സെല്‍ഫിക്കിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് സിനിമാ ചിത്രീകരണം; സംവിധായകന്‍

Web Desk
Posted on March 17, 2018, 9:23 am

സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണനും രാജലക്ഷ്മിയും

പാലക്കാട്: മക്കള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീണെന്ന് പ്രചരിച്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ തന്‍റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍.

കിണറിന് സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ദൃശ്യം അപകടമാണെന്ന തരത്തിലാണ് വ്യാപകമായ പ്രചരണമുണ്ടായത്. തന്‍റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുമ്പ് അതില്‍ പറയുന്ന വിഷയത്തിന്‍റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.

അപകടത്തില്‍പ്പെട്ട് സ്ത്രീ മരിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും സത്യാവസ്ഥ അന്വേഷിച്ചെത്തിയെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ഇതിനകം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോ പോലെ തന്റെ ചിത്രവും വൈറലാകുമെന്ന പ്രതീക്ഷയും സംവിധായകനുണ്ട്.