19 April 2024, Friday

ധാന്യസമ്പുഷ്ടീകരണവും കേരളവും

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
November 25, 2022 4:30 am

ധാന്യസമ്പുഷ്ടീകരണം പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥകൾക്ക് പരിഹാരമാണോ അല്ലയോ എന്നതും ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നതും സംബന്ധിച്ച് വിദഗ്ധർക്കിടയിൽത്തന്നെ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നു. മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നിരിക്കുകയാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽപ്രധാനമന്ത്രി, സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ഭക്ഷ്യധാന്യ വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾ വഴിയും സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യങ്ങൾ മാത്രം വിതരണം ചെയ്യുന്നതിനുള്ള ഉദ്ദേശം പ്രഖ്യാപിക്കുകയുണ്ടായി. ഇതനുസരിച്ച് 2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻകടകൾ വഴി പൂർണമായും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ പദ്ധതികൾക്ക് ഘട്ടംഘട്ടമായി സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതിനുമുള്ള നി‍ർദ്ദേശത്തെ സംബന്ധിച്ച് കേന്ദ്രം അഭിപ്രായമാരായുകയുണ്ടായി. സംസ്ഥാനത്ത് പൊതുവിതരണം ചെയ്യുന്ന അരി സമ്പുഷ്ടീകരിക്കേണ്ടതില്ല എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.

സംസ്ഥാനത്തെ ഭക്ഷ്യധാന്യത്തിന്റെ വാർഷിക അലോട്ട്മെന്റ് 14.25 ലക്ഷം മെട്രിക് ടൺ ആണ്. 2021–22 ൽ സംസ്ഥാനത്തെ കർഷകരിൽ നിന്ന് നെല്ലുസംഭരണ പദ്ധതിപ്രകാരം സംഭരിച്ച് അരിയാക്കി പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യാൻ കഴിഞ്ഞത് 5.13 ലക്ഷം മെട്രിക് ടണ്‍ ആണ്. ഇത് മൊത്തം ഭക്ഷ്യധാന്യ വിതരണത്തിന്റെ 36 ശതമാനം വരും. നെല്ലുസംഭരണ പദ്ധതിപ്രകാരം ലഭ്യമാകുന്ന അരിയിൽ അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി-12 തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ സമ്പുഷ്ടീകരിക്കേണ്ട ആവശ്യമില്ല. പോഷകാഹാരക്കുറവ് കാണപ്പെടുന്ന ആദിവാസി ഗോത്ര മേഖലകളിൽ വിതരണം ചെയ്യുന്നതിന് ഈ അരി മതിയാകും. മറ്റു സ്ഥലങ്ങളിൽ പോഷകാഹാരക്കുറവിനുള്ള സാധ്യത ഇല്ലാത്തതിനാൽ സമ്പുഷ്ടീകരിക്കാത്ത അരി തന്നെ വിതരണം ചെയ്താൽ മതിയാകും. ഇക്കാരണങ്ങളാൽ ആണ് അപ്രകാരം ഒരു നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.


ഇതുകൂടി വായിക്കൂ: കാര്‍ഷികാശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍


ഭക്ഷ്യധാന്യങ്ങളുടെ സമ്പുഷ്ടീകരണം ഏപ്രിൽ മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. അങ്ങനെ വന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്രകാരം പോഷക സമ്പുഷ്ടീകരണം ചെയ്ത അരിയായിരിക്കും പൊതുവിതരണത്തിനായി ലഭ്യമാവുക. നിലവിൽ കേരളത്തിൽ ആസ്പിരേഷണൽ ഡിസ്ട്രിക്ട് എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിൽ മാത്രമാണ് സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യങ്ങൾ റേഷൻകട വഴി വിതരണം ചെയ്തുവരുന്നത്. ഇത് ആരംഭിച്ചപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്ന് ആശങ്കകളും ആക്ഷേപങ്ങളും ഉയരുകയും കേരളസർക്കാർ ഇക്കാര്യത്തെ ഗൗരവമായി പരിശോധിക്കുകയുമുണ്ടായി. എല്ലാ റേഷൻ ഉപഭോക്താക്കൾക്കും വിവേചനരഹിതമായി ഈ അരി നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വയനാട് ജില്ലയിലെ ഗോത്രവർഗവിഭാഗക്കാർക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികൾക്ക് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലായിരിക്കുന്നതിനാൽ ഇവർക്ക് സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യങ്ങൾ ദോഷം ചെയ്യുമെന്നുമാണ് മുഖ്യമായ വിമർശനം ഉയർന്നത്. ആ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് വയനാട് ജില്ലയിലെ നിയമസഭാംഗങ്ങളുടെ ഒരു യോഗം വിളിച്ചുചേർക്കുകയുണ്ടായി. യോഗതീരുമാന പ്രകാരം വയനാട് ജില്ലയിലെ സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികളുടെ കൃത്യമായ വിവരം ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ശേഖരിക്കുകയും അത്തരം കുടുംബങ്ങൾക്ക് സമ്പുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണമേർപ്പെടുത്തുകയും ചെയ്തു. കൂടാതെ സ്കൂളുകളിലെയും അങ്കണവാടികളിലെയും പോഷകാഹാര വിതരണ പദ്ധതികളുടെ ഗുണഭോക്താക്കളായ കുട്ടികളിൽ മേൽപ്പറഞ്ഞ രോഗങ്ങളുള്ളവർക്ക് സമ്പുഷ്ടീകരിക്കാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് വിദ്യാഭ്യാസ, വനിതാ-ശിശുവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരെ അറിയിക്കുകയും സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യങ്ങളുടെ ഉപയോഗം പൊതുവിലും സിക്കിൾസെൽ, തലാസീമിയ രോഗികളിൽ വിശേഷിച്ചും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക സംബന്ധിച്ച് പരിശോധന നടത്തുന്നതിന് ഒരു വിദഗ്ധസമിതിയെ നിയോഗിക്കാൻ ആരോഗ്യവകുപ്പു മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: വിലക്കയറ്റവും കേരള സർക്കാരും


