March 29, 2023 Wednesday

Related news

March 29, 2023
March 27, 2023
March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023
March 13, 2023

കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍: തകർച്ചയ്ക്ക് കാതോർത്ത് ഇടനിലക്കാര്‍; മുഖംതിരിച്ച് ഒരുകൂട്ടം ഉടമകൾ

ജെനീഷ് അഞ്ചുമന
കൊല്ലം
March 18, 2023 10:12 pm

നഷ്ടത്തിലേക്ക് കൂപ്പുകുത്തി തൊഴിൽ നഷ്ടമുണ്ടായ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും കശുവണ്ടി വികസന കോർപറേഷനും ശക്തമായ ഇടപെടലുകൾ നടത്തുമ്പോൾ അവയോട് മുഖം തിരിക്കുകയും പദ്ധതികൾ അവതാളത്തിലാക്കാനുമുള്ള ശ്രമം നടത്തി ഒരുകൂട്ടം ഫാക്ടറി ഉടമകൾ.
കാഷ്യൂ എക്സ്പോർട്ടേഴ്സ് പ്രമോഷൻ കൗൺസിലുൾപ്പെടെയുള്ള വ്യവസായികളുടെ സംഘടനകളെല്ലാം സർക്കാർ ഇടപെടലിനെ കാര്യക്ഷമമായി കാണുമ്പോൾ വിരലിലെണ്ണാവുന്ന ചിലർ നടപടികളെ കണ്ണടച്ച് എതിർക്കുകയും ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നത് കശുവണ്ടി മേഖലയിൽ നടക്കുന്ന കള്ളത്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റി ഫാക്ടറികൾ തുറന്നാൽ വിയർപ്പൊഴുക്കാതെ ഇപ്പോൾ കിട്ടുന്ന പണത്തിന് കുറവുണ്ടാകുമെന്ന തോന്നലാണ് ചിലർ എതിർപ്പുമായി രംഗത്തെത്താൻ കാരണം.

തമിഴ്‌നാട് തൂത്തുക്കുടി തുറമുഖം വഴി വിയറ്റ്നാമിൽ നിന്ന് സംസ്കരിച്ച കശുവണ്ടി ഇറക്കുമതി ചെയ്താണ് ഇക്കൂട്ടർ തട്ടിപ്പുകൾ നടത്തുന്നത്. ഇവരിൽ ചിലർക്ക് വിയറ്റ്നാമിൽ കശുവണ്ടി ഫാക്ടറികളുമുണ്ട്. അവിടെ സംസ്കരിച്ച പരിപ്പ് തമിഴ്‌നാട്ടിലെത്തിച്ച് കേരളത്തിലെ പരിപ്പുമായി ഇടകലർത്തി ഇന്ത്യൻ പരിപ്പായി തിരികെ വിദേശത്തേക്ക് കയറ്റി അയക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അതിന് അന്താരാഷ്ട്ര മാർക്കറ്റിൽ കൂടുതൽ തുക ലഭിക്കുകയും ചെയ്യും. അന്താരാഷ്ട്ര വിപണിയെ ചൂഷണം ചെയ്യുന്ന ഈ നടപടി കേരളത്തിലെ പരിപ്പിന്റെ ഡിമാൻഡിന് ദോഷകരമായി മാറുമെന്നതിൽ സംശയമില്ല. വിയറ്റ്നാമിലെ പരിപ്പ് പുഴുങ്ങിയും കേരളത്തിലിത് ചുട്ടുമാണ് സംസ്കരിക്കുന്നത്.

ചെലവ് കൂടുതലുള്ള പ്രക്രിയയാണെങ്കിലും രുചിയുടെ കാര്യത്തിൽ കേരളത്തിലെ പരിപ്പ് മുൻപന്തിയിലാണ്. പ്രതിവർഷം 16 ലക്ഷം ടൺ തോട്ടണ്ടിയാണ് സംസ്ഥാനത്ത് സംസ്കരിച്ചിരുന്നത്. ഏഴ് ലക്ഷം മാത്രമാണ് ആഭ്യന്തര ഉല്പാദനം. ബാക്കി തോട്ടണ്ടി ഇറക്കുമതിയിലൂടെയാണ് എത്തിച്ചിരുന്നത്. തോട്ടണ്ടി ഇറക്കുമതിയുടെ മറവിലാണ് വിയറ്റ്നാമിൽ നിന്ന് ഇവർ ഗുണമേന്മ കുറഞ്ഞ പരിപ്പ് ഇറക്കുമതി നടത്തുന്നത്.

ജപ്തിയായാലും കുഴപ്പമില്ല

ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന വ്യവസായികൾക്ക് സംസ്ഥാന സർക്കാർ ഇടപെടലുകളുടെ ഭാഗമായി 350 കോടിയോളം രൂപ ബാങ്കുകൾ ഇളവ് നൽകി. 50 ശതമാനം തുക മാത്രം തിരിച്ചടവ് മതിയെന്ന ധാരണയിൽ നിശ്ചിത തീയതിക്കകം 10 ശതമാനം തുക അടയ്ക്കാനും തീരുമാനമായിരുന്നു. ഭൂരിഭാഗം പേരും ഇത്തരത്തിൽ തുക അടച്ചെങ്കിലും ചിലർ ഇതിനോട് മുഖം തിരിക്കുകയായിരുന്നു. ജപ്തിയായാലും ഫാക്ടറികൾ തുറക്കാനാകില്ലെന്ന നിലപാടിലാണ് ഇവർ.

ജാമ്യവസ്തു ഏറ്റെടുക്കാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ എന്ന പേരിൽ ചില കുത്തകകൾ എത്തിയതാണ് ഇതിന് കാരണമായി മാറിയത്. സർക്കാർ ആനുകൂല്യത്തിന്റെ മറവിൽ വായ്പത്തുക അടച്ചുതീർക്കുകയും ജാമ്യവസ്തു ഇവർ ഏറ്റെടുക്കുകയും ചെയ്യും. ബാക്കി കൈ­യിൽ കിട്ടുന്ന തുക പൂർണമായും ഇവർക്ക് ലാഭമാകും. കൂടാതെ ഇപ്പോൾ തൂത്തുക്കുടി കേന്ദ്രീകരിച്ച് ഇവർ നടത്തുന്ന കച്ചവടം നിലവിലുള്ള രീതിയിൽ തന്നെ തുടരാനും കഴിയും.

Eng­lish Summary;Govt to revive cashew sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.