നിയമപരമായ വേതന വർധനയെ കോവിഡ് പാക്കേജിലാക്കി കേന്ദ്രസർക്കാർ

Web Desk

തിരുവനന്തപുരം

Posted on March 31, 2020, 9:21 pm

ഓരോ തൊഴിലുറപ്പ് തൊഴിലാളി കുടുംബത്തിനും കോവിഡ് പാക്കേജ് പ്രകാരം രണ്ടായിരം രൂപ അധികം ലഭിക്കും എന്നത് വാസ്തവവിരുദ്ധമെന്ന് റിപ്പോർട്ട്. രണ്ടുവർഷമായി നടപ്പിലാക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വർധന പ്രഖ്യാപിച്ച് അതുവഴി തൊഴിലാളികൾക്കുണ്ടാകുന്ന നേട്ടം പാക്കേജിന്റെ ഭാഗമെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. മാർച്ച് 23 ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ചാണ് തൊഴിലുറപ്പു തൊഴിലാളികളുടെ വേതന വർധന പ്രഖ്യാപിച്ചത്.

എന്നാൽ പ്രധാനമന്ത്രിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത് 26 നും. രണ്ടു വര്‍ഷക്കാലമായി തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാതിരിക്കുകയും വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് അതിനെതിരായി നടക്കുകയും ചെയ്തിരുന്നു. കുറഞ്ഞ വേതനം 692 രൂപയാക്കണം എന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം നിലനില്‍ക്കുകയുമാണ്. ഈ നിലയില്‍ പ്രഖ്യാപിച്ച വേതന വര്‍ധനവിനെ നാല് ദിവസത്തിനുശേഷം പ്രഖ്യാപിച്ച കൊറോണ പാക്കേജില്‍ ഉള്‍പ്പെടുത്തിയത് വിരോധാഭാസം തന്നെ. ശരാശരി വേതനം 181 ല്‍ നിന്ന് 202 ആയാണ് ഉയർത്തിയത്.

കേരളത്തില്‍ 271 രൂപയായിരുന്നത് 291 രൂപയായി വര്‍ധിച്ചു. 20 രൂപ വര്‍ധന. ഹരിയാനയില്‍ 309 രൂപയും സിക്കിമിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ 308 രൂപയും ആയി വര്‍ധിച്ചിട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലാണ് കേരളത്തേക്കാള്‍ 18,17 രൂപയും വര്‍ധനവുള്ളത്. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും വേതനം കേരളത്തെക്കാള്‍ കുറവ്. ബിഹാറിലും ഛത്തീസ്ഗഡിലും 194, 190 എന്നീ ക്രമത്തിലാണ് വേതനം. 13 സംസ്ഥാനങ്ങളില്‍ വേതനം 225ല്‍ താഴെയാണ്.

Eng­lish Sum­ma­ry: Govt puts legal wage hike into a covid pack­age

You may also like this video