Janayugom Online
GOWRI AMMA_K R

ഗൗരിയമ്മ നാളെ നൂറിലേക്ക്, ചാത്തനാട്ടേക്ക് വായോ..

Web Desk
Posted on June 30, 2018, 7:55 pm
ടി കെ അനിൽകുമാർ 
ആലപ്പുഴ: കേരം തിങ്ങും കേരളനാട്ടിനു അന്നും ഇന്നും ഒരു കെ ആർ ഗൗരി.   മിഥുനമാസത്തിലെ തിരുവോണദിവസമായ നാളെ  ഗൗരിയമ്മ നൂറാം വർഷത്തിന്‍റെ നിറവിലേക്ക്. ഒരു വട്ടം കേരളത്തിന് പ്രഥമ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് വരെ ജനങ്ങൾ കരുതി, ആയിരങ്ങളുടെ ചുണ്ടിൽ ഒരു പാർട്ടിയുടേതുമല്ലാതെ വിരിഞ്ഞ മുദ്രാവാക്യം: കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും!
കേരളം ഭരിച്ചില്ലെങ്കിലും ഗൗരിയമ്മ ജന മനസ്സുകളെ ഭരിച്ചു. “പെണ്ണായാൽ ഇങ്ങനെ വേണം” എന്ന് കേരളത്തിലെ ഓരോ ആണും പെണ്ണും ഗൗരിയമ്മയെക്കുറിച്ചു കരുതി. അത്ര തീക്ഷ്ണമായിരുന്നു ഗൗരിയമ്മയുടെ സമരപഥം. ചോര കൊണ്ട് മാത്രം കോറിയിടാൻ കഴിയുന്ന ഇതിഹാസമായി ഗൗരിയമ്മ കേരങ്ങളെപ്പോലെ എഴുന്നു നിൽക്കുന്നു.
1919 ജൂലൈ 14 ന് കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടേയും മകളായി ആലപ്പുഴയിലെ പട്ടണക്കാടാണ് ഗൗരിയമ്മ ജനിച്ചത്. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ഗൗരിയമ്മയുടെ പേരിൽ കുറിക്കപ്പെട്ട ബില്ലുണ്ട്, ഭൂപരിഷ്‌ക്കരണബില്ല്. അത് കേരളത്തിന്റെ ഭാഗധേയം മാറ്റിക്കുറിച്ചു.
നാളത്തെ പിറന്നാള്‍ ആഘോഷം ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിലാണ്. പകല്‍ 11 ന് ഗൗരിയമ്മ കേക്ക് മുറിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പേരെത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പലപ്രമുഖരും.  അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ മൂന്നുതരം പായസവും കരിമീന്‍ പൊള്ളിച്ചതും ബീഫ് വരട്ടിയതും കോഴിക്കറിയും ആറുതരം തൊടുകറികളും ഉൾപ്പെടെയുളള വിഭവസമൃദ്ധമായ സദ്യ. “ഞാൻ ആരെയും വിളിച്ചിട്ടില്ല” ഗൗരിയമ്മ ഇന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാലെന്ത്, നമുക്കും പോകാം, മനസ്സുകൊണ്ടെങ്കിലും…നമ്മുടെ ഗൗരിയമ്മയല്ലേ!

നൂറാം പിറന്നാൾ ആഘോഷ ഭാഗമായി സംഘാടകസമിതിയാണ‌് ചാത്തനാട്ടെ വീട്ടിലേക്ക‌്  മാധ്യമപ്രവർത്തകരെ വിളിച്ചത‌്.  ആലപ്പുഴയിൽ ഇതിനുംമാത്രം പത്രക്കാരുണ്ടോയെന്നായി ആദ്യചോദ്യം. ‘ വയസുകൂടുന്നത‌് ആർക്കെങ്കിലും ഇഷ‌്ടമുണ്ടോ? അതും നൂറുവയസാകുന്നത‌്’. പിറന്നാളിന‌് ഞാൻ ആഘോഷമൊന്നും നടത്തുന്നില്ല. കുറെ ആളുകൾ കൂടിയാണ‌് എല്ലാം ചെയ്യുന്നത‌്. സദ്യയുടെ കുറ്റവും കുറവും മേന്മയുമൊക്കെ അവരുടേതായിരിക്കും’ — ഗൗരിയമ്മ.

90 വയസായപ്പോൾ പത്രക്കാരോട‌് പതിനാറു വയസാണെന്നു പറഞ്ഞത‌് ഓർമിപ്പിച്ച ലേഖകനോട‌്, ‘നീ എന്തിനാ പ്രായം തെരക്കുന്നത‌്, എന്നെ കെട്ടാനാ? എന്നിട്ട്  ടി വി തോമസിന്റെയും ഗൗരിയമ്മയുടെയും വിവാഹഫോട്ടോയിൽ വിരൽചൂണ്ടി  ‘അയാൾ സഹിക്കി’ല്ലെന്ന തമാശയും.  ടി വി യുമായി പിണങ്ങിയതിനെപ്പറ്റി പറഞ്ഞപ്പോൾ എന്തിനാ നിങ്ങൾ പിണങ്ങിയതെന്നു ചോദ്യം. മറുപടി: ‘ നീ എവിടത്തെ പത്രക്കാരനാണെടാ. ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങുന്ന കാര്യം ആരെങ്കിലും പറയുമോ’..

കേരള ഭരണത്തെക്കുറിച്ചു: ‘ ഇവിടെ എല്ലാവർക്കും താമസിക്കാൻ സ്ഥലമായല്ലോ, മൂന്നും അഞ്ചും പത്തും സെന്റിലാണെങ്കിലും. പോകുമ്പോൾ  നെറ്റിയിൽ കൈപ്പടംവച്ച‌് എല്ലാവർക്കും ‘റെഡ‌് സല്യൂട്ട‌്’.