വാളയാർ കേസില്‍ നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

Web Desk
Posted on October 29, 2019, 9:22 pm

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റാനും അപ്പീൽ നൽകാനും സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ നിര്‍ണായക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.

തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ചയുണ്ടായതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു. പൊലീസിന് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ലെന്നും ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ പ്രതികരിച്ചു. നേരത്തെ, വാളയാര്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ മാറ്റിയിരുന്നു. അഡ്വ. രാജേഷിനെതിരെയാണ് നടപടി വന്നത്.

കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.