ജിപിആര്‍ തെരച്ചില്‍ ഫലവത്തായില്ല

Web Desk
Posted on August 18, 2019, 10:48 pm

സ്വന്തം ലേഖകന്‍

നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലുളളവരെ കണ്ടെത്താനായി ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം നടheavy rain 201ത്തിയ തെരച്ചില്‍ ഫലം കണ്ടില്ല. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ മെഷിന്‍ സ്‌കാന്‍ ചെയ്ത സ്ഥലങ്ങളില്‍ ജെസിബി ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം സാധാരണ രീതിയിലുള്ള തെരച്ചിലിനിടെ ഇന്നലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞരായ ആനന്ദ് കെ പാണ്ഡെ, രത്‌നാകര്‍ ദാക്‌തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ രാവിലെ പത്തേകാലോടെ തെരച്ചില്‍ നടത്തിയത്.
രണ്ട് സെറ്റ് ജിപിആര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം. മെഗാഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ജിപിആറില്‍ സിഗ്നലുകള്‍ നല്‍കുന്നത്. ഒരു യൂണിറ്റ് 30 മെഗാ ഹെര്‍ട്‌സ് റെയ്ഞ്ചിലുള്ളതാണ്. റേഡിയോ സിഗ്നലുകള്‍ കടത്തിവിട്ട് 30 മീറ്റര്‍ മുതല്‍ 40മീറ്റര്‍ താഴെവരെയുള്ള ഡാറ്റകളാണ് കണ്ടെത്തുക. രണ്ടാമത്തെ യൂണിറ്റ് 20 മെഗാ ഹെര്‍ട്‌സിലുള്ളതിന് അഞ്ചുമീറ്റര്‍ താഴ്ചവരെയുള്ള ഡാറ്റകളും കിട്ടും. കവളപ്പാറയില്‍ നാലിടത്ത് മെഷിന്‍ നേരിയ സിഗ്നലുകള്‍ നല്‍കിയിരുന്നു. എല്ലുകളില്‍ തട്ടി തരംഗം ഗ്രാഫ് രൂപത്തില്‍ തിരിച്ചുവരുന്നതാണ് സംവിധാനം. എന്നാല്‍ ഇവ രണ്ടു യൂണിറ്റും കാര്യമായ സിഗ്നലുകള്‍ നല്‍കിയില്ല.
പ്രദേശത്ത് ചെളിയും കൂടാതെ വെള്ളവും മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്നതിനാല്‍ കണ്ടെത്തല്‍ അസാധ്യമെന്ന് ആനന്ദ് കെ പാണ്ഡെ അറിയിച്ചിരുന്നു. പരന്ന മണല്‍ പ്രദേശത്ത് തെരച്ചിലിന് ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിത്. വെള്ളം ഉള്ളിടത്ത് പരിശോധന കൃത്യമാവില്ല. മെഷിന്‍ നേരിയ സിഗ്നലുകള്‍ നല്‍കിയിടത്ത് അടയാളം വച്ച് പത്ത് മീറ്റര്‍ വിസ്തൃതിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കോരിയെടുത്തുവെങ്കിലും മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. വൈകിട്ട് മൂന്നരയോടെ ജിപിആര്‍ വച്ചുള്ള തെരച്ചില്‍ നിര്‍ത്തി സംഘം നിലമ്പൂരിലേക്ക് മടങ്ങി. വയനാട് പുത്തുമലയിലും ഇതേ രീതിയിലാണ് ഭൂമിയുടെ അവസ്ഥയെങ്കില്‍ വിജയിക്കുമോ എന്നകാര്യത്തില്‍ സംഘത്തിന് ആശങ്കയുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 121 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 21 പേരെ കാണാതായിട്ടുണ്ട്. ക്യാമ്പുകളുടെ എണ്ണം 296 ആയി കുറഞ്ഞു.