സമ്പുഷ്ടീകരണത്തെ എതിർക്കുന്നവർ ഉയർത്തുന്ന വാദങ്ങൾക്ക് പലവിധ മാനങ്ങളുമുണ്ട്. പ്രകൃതിസഹജമായ ഭക്ഷണശീലത്തിൽ നിന്ന് നിലവിൽത്തന്നെ നമ്മുടെ സമൂഹം വളരെയധികം അകന്നുപോയിക്കഴിഞ്ഞിട്ടുണ്ടെന്നും ധാന്യസമ്പുഷ്ടീകരണ പ്രക്രിയ ഭക്ഷണത്തിന്റെ കൃത്രിമവല്ക്കരണം വ‍ർധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ധാന്യങ്ങൾ ജൈവികമായി ഉള്ള തവിടും ധാതുലവണങ്ങളും പോളിഷ് ചെയ്ത് കളഞ്ഞിട്ട് കൃത്രിമ പോഷകങ്ങൾ ചേർക്കുന്നതുവഴി ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും പ്രാദേശിക ഭക്ഷണശീലങ്ങളിന്മേലുള്ള കുത്തകകളുടെ കടന്നുകയറ്റം മൂലം പ്രാദേശിക ഭക്ഷണ വൈവിധ്യം തകർക്കപ്പെടുമെന്നുമാണ് അവരുടെ പക്ഷം. ജനങ്ങളിൽ ഒരു ചെറിയ വിഭാഗത്തിൽ മാത്രം പോഷകാഹാരക്കുറവ് മൂലമുള്ള രോഗാവസ്ഥകൾ കാണപ്പെടുന്ന കേരളത്തിൽ എല്ലാവർക്കും കൃത്രിമ പോഷകങ്ങൾ അടിച്ചേല്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നുള്ള വാദം ഗൗരവമായ പരിഗണന അർഹിക്കുന്നുണ്ട്.
തുടക്കത്തിൽ സൂചിപ്പിച്ച കാരണങ്ങളാൽ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം സംസ്ഥാനത്ത് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാർ ആദ്യമേ കൈക്കൊണ്ടത്. പിന്നീട് കൂടുതൽ ഗൗരവമായ വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഭക്ഷ്യ വകുപ്പ് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. നെല്ലുസംഭരണ പദ്ധതിവഴി ലഭിച്ച് സംസ്കരിച്ച് പൊതുവിതരണത്തിന് സജ്ജമാക്കി സൂക്ഷിച്ചിട്ടുള്ള അരി സമ്പുഷ്ടീകരിക്കാതെ വിതരണംചെയ്യാൻ പാടില്ല എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാൽ ഇത്രയും വിപുലമായ തോതിൽ സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതിക സംവിധാനം നിലവിലില്ലാത്ത കേരളത്തിൽ ഈ അരി പാഴായിപ്പോകുന്ന സാഹചര്യം ഉണ്ടാകും. ഈ സ്ഥിതിയെ മറികടക്കുന്നതിനുവേണ്ടി 2022–23 വർഷത്തിൽ സമ്പുഷ്ടീകരിക്കാതെ തന്നെ ഈ അരി വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഭക്ഷ്യഭദ്രതയിൽ മാതൃകയായി കേരളം


നെല്ലുസംഭരണപദ്ധതി വഴി ലഭിക്കുന്നതൊഴിച്ചാൽ കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യമാണ് പൊതുവിതരണ സംവിധാനം വഴി സംസ്ഥാനസർക്കാർ വിതരണം ചെയ്യുന്നത്. കേന്ദ്രം സമ്പുഷ്ടീകരിച്ച ഭക്ഷ്യധാന്യം പൂർണതോതിൽ സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതമായി നൽകാനാരംഭിച്ചാൽ അത് സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട സാഹചര്യം സംജാതമാകും. മറിച്ച് സമ്പുഷ്ടീകരിച്ച അരി സ്വീകരിക്കാൻ വിസമ്മതിച്ചാൽ സംസ്ഥാനത്തെ പൊതുവിതരണസംവിധാനം വഴിയുള്ള അരിവിതരണം തന്നെ നിലയ്ക്കുന്ന സാഹചര്യവുമുണ്ടാകും. സമ്പുഷ്ടീകരണം ഉണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി കൃത്യമായ പഠനത്തിന്റെയും വിദഗ്ധോപദേശത്തിന്റെയും അടിസ്ഥാനത്തിൽ കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നതാണ്. ഇതിനുവേണ്ടിയുള്ള നടപടികൾക്ക് സംസ്ഥാനസർക്കാർ തുടക്കം കുറിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.