍ കൂടി കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് നല്‍കിയേക്കും. പ്രക്ഷുബ്ധമാകുന്ന ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി എം പിമാരുടെ ചോദ്യങ്ങളെയും വിവാദങ്ങളെയും ചെറുക്കാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാര്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണണെന്ന നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു മേഖലാ നസ്ഥാപനങ്ങള്‍ വിറ്റഴിച്ച് അതിനുള്ള തുക കണ്ടെത്താന്‍ നീക്കം നടത്തുന്നത്.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം എന്ന ആശയത്തിന് കുറെക്കാലത്തെ പഴക്കുമുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ വാങ്ങാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് നിയന്ത്രണമുണ്ട്. ആഭ്യന്തര വിമാന കമ്പനികളില്‍ ഒരു വിദേശ വിമാന കമ്പനിയുടെ ഓഹരി പങ്കാളിത്വം 49 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കുന്നതു കൊണ്ടാണിത്. ആഭ്യന്തര വിമാന കമ്പനിയുടെ നിയന്ത്രണം ആഭ്യന്തരമായി നിലനില്‍ക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്. എന്നാല്‍ പുതിയ ബജറ്റില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവു നല്‍കിയേക്കും. കല്‍ക്കരി ഘനനം, റീട്ടെയില്‍, മാനുഫാക്ചറിംങ് മേഖലകളില്‍ ഇത്തരത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു വരുത്തിയിരുന്നു. ഇതിനു പുറമെയാണ് എയര്‍പേര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലുള്ള അരഡസനോളം വിമാനത്താവളങ്ങളും സര്‍ക്കാര്‍ വിറ്റുതുലയ്ക്കാനും നീക്കം നടത്തുന്നത്.

പൊതു സ്വകാര്യ പങ്കാളിത്വം എന്ന ഓമനപ്പേരിലുള്ള പി പി പി നിക്ഷേപ മാര്‍ഗ്ഗം അവലംബിച്ച് വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയിലേക്കു നല്‍കുന്നതോടെ യൂസര്‍ഫീ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്തരം സ്വകാര്യ കുത്തകകളാകും തീരുമാനമെടുക്കുക. കരിപ്പൂര്‍ വിമാനത്താവളവും ഇത്തരത്തില്‍ വിറ്റുതുലയ്ക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഏതാണ്ട് പതിനഞ്ച് ലക്ഷത്തിലധികം യാത്രക്കാരാണ് പ്രതിവര്‍ഷം കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര ചെയ്യുന്നത്. തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കഴിഞ്ഞവർഷം അഡാനി ഗ്രൂപ്പിന് നൽകിയിരുന്നു.

അഹമ്മാദാബാദ്, അമൃത്സര്‍, കോഴിക്കോട്, ചെന്നെ, ഗുവാഹത്തി, ജയ്പൂര്‍, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു പുറമെ പ്രതിരോധ മേഖലയിലെ വിമാനത്താവളങ്ങളില്‍ സിവില്‍ ഉപയോഗത്തിനായി വിട്ടുകൊടുത്തിട്ടുള്ള ഗോവ, പോര്‍ട്ട്‌ബ്ലേയര്‍, ശ്രീനഗര്‍ എന്നീ സിവില്‍ എന്‍ക്ലേവ് അന്താരാഷ്ട്ര വിമാനത്താവളങ്ങളും കസ്റ്റംസ് എയര്‍പോര്‍ട്ടുകളായ കോയമ്പത്തൂര്‍, ഗയ, മാംഗ്ലൂര്‍, ലക്‌നൗ, പാറ്റ്‌ന, തിരുച്ചിറപ്പള്ളി, വാരണാസി, സിവില്‍ ലൈന്‍ എയര്‍പോര്‍ട്ടുകളായ പൂന, ബഗ്‌ദോഗ്ര, എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. ഇതിനു പുറമെ അഗര്‍ത്തല, വിജയവാഡ, ബറോഡ ഉള്‍പ്പെടെ 44 ചെറുകിട വിമാനത്താവളങ്ങളും ആഗ്ര, അഗര്‍ത്തല, ജോഡ്പൂര്‍ ഉല്‍പ്പെടെ 18 സിവില്‍ എന്‍ക്ലേവ് വിമാനത്താവളങ്ങളും എയര്‍പേര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലുണ്ട്. നിലവില്‍ സര്‍വ്വീസുകളില്ലാത്ത വാറങ്കല്‍ ഉള്‍പ്പെടെ 33 ചെറുകിട വിമാനത്താവളങ്ങള്‍ വേറെയും.

എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം മുടങ്ങല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നേരത്തേതന്നെ പുറത്തു വന്നിരുന്നു. പ്രതിസന്ധി മറികടക്കാന്‍ വിമാനങ്ങള്‍ക്കൊപ്പം വിമാനത്താവളങ്ങളും വില്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരോടു സഭയില്‍ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഉത്തരങ്ങൾ സര്‍ക്കാര്‍ തേടിയിരിക്കുന്നത്.