Thursday
23 May 2019

പുനര്‍നിര്‍മാണ പ്രക്രിയയെ തടയാനാകില്ലെന്ന പ്രഖ്യാപനം

By: Web Desk | Friday 2 November 2018 1:00 AM IST


kerala flood- janayugom

സാധാരണമായ പ്രളയത്തിന്റെ ദുരിതക്കയത്തില്‍ കരകയറുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് കേരളം. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തെ നേരിടുന്നതിന് ലോകമാകെയുളള മലയാളികളും കേരളത്തെ സ്‌നേഹിക്കുന്നവരും കൈമെയ് മറന്ന് സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ദുരന്തത്തെ അഭിമുഖീകരിച്ച സംസ്ഥാനമായിരുന്നിട്ടും അതിനനുസരിച്ച് സഹായം നല്‍കുന്നതിന് കേന്ദ്രം സന്നദ്ധമായിട്ടില്ല. എന്നുമാത്രമല്ല ധനസമാഹരണത്തിനുള്ള കേരള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും തടയുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. വിദേശങ്ങളില്‍ കഴിയുന്ന മലയാളികളില്‍ നിന്ന് ധനസമാഹരണം ലക്ഷ്യമിട്ട് പ്രമുഖ രാജ്യങ്ങളിലേയ്ക്ക് മന്ത്രിമാരെ അയക്കുന്നതിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടയുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രിക്ക് ഗള്‍ഫ് നാടുകളില്‍ പോകുന്നതിന് മാത്രമാണ് അനുമതി നല്‍കിയത്.
എന്നാല്‍ അതുകൊണ്ടൊന്നും കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയെ തകര്‍ക്കാനാവില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദുരന്തത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നല്‍കുന്ന ധനസഹായം വന്‍ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം.
പ്രകൃതിക്ഷോഭമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ചാണ് സഹായം നല്‍കിപ്പോന്നിരുന്നത്. പ്രസ്തുത നിരക്ക് കേരളം പോലുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് പരിമിതമാണെന്ന ആക്ഷേപമുണ്ടായിരുന്നുവെങ്കിലും അത് പരിഹരിക്കുന്നതിന് നടപടികളൊന്നുമുണ്ടായില്ല. 2015 – 20 വര്‍ഷത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമനുസരിച്ചാണ് ഇപ്പോള്‍ ധനസഹായം നല്‍കിവരുന്നത്. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമുപയോഗിച്ചാണ് ഈ ധനസഹായം നല്‍കാറുള്ളത്. ദുരന്തത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം നാലുലക്ഷം രൂപയുണ്ടെങ്കിലും മറ്റ് നാശനഷ്ടങ്ങള്‍ക്കുള്ള തുക പരിമിതമാണ്.
അതുകൊണ്ടുതന്നെ കേന്ദ്രം വിവിധ തരത്തില്‍ വിഘ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് തുക വര്‍ധിപ്പിച്ച് നല്‍കുന്നതിന് തീരുമാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നാശനഷ്ടത്തിനുള്ള ധനസഹായം തീരെ അപര്യാപ്തമായിട്ടുള്ളത് വീടുകള്‍ക്കാണ്. ഒരു വീട് പൂര്‍ണമായും തകര്‍ന്നാല്‍ മലയോരം, സമതലം എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ച് യഥാക്രമം 1,01,900, 95,100 രൂപ വീതമാണ് അനുവദിക്കാവുന്നത്. കേരളത്തില്‍ ഈ തുക ഒരു ശുചിമുറി പണിയുന്നതിന് പോലും തികയാത്തതാണ്. 15 ശതമാനത്തില്‍ കൂടുതല്‍ നാശം സംഭവിച്ച വീടുകള്‍ ഒരു വിഭാഗമായി പരിഗണിച്ച് 5,200, അതില്‍ താഴെയുള്ളതിന് 3,200 രൂപ വീതമാണ് നല്‍കാന്‍ സാധിക്കുക. ഈ സാഹചര്യത്തിലാണ് കേരള പുനര്‍നിര്‍മിതിക്ക് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ തുകയില്‍ വലിയ വര്‍ധന വരുത്തിയത്. എന്നുമാത്രമല്ല നാശനഷ്ടം കണക്കാക്കുന്നതില്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും തുക ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കുള്ള തുക (ഇതില്‍ 75 ശതമാനം നാശനഷ്ടം സംഭവിച്ചവയെയും ഉള്‍പ്പെടുത്തി) നാലു ലക്ഷമാക്കി. അതനുസരിച്ച് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തുക കഴിച്ച് മലയോരമേഖലയില്‍ 2,98,100, സമതലങ്ങളില്‍ 3,04,900 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചേര്‍ത്ത് നല്‍കും.
നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള നഷ്ടപരിഹാരം നാലു തട്ടുകളായി തിരിച്ച് വര്‍ധിപ്പിച്ചാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് 15 ശതമാനം വരെ, അതിന് മുകളില്‍ എന്നീ രണ്ടു തട്ടുകളേയുള്ളൂ. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള 4,800 രൂപ ചേര്‍ത്ത് 10,000 രൂപയും 16-29 ശതമാനം നഷ്ടമായവര്‍ക്ക് 54,800 രൂപ കൂടി ചേര്‍ത്ത് 60,000 രൂപയും 30-59 ശതമാനത്തിന് 5,200 രൂപയ്ക്ക് പകരം 1,25,000 രൂപയും 60-74 ശതമാനം നഷ്ടം സംഭവിച്ചവയ്ക്ക് 2,50,000 രൂപയും നഷ്ടപരിഹാര തുക നല്‍കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അധികമായി ആയിരം കോടിയിലധികം രൂപ ചെലവഴിക്കേണ്ടിവരും. കേന്ദ്രമാനദണ്ഡമനുസരിച്ച് 450 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരതുക. മൊത്തം 2.43 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി വീട് നിര്‍മ്മിക്കുന്നവര്‍ക്കാണ് നാലു ലക്ഷം രൂപ നല്‍കുന്നത്. നേരത്തേതന്നെ പ്രകൃതിദുരന്തങ്ങള്‍ക്ക് നല്‍കുന്ന തുക സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുള്ള വിഹിതം കൂടി ചേര്‍ത്ത് വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു. അതിനുശേഷമാണ് പ്രളയത്തെ കൂടി കണ്ടുകൊണ്ട് നിര്‍മാണ പ്രക്രിയയുടെ ഭാഗമായി നഷ്ടപരിഹാര തുക വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമേ കൃഷിനാശം, മത്സ്യ – ക്ഷീര – ആരോഗ്യമേഖല എന്നിവയ്‌ക്കെല്ലാം സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് നഷ്ടപരിഹാരം വന്‍തോതില്‍ ഉയര്‍ത്തി. ഇതിലൂടെ രണ്ടുതരത്തിലുള്ള സന്ദേശമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുസമൂഹത്തിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ വയ്ക്കുന്നത്. ഒന്ന് പുനര്‍നിര്‍മാണ പ്രക്രിയയെ ആര്‍ക്കും തടയാനാവില്ലെന്നതാണ്. രണ്ടാമത് ദുരിതാശ്വാസനിധി വകമാറ്റുമെന്ന കള്ളപ്രചരണം പൊള്ളയാണെന്നതും. ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച തുകയില്‍ വലിയൊരു ശതമാനം, ഭവനമെന്ന സാധാരണ മനുഷ്യന്റെ അടിസ്ഥാന ദുരിത പരിഹാരത്തിനായി മാറ്റിവച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അതാണ് തെളിയിക്കുന്നത്.

Related News