Thursday
12 Dec 2019

സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സമയം നീട്ടി സ്വകാര്യ ബസ്സുകളിലെ ജി പി എസ് സംവിധാനം വൈകും 

By: Web Desk | Thursday 11 April 2019 8:20 PM IST


PrivatevBus strike
ആര്‍ ബാലചന്ദ്രന്‍ 
ആലപ്പുഴ: സ്വകാര്യ ബസ്സുകളില്‍ ജി പി എസ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈകും. ഇത് ബസ്സുകളില്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗികവശങ്ങളറിയുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ചുരുക്കമാണെന്നും  അതിനാല്‍ സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംഘടനയായ കെ ബി ടി എ, പി ബി ഒ എ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 31 വരെ കോടതി സമയം നല്‍കുകയായിരുന്നു. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ ജി പി എസ് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാഹനാപകടങ്ങള്‍ ഒഴിവാക്കുക, വേഗം നിയന്ത്രിക്കുക തുടങ്ങിയവ മുന്നില്‍ കണ്ടാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനമെടുത്തത്.  വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി എല്‍ ടി) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം വേഗനിയന്ത്രണത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് നീക്കം. വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ താലൂക്കില്‍ സര്‍വീസ് നടത്തുന്ന 120 ബസുകളില്‍ മൂന്നോളം വന്‍കിട ബസ്സുകാര്‍ മാത്രമാണ് ഘടിപ്പിച്ചത്. സ്വകാര്യ ബസ്സ് ഉടമകള്‍ ചില സാങ്കേതിക തടസ്സം ഉന്നയിച്ചതോടെ കോടതിയെ സമീപിച്ച് കൂടുതല്‍ സമയം നേടിയെടുക്കുകയായിരുന്നു.  അതേസമയം, 2019 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. സ്‌കൂള്‍ വാഹനങ്ങള്‍ അപടകത്തില്‍ പെടുന്നത് വര്‍ദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും. കുട്ടികള്‍ക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ വാഹനത്തിലെ ബസ്സര്‍ അമര്‍ത്തിയാല്‍ അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ഈ ജിപിഎസലുണ്ട്. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്. ജി.പി.എസ്. സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളെ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും മേഖലാതലത്തില്‍ ആര്‍.ടി. ഓഫീസുകളുമായി ചേര്‍ന്ന് 17 കണ്‍ട്രോള്‍ റൂമുകളും ഉണ്ടാകും. സിഡാക്കാണ് സോഫ്‌റ്റ്വെയറും കണ്‍ട്രോള്‍ റൂമുകളും വികസിപ്പിച്ച് ഗതാഗതവകുപ്പിനൊപ്പം പദ്ധതിയില്‍ ചേരുന്നത്. ജി പി എസ് നിര്‍ബന്ധമാക്കിയതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമാണ്. ഇത് ഘടിപ്പിക്കാനറിയാവുന്നവര്‍ കേരളത്തില്‍ ചുരുക്കമാണെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. കൊച്ചിപോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രമാണ് സൗകര്യം ഉള്ളത്. ഉപകരണം കേടുപാടുകള്‍ സംഭവിച്ചാല്‍ ഭീമമായ തുക ചെലവാക്കണം. കൂടാതെ 14,000 രൂപ മുടക്കി ജി പി എസ് സംവിധാനം ബസ്സില്‍ സ്ഥാപിച്ചാല്‍ മാത്രം അപകടം കുറക്കാന്‍ കഴിയില്ല. തങ്ങള്‍ക്ക് ഇതൊരു അലങ്കാരം മാത്രമാണ്. അപകടം കുറക്കാന്‍ വേണ്ടത് ഗതാഗത തടസ്സമില്ലാത്ത റോഡുകള്‍ മാത്രമാണ്. അതിന് പകരം അധികം ബാധ്യത വരുത്തിവെക്കാനേ ഇത്തരം സംവിധാനങ്ങള്‍ ഉപകരിക്കൂവെന്ന് ഇവര്‍ പറയുന്നു.
Related News