അഞ്ച് വര്‍ഷത്തിനിടെ 500 വന്‍കിട പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി

Web Desk
Posted on August 18, 2019, 10:54 pm

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ആവാസ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് സ്റ്റഡീസ് എന്നിവിടങ്ങളിടെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 640 ജില്ലകളിലാണ് വിദഗ്ധര്‍ പഠനം നടത്തിയത്. മലിനീകരണ സൂചികയിലെ 20 പ്രമുഖ നഗരങ്ങളില്‍ 20 എണ്ണവും ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ 500 വന്‍കിട പദ്ധതികള്‍ക്കാണ് പാരിസ്ഥിതിക അനുമതി നല്‍കിയത്. 2009–19 കാലയളവില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ 260 വന്‍കിട പദ്ധതികള്‍ക്കും അനുമതി നല്‍കിയിരുന്നു. ലഭിക്കുന്ന അപേക്ഷകളില്‍ ഒരു ശതമാനം മാത്രമാണ് മോഡി സര്‍ക്കാര്‍ നിരസിച്ചതെങ്കില്‍ യുപിഎ സര്‍ക്കാര്‍ ലഭിച്ച അപേക്ഷകളുടെ 12 ശതമാനവും നിരസിച്ചിരുന്നു.
മോഡി സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള സമയപരിധി 580ല്‍ നിന്നും 180 ദിവസമായി ആയി കുറഞ്ഞു. ഇപ്പോള്‍ ഇത് നൂറ് ദിവസമായി കുറയ്ക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ 1,22,748 ഹെക്ടര്‍ വനപ്രദേശങ്ങള്‍ നശിപ്പിച്ചതായി അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാല, നാസ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ യുപിഐ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് 36 ശതമാനം വനം കൂടുതലായി നശിപ്പിച്ചു. ഇതിന്റെ ഫലമായി 2017ലെ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ബഹിര്‍ഗനതോത് 101ല്‍ നിന്ന് 250 ശതമാനമായി വര്‍ധിച്ചു.
900 കിലോമീറ്റര്‍ നീളമുള്ള ബദരിനാഥ്- കേദാര്‍നാഥ്, ഗംഗോത്രി- യമുനോത്രി ചര്‍ദാന്‍ റോഡ് പദ്ധതിക്കായി പരിസ്ഥിതി അനുമതി നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. പദ്ധതിക്കായി 50,000 മരങ്ങളാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തെ കടുവകളുടെ എണ്ണം 4000 ആയി വര്‍ധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടുവകളുടെ എണ്ണം കൂടുതലുള്ള തെലങ്കാനയിലെ അമ്രാബാദ് കടുവസംരക്ഷണ കേന്ദ്രത്തില്‍ യുറാനിയം ഖനനത്തിന് അനുമതി നല്‍കി.
1980ന് ശേഷം രാജ്യത്തെ 14,000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശങ്ങളാണ് നശിപ്പിച്ചത്. പകരമായി 6800 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മാത്രമാണ് വനവല്‍ക്കരണം നടത്തിയത്. വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ അല്ലെന്ന് സിഎജി റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 177-ാം സ്ഥാനത്താണ്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ 141 ആയിരുന്നു.