Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
വയനാട് ബ്യൂറോ

കേണിച്ചിറ

July 07, 2021, 3:20 pm

പുല്‍കൃഷി; മാതൃകയായി യുവകര്‍ഷകന്‍

Janayugom Online

 

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി വയനാട്ടില്‍ പുല്‍കൃഷി നടത്തുന്നവരുടെയെണ്ണത്തില്‍ വന്‍വര്‍ധന. ക്ഷീകമേഖലയുമായി ബന്ധപ്പെട്ട് നേരത്തെ സ്വന്തം ആവശ്യത്തിനായിരുന്നു പുല്ല് നട്ടുവളര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്തുവരുന്നവര്‍ ജില്ലയില്‍ നിരവധിയാണ്. സി ഒ ഫോര്‍, സി ഒ ഫൈഫ് ഇനങ്ങള്‍ക്ക് പിന്നാലെ സി ഒ ത്രീ പുല്ലിനം കൂടിയെത്തിയതോടെയായിരുന്നു ജില്ലയില്‍ പുല്‍കൃഷി വര്‍ധിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈയിനം പുല്ലുകളെയെല്ലാം പിന്തള്ളി തായ്‌ലന്റ് സൂപ്പര്‍ നേപ്പിയര്‍ എന്ന ഇനമാണ് ജില്ലയില്‍ ഇപ്പോള്‍ കൂടുതലായി കൃഷി ചെയ്തുവരുന്നത്. ഒരുപാട് ഗുണങ്ങളുള്ള പുല്ലിനമാണിതെന്ന് തായ്ലന്റ് സൂപ്പര്‍ നേപ്പിയര്‍ കൃഷി ചെയ്യുന്ന ക്ഷീരകര്‍ഷകനായ കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് അഭിലാഷ് പി എസ് പറയുന്നു. വിവിധ സ്ഥലങ്ങളിലായി ആറേക്കറോളം സ്ഥലത്ത് അഭിലാഷ് ഈ പുല്ല് കൃഷി ചെയ്തുവരുന്നുണ്ട്. ഏറെ പ്രചാരമുണ്ടായിരുന്ന സി ഒ ത്രീ 12 ടണ്‍ പുല്ലാണ് ഒരു ഏക്കര്‍ നിന്ന് ലഭിക്കുന്നതെങ്കില്‍, സൂപ്പര്‍ നേപ്പിയറില്‍ 22 ടണ്‍ ലഭിക്കും. പ്രോട്ടീന്‍ കണ്ടെന്റും, ജലാംശവും കൂടുതലുള്ളതിനാല്‍ സൂപ്പര്‍ നേപ്പിയര്‍ പശുക്കള്‍ക്ക് നല്‍കിയാല്‍ പാലുല്പാദനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് അഭിലാഷ് പറയുന്നത്. സ്വന്തമായി ഫാമുള്ള അഭിലാഷ് പ്രതിദിനം 230 ലിറ്റര്‍ വരെ പാലാണ് അളന്നുവരുന്നത്. നിരവധി പശുക്കളുണ്ടായിരുന്നതിനാല്‍ തീറ്റ ഒരു വലിയ വിഷയമായിരുന്നു. അങ്ങനെയാണ് സ്വന്തം നിലയില്‍ പുല്‍കൃഷി ആരംഭിക്കുന്നത്. സ്വന്തം ആവശ്യത്തിനായിരുന്നു ആദ്യമെല്ലാം പുല്‍കൃഷി നടത്തിയിരുന്നതെങ്കില്‍, പിന്നീട് ക്ഷീകകര്‍ഷകര്‍ അനുഭവിക്കുന്ന പുല്‍ക്ഷാമം തിരിച്ചറിഞ്ഞ് വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ സ്വന്തം ആവശ്യത്തിനുള്ളത് കഴിഞ്ഞാല്‍ ബാക്കിയുള്ളവ വില്‍ക്കാറാണ് പതിവ്. അതിര്‍ത്തി ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പുല്ലിനായി ആളുകളെത്തുന്നുണ്ടെന്നും അഭിലാഷ് പറയുന്നു. നടീല്‍ ആവശ്യത്തിനായി പുല്ലിന്റെ തണ്ടിനായി തൃശൂര്‍ അടക്കമുള്ള ദൂരെ ജില്ലകളിലേക്കും കൊണ്ടുപോകുന്നുണ്ട്. സൂപ്പര്‍ നേപ്പിയര്‍ ഇനത്തിന് ആവശ്യക്കാരേറിയതോടെ പഴയത് മാറ്റി നടത്തുന്നതിനായി ഇവിടെ നിന്നും പുല്‍തണ്ട് കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് മുട്ട് കൂടുന്ന ഒരു തണ്ടിന് ഒരു രൂപ എന്ന നിരക്കിലാണ് പുല്‍ത്തണ്ട് വില്‍ക്കുന്നത്. പച്ചപ്പുല്ലിനാണെങ്കില്‍ കിലോയ്ക്ക് രണ്ടര രൂപ നിരക്കിലാണ് വെട്ടി വണ്ടിയില്‍ കയറ്റിക്കൊടുക്കുന്നത്. സ്വന്തമായി ഫാമുള്ളവര്‍ക്ക് പുല്‍കൃഷി വലിയ ലാഭകരമല്ലെങ്കിലും, സ്വന്തം ആവശ്യം കഴിഞ്ഞുള്ളവ വിറ്റാല്‍ മറ്റ് ആവശ്യങ്ങള്‍ക്കള്ള പണം ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. വയനാട്ടില്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മില്‍മ വഴി സബ്സിഡി നിരക്കില്‍ പുല്ല് വില്‍പ്പന നടത്തിവരുന്നുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍ പ്രകാരമാണ് പുല്ല് ലോഡ് ലോഡ് കയറ്റിവിടുന്നത്. വയനാട്ടില്‍ ഏറ്റവുമധികം പുല്‍കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നത് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാടാണ്. സൂപ്പര്‍ നേപ്പിയറിനൊപ്പം, അടുത്തിടെയെത്തിയ മറ്റൊരിനമായ റെഡ് നേപ്പിയറും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.