Web Desk

ന്യൂഡല്‍ഹി

December 06, 2020, 9:57 pm

ഐഎന്‍എസ് വിരാട്‌ പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Janayugom Online

ഗുജറാത്തിലെ സ്വകാര്യകമ്പനിയ്ക്ക് കൈമാറിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട്‌ പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

നാവിക സേന ഡികമ്മിഷന്‍ ചെയ്ത വിരാടിനെ ഏറ്റടുക്കാന്‍ അനുമതി തേടി ബോംബെ ഹൈക്കോടതിയ്ക്ക് മുമ്പാകെ എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ അപേക്ഷയില്‍ എന്‍ഒസി നല്‍കാനാവില്ലെന്നാണ് പ്രതിരോധവകുപ്പ് അറിയിച്ചത്. ഗോവ സര്‍ക്കാരിന്റെ സഹായത്തോടെ വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാന്‍ താല്പര്യമുള്ള എന്‍വിടെക് മാരിടൈം കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തില്‍ വരുന്ന ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.

നാവികസേന ഡികമ്മിഷന്‍ ചെയ്യുന്ന കപ്പലുകള്‍ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന് വിരാട് കൈമാറുന്നതില്‍ താല്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായും പ്രതിരോധവകുപ്പ് വ്യക്തമാക്കി.

വിരാടിനെ കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേല്‍ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. താനൊരു ദേശഭക്തനായതിനാല്‍ വില 125 കോടിയില്‍ നിന്ന് 100 കോടിയാക്കിയതായും സര്‍ക്കാരില്‍ നിന്ന് എന്‍ഒസിയുമായി വന്നാല്‍ വിരാട് കൈമാറാമെന്നും മുകേഷ് പട്ടേല്‍ പറഞ്ഞിരുന്നു.

എന്‍ഒസി ഇല്ലാതെ നിലവിലെ ഉടമ വിരാടിനെ കൈമാറില്ലെന്നും സര്‍ക്കാര്‍ എന്‍ഒസി നല്‍കില്ലെന്നുമുള്ളത് നിര്‍ഭാഗ്യകരമാണെന്ന് എന്‍വിടെക്കിന്റെ മാനേജിങ് പാര്‍ട്‌നറായ രുപാലി ശര്‍മ പറഞ്ഞു.

Eng­lish sum­ma­ry: INS Virat demolition

You may also like this video: