സൈബർ കുറ്റകൃത്യങ്ങൾ: പൊലീസിന് കൂടുതൽ അധികാരം

*ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
Web Desk

തിരുവനന്തപുരം:

Posted on November 21, 2020, 10:22 pm

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമായതിനാൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതിനായി പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള ഓർഡിനൻസിന് ഗവർണർ ആരിഫ് മുഖമ്മദ്ഖാൻ അംഗീകാരം നൽകി.
സ്വകാര്യജീവിതത്തിന് സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പൊലീസ് ആക്ടില്‍ 118‑എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

പുതിയ ഭേദഗതിയിലൂടെ മാധ്യമ സ്വാതന്ത്ര്യത്തെ തടയിടാനും വാറണ്ട് ഇല്ലാതെ തന്നെ പൊലീസിന് അറസ്റ്റ് രേഖപ്പെടുത്താനും കഴിയുന്ന വ്യവസ്ഥയ്ക്കെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. 2000‑ലെ ഐടി ആക്ടിലെ 66‑എ വകുപ്പും 2011‑ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ENGLISH SUMMARY: GRANTED MORE POWER TO POLICE IN CYBER CRIMES