March 23, 2023 Thursday

ടെലികോം കമ്പനികളെ രക്ഷപെടുത്താൻ മാർഗങ്ങൾ തേടി കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി
February 23, 2020 10:52 pm

എജിആർ കുടിശ്ശികയുടെ പേരില്‍ പ്രതിസന്ധിയിലായ രാജ്യത്തെ ടെലികോം കമ്പനികളെ രക്ഷപെടുത്താനുള്ള മാർഗങ്ങൾ ആരാഞ്ഞ് കേന്ദ്രസർക്കാർ.
സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതോടെ മാർച്ച് 17 നകം 1.47 ലക്ഷം കോടിയുടെ കുടിശ്ശിക പൂർണ്ണമായി അടച്ചുതീർക്കണമെന്ന അന്തിമശാസനയാണ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. ഇതിൽ 15,000 കോടിയോളം രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്. ഈ സ്ഥിതിയിൽ ഏതെങ്കിലും തരത്തിൽ കമ്പനികളെ സഹായിക്കാനാകുമോയെന്നാണ് ടെലികോം വകുപ്പ് ആരായുന്നത്. ഇതിനായി ഇന്നലെ ഉന്നതതല ഉദ്യോഗസ്ഥർ യോഗം ചേർന്നു. ധനകാര്യ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ടെലികോം കമ്പനികളെ സഹായിക്കാനുള്ള പ്രത്യേകനിധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഇതില്‍നിന്ന് വായ്പയെടുത്ത് എജിആർ കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതും പരിഗണിക്കന്നുണ്ട്. നിലവിലെ സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ ധനമന്ത്രാലയം ഇളവുകൾ നൽകുന്നതിനെ എതിർത്തുവെന്നാണ് സൂചനകൾ. യോഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ടെലികോം മന്ത്രാലയം അധികൃതർ തയ്യാറായില്ല.

സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായ രാജ്യത്തെ ടെലികോം കമ്പനികള്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഉപഭോക്താക്കളില്‍നിന്നുള്ള ശരാശരി വരുമാനം ഉയരാതെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന നിലപാടിലാണ് കമ്പനികള്‍. ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എജിആര്‍) കണക്കാക്കി അതിന്റെ എട്ടുശതമാനം ലൈസന്‍സ് ഫീസായും നാലുശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജായും നല്‍കണമെന്നാണ് നിയമം.
എജിആർ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയായ വൊഡാഫോണ്‍ ഐഡിയക്ക് ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:Govt. Seeks to save tele­com companies

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.