February 4, 2023 Saturday

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ അനുമതി

റെജി കുര്യൻ
ന്യൂഡല്‍ഹി
April 25, 2020 6:52 pm

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തിരുത്തല്‍ നടപടിയുമായി കേന്ദ്രം രംഗത്ത് എത്തിയത്. യുഎഇയില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയച്ച നടപടിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ എൻഒസി വേണമെന്ന നിബന്ധന തിരുത്താന്‍ കേന്ദ്രം തയ്യാറായത്.

മൃതദേഹങ്ങള്‍ തിരികെ അയച്ചത് വേദനാജനകമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറും വ്യക്തമാക്കിതോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയാണുണ്ടായത്. കോവിഡ് ബാധിതരല്ലാതെ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പുതിയ ഉത്തരവു പ്രകാരം വിദേശകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അനുമതി നല്‍കിയാല്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം. കേന്ദ്രത്തിന്റെ പുതിയ തീരുമാനം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്ത് ആചാരപരമായി സംസ്‌കരിക്കാന്‍ അവസരം ഒരുക്കും. എന്നാല്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നിലവിലെ പ്രൊട്ടോകോള്‍ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരെ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്‌കരിക്കുന്നതാണ് നടപ്പു രീതി.

മുമ്പ് പകര്‍ച്ച വ്യാധികള്‍ മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് എല്ലാവിധ പരിശോധനകളും നടത്തി സാക്ഷ്യപത്രങ്ങള്‍ ഉറപ്പാക്കി ഇന്ത്യയിലേക്ക് അയച്ചിരുന്നത്. ഇത്തരത്തില്‍ അയച്ച മൂന്ന് മൃതദേഹങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യു എ ഇയിലേക്ക് തിരിച്ചയച്ചതെന്ന് പവന്‍ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ടാണോ മൃതദേഹങ്ങള്‍ തിരിച്ചയച്ചതെന്ന് വ്യക്തമല്ലെന്നും കോവിഡ് ബാധിച്ച ഒരു മൃതദേഹവും നാട്ടിലേക്ക് അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി കപൂര്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടത്.

ജഗ്‌സീര്‍ സിങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹിയില്‍ നിന്നും അബുദബിയിലേക്ക് മടക്കിയയച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി മൃതദേഹങ്ങള്‍ വിട്ടു നല്‍കണമെന്ന് അപേക്ഷിച്ചിട്ടും അധികൃതര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. നിലവില്‍ യാത്രാ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ വ്യവസായികളുടെയും കാര്‍ഗോ കമ്പനികളുടെയും കനിവില്‍ ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ച് കാര്‍ഗോ വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നത്. ഇതിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കുറേക്കൂടി കാര്യങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായേക്കുമെന്ന് കേന്ദ്രം സൂചന നല്‍കി.

ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബേ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും പോലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിങ്ങില്‍ പല സംസ്ഥാനങ്ങളും പ്രവാസികളുടെ മടക്കം സംബന്ധിച്ച വിഷയം ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും പ്രവാസികളുടെ മടക്കം സംബന്ധിച്ച കാര്യത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ നല്ല നിലയില്‍ താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കം സര്‍ക്കാരുകള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമുള്ള സംഗതിയാണ്. അതുകൊണ്ടുതന്നെ ധനമന്ത്രാലയത്തിന്റെ നിലപാടും ഇക്കാര്യത്തില്‍ തേടേണ്ടതുണ്ട്. ഇതിനു പുറമെ ഇവരെ സ്വീകരിക്കാന്‍ പാകത്തിനുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും വിലയിരുത്തേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.