Web Desk

കൊല്ലം

October 25, 2020, 7:29 pm

കാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

Janayugom Online

കാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങവെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലിം വിജിലന്‍സ് പിടിയില്‍. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡന കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരിലാണ് എസ് ഐ കെെക്കൂലി വാങ്ങിയത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അബ്ദുല്‍ സലിം ചവറ പൊലീസ് സ്റ്റേഷനില്‍ ജോലി നോക്കിയിരിന്നു. ഈ കാലയളവില്‍ പരാതിക്കാരനായ ഫൈസല്‍ പ്രതിയായ ഒരു സ്ത്രീധന പീഡന കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.

കോടതിയില്‍ ഇപ്പോള്‍ വിചാരണയിലിരിക്കുന്ന ഈ കേസില്‍ മൊഴി നല്‍കുവാന്‍ കഴിഞ്ഞ ആഴ്ച അബ്ദുല്‍ സലിമിന് കോടതിയില്‍ നിന്നും സമന്‍സ് വന്നിരുന്നു. തുടര്‍ന്ന് സലിം ഫോണില്‍ ഫൈസല്‍ ബന്ധപ്പെട്ടു കോടതിയില്‍ അനുകൂലമായി മൊഴി നല്‍കുന്നതിനു 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഫൈസല്‍ ഇക്കാര്യം കൊല്ലം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്‌പി കെ അശോക് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലന്‍സ് കെണി ഒരുക്കി 24ന് വൈകിട്ട് 5 മണിയോടെ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ സലിമിന്റെ ബന്ധുവിന്റെ ജൂവല്ലറിയില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

കേസ് രജിസ്റ്റര്‍ ചെയ്ത സമയത്തും പരാതിക്കാരനില്‍ നിന്നും അബ്ദുല്‍ സലിം രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പറയുന്നു. വിജിലന്‍സ് കൊല്ലം യൂണിറ്റ് ഡിവൈഎസ്‌പി കെ അശോക് കുമാറിനെ കൂടാതെ വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ എം. അജയനാഥ്, ജിഎസ്ഐ മാരായ ഹരിഹരന്‍, സുനില്‍, ഫിലിപ്പോസ് എഎസ്ഐമാരായ അജയന്‍, ജയഘോഷ്, സുരേഷ് കുമാര്‍ എസ്‌ സിപിഒമാരായ ദീപന്‍, ശരത് തുടങ്ങിയവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.

Eng­lish sum­ma­ry: Grade sub-inspec­tor arrest­ed for tak­ing bribe
You may also like this video: