August 9, 2022 Tuesday

‘ഗ്രേറ്റ് ബ്രിട്ടൻ’ ഇംഗ്ലണ്ടായി ശോഷിക്കുമോ

Janayugom Webdesk
December 28, 2019 9:38 pm

lokajalakam

വികസിത പാശ്ചാത്യ നാടുകളിലും മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവചനം തെറ്റാമെന്നാണ് ഡിസംബർ 12 ന് ഗ്രേറ്റ് ബ്രിട്ടനിൽ നടന്ന പൊതു തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നര വർഷങ്ങൾക്കിടയിൽ അവിടെ നടന്ന മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വിട്ടുപോരണമോ എന്നത് സംബന്ധിച്ച (ബ്രെക്സിറ്റ്) ഹിതപരിശോധനയ്ക്ക് ശേഷം അന്ന് പ്രധാനമന്ത്രി ആയിരുന്ന തെരേസമെ പുതിയൊരു തെരഞ്ഞെടുപ്പ് നടത്താൻ കാണിച്ച സാഹസത്തിൽ ആർക്കുമാർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് സംജാതമായത്.

തന്മൂലം ഈർക്കിലി പാർട്ടികളുടെ പിൻബലത്തോടെ അവർക്ക് ഭരണം തുടരേണ്ടിവരികയും ചെയ്തു. പിന്നീട് പാർട്ടിക്കുള്ളിലും നിലനിൽപ്പില്ലാതെ വന്നപ്പോൾ അവർക്ക് രാജിവച്ചൊഴിയേണ്ടി വരികയാണുണ്ടായത്. അപ്പോഴാണ് ബോറിസ് ജോൺസൺ ആ സ്ഥാനമേറ്റെടുത്തത്. ഉടനടി (ജനുവരി 30 നകം) യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോരാൻ അദ്ദേഹം നടപടികളാരംഭിക്കുകയും ചെയ്തു. അതിന് ബ്രിട്ടീഷ് ജനതയുടെ അംഗീകാരമുണ്ടെന്ന് തോന്നിയപ്പോഴാണ് അദ്ദേഹം പുതിയൊരു തെരഞ്ഞെടുപ്പ് ചൂതുകളി പരീക്ഷണം നടത്തിയത്. ആ ചൂതുകളിയിൽ വിജയിച്ചാണ് ജോൺസൺ അത്യപൂർവ്വമായൊരു വൻ ഭൂരിപക്ഷം നേടിയിരിക്കുന്നത്. 1960 കളിൽ മാർഗരറ്റ് താച്ചറുടെ കാലത്ത് മാത്രമാണ് അവരുടെ യാഥാസ്ഥിതിക ടോറി പാർട്ടിക്ക് ഇത്രവലിയ ഭൂരിപക്ഷം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഈ നേട്ടം ബോറിസ് ജോൺസന്റെ വ്യക്തിവൈഭവം കൊണ്ട് നേടിയതാണെന്ന് പറയാനാവില്ല. കാരണം, ടോറികൾ നേടിയ വോട്ടിന്റെ സംഖ്യയിൽ 2017 നെ അപേക്ഷിച്ച് സാരമായ വർധനവ് ഉണ്ടായിട്ടില്ല. ബോറിസ് ജോൺസണ് നാട്ടുകാർക്കിടയിൽ അത്ര സൽപേരുണ്ടായിരുന്നുമില്ല. മറിച്ച്, അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ധാരാളമാളുകൾക്ക് എതിരഭിപ്രായമാണുണ്ടായിരുന്നതും. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിലും ആളുകൾക്ക് സംശയമാണുണ്ടായിരുന്നത്. ഒരു ‘രാഷ്ട്രീയ ഓന്ത്’ എന്നാണ് രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും. എന്നാൽ അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന ഇക്കഴിഞ്ഞ അഞ്ചുമാസക്കാലത്ത് അദ്ദേഹം പ്രദർശിപ്പിച്ച ആത്മവിശ്വാസവും തീരുമാനമെടുക്കുന്നതിലുള്ള കഴിവും ഒട്ടേറേപേരുടെ അഭിനന്ദനം നേടിയിരുന്നു.

ഇ യു (യൂറോപ്യൻ യൂണിയൻ) വുമായുള്ള ചർച്ചകളിലൂടെ രാജ്യത്തിന് വിട്ടുപോകൽ വ്യവസ്ഥകളിൽ പല സൗജന്യങ്ങളും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. യാതൊരു വ്യവസ്ഥയും കൂടാതെ രാജ്യത്തിന് ഇ യു വിൽ നിന്ന് വിട്ടുപോരാൻ കഴിയുമോ എന്ന ശങ്ക അകറ്റാൻ തന്മൂലം ജോൺസന് സാധിച്ചിരുന്നു. യൂറോപ്പിൽ നിന്ന് വിട്ടുപോന്നാലുള്ള ആശങ്ക കുറച്ചെങ്കിലുമൊക്കെ അകറ്റാനും അദ്ദേഹത്തിനായി. സർക്കാർ നേത്യത്വത്തിലുള്ള ദേശീയ ആരോഗ്യ സേവനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കാനുള്ള നീക്കം മുൻകാല ടോറി ഭരണക്കാർ സ്വീകരിച്ചിരുന്ന ചെലവു ചുരുക്കൽ നയത്തോടുള്ള സലാം പറച്ചിലായും ആളുകൾ കണ്ടു. അങ്ങനെ വെറും കൈയുമായി ഇ യു വിൽ നിന്നു വിട്ടുപോകേണ്ടതില്ലെന്ന വിശ്വാസവും ജോൺസന്റെ ജനപിന്തുണ വർധിപ്പിച്ചുവെന്നാണ് കരുതേണ്ടത്. ലേബർ പാർട്ടിയെ സ്ഥിരമായി പിന്തുണച്ചിരുന്ന തൊഴിലാളികളുടെ വോട്ടിങ് മനോഭാവത്തിൽ മാറ്റം വരുത്താൻ ജോൺസണ് കഴിഞ്ഞുവെന്നു കരുതേണ്ടിയിരിക്കുന്നു. പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഇ യു വിൽ നിന്ന് ബ്രിട്ടൻ പോരുന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത ഒരു അഴകുഴമ്പൻ നിലപാട് കൈക്കൊണ്ടത് ജോൺസണ് അനുഗ്രഹമാവുകയും ചെയ്തു. ഇതുപക്ഷെ, ലേബർ പാർട്ടിയുടെ അസ്തമനത്തിന് വാതിൽ തുറന്നിടുകയാണുണ്ടായത്. അരനൂറ്റാണ്ടിന് ശേഷമാണ് ലേബർപാർട്ടിക്ക് ഇത്ര വലിയ പ്രഹരം ഏൽക്കേണ്ടിവന്നിരിക്കുന്നത്. യുദ്ധാനന്തരം പ്രഗൽഭനും പ്രശസ്തനുമായ വിൻസ്റ്റൺ ചർച്ചിലിനെ തോൽപിച്ച് പ്രധാനമന്ത്രിപദം ഏറ്റെടുത്ത ആറ്റ്ലി പ്രഭുവിന് ശേഷം ലേബർപാർട്ടി പലപ്പോഴും അധികാരത്തിലെത്തിയെങ്കിലും ടോണി ബ്ലെയർ മൂന്നു പ്രാവശ്യം പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ആ പാർട്ടിയുടെ ലേബർ സ്വഭാവം പാടെ മാറിമറിഞ്ഞു. ഇറാക്കിനെ ആക്രമിക്കാൻ അമേരിക്കയ്ക്കു കൂട്ടുനിന്ന വ്യക്തിയാണ് ബ്ലെയർ. ഇതുവരെ ലേബർ നേതാവായിരുന്ന കോർബിൻ ആ തൊഴിലാളി ആഭിമുഖ്യം ഒട്ടൊക്കെ വീണ്ടെടുക്കുകയും മാധ്യമങ്ങൾ ഒരു ലേബർ വിജയം പ്രവചിക്കുകയും ചെയ്തിരുന്നതാണെങ്കിലും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ലേബർ പ്രാതിനിധ്യം പകുതിയോളം ഇടിയുകയാണുണ്ടായത്. കമ്മ്യൂണിസത്തിന്റെ തലതൊട്ടപ്പന്മാരായ മാർക്സും ഏംഗൽസും മരണംവരെ ജീവിച്ചിരുന്നത് അവിടെയാണെങ്കിലും അവർസ്ഥാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇംഗ്ലണ്ടിൽ വേരൂന്നാൻ കഴിഞ്ഞില്ലെന്ന ദുഃഖസത്യം ഇവിടെ ഓർക്കാതിരിക്കാനാവില്ല. ആ സ്ഥാനം ഏറ്റെടുത്തത് ലേബർ പാർട്ടിയാണ്. ആ പാർട്ടിയും ഇപ്പോൾ ’ കീഴ്പ്പോട്ടുന്മുഖ’ മായാണ് പുരോഗമിക്കുന്നതെന്നാണ് ഡിസംബറിലെ തെരഞ്ഞെടുപ്പ് നമ്മെ ഓർമിപ്പിക്കുന്നത്. 1930 കൾക്ക് ശേഷം ആദ്യമായാണ് ലേബർ ഇത്ര ശോചനീയമായ ഒരു ‘നേട്ടം’ കൈവരിക്കുന്നത്. ലണ്ടൻ നഗരത്തിന് പുറത്ത് യാഥാസ്ഥിതിക ടോറികൾക്ക് ലേബറിന്റെ ഇരട്ടി സീറ്റുകളിൽ വിജയപതാക ഉയർത്താൻ കഴിഞ്ഞിരിക്കുകയാണ്. ഈ പരാജയത്തിനിടയിലും ലേബർ എം പി മാരിൽ ഭൂരിപക്ഷവും വനിതകളാണെന്നതിൽ ലേബർ അനുഭാവികൾക്ക് ആഹ്ലാദിക്കാം. പക്ഷെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതും എക്കാലവും ലേബർ എം പി മാരെ ജയിപ്പിച്ചിട്ടുള്ളതുമായ പ്രദേശങ്ങളിലാണ് അവർക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ളതെന്ന ദുഃഖസത്യം ആർക്കും മറച്ചു വയ്ക്കാനാവില്ല. യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോകുന്ന പ്രശ്നത്തിൽ ലേബർ നേതാവ് കോർബിന് വ്യക്തമായ ഒരു ഉറച്ച നിലപാട് ഇല്ലാതിരുന്നതും പുരോഗമനവാദപക്ഷത്ത് കൂടുതൽ ഉറച്ചുനിന്നതുമാണ് ലേബർ പാർട്ടിയുടെ അടിത്തറ തന്നെ തകരാനിടയാക്കിയതെന്നാണ് പൊതുവിലുള്ള അഭിപ്രായം. എന്നാൽ ഡിസംബർ 12 ലെ വോട്ടെടുപ്പിൽ ടോറികളുടെ വൻ വിജയത്തെയും ലേബറിന്റെ ദയനീയ പരാജയത്തെയുംകാൾ ലോകശ്രദ്ധ പതിയുന്നത് ഗ്രേറ്റ് ബ്രിട്ടന്റെ ഘടക പ്രവിശ്യകളായ സ്കോട്ട്‍ലാൻഡ്, വടക്കൻ അയർലാൻഡ്, വെയിൽ‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ്. സ്കോട്ട്‍ലാൻഡിൽ ജയിച്ചിരിക്കുന്നത്, ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് വിട്ടുപോകുന്നതിന്റെ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിനു മാത്രം ഇംഗ്ലണ്ടിനോട് തുടർന്നും ചേർന്നുനിൽക്കാൻ തീരുമാനിച്ച ഒരു പ്രവിശ്യയിൽ ഇപ്രാവശ്യവും വൻഭൂരിപക്ഷം നേടിയിരിക്കുന്നത് വിട്ടുപോകണമെന്ന് ശക്തിയുക്തം വാദിച്ച സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) യാണ്. ഗ്രേറ്റ് ബ്രിട്ടന്റെ രൂപീകരണത്തിന് ഏറ്റവും ഒടുവിൽ മാത്രം സമ്മതിച്ച പ്രദേശമാണ് സ്കോട്ട്‍ലാൻഡും വെയിൽസും അയർലാൻഡും‍ (ഇപ്പോൾ വടക്കൻ അയർലാൻഡ് മാത്രം) കൂടി ചേർന്നാണല്ലൊ ഗ്രേറ്റ് ബ്രിട്ടൻ രൂപീകൃതമായത്. ആ സ്കോട്ട്‍ലന്റാണ് ഇപ്പോൾ വീണ്ടും സ്വതന്ത്രമാകാൻ ബഹളം കൂട്ടുന്നത്. അയർലാൻഡിന്റെ തെക്കൻ ഭാഗം ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ സമരം ചെയ്ത് ഒരു സ്വതന്ത്രരാജ്യമായാണ് നിലകൊള്ളുന്നത്.

വടക്കൻ അയർലാൻഡ് വർഷങ്ങൾക്ക് മുൻപ് അയർലാൻഡിൽ ലയിക്കാൻ നടത്തിയ പോരാട്ടം വളരെ പ്രയാസപ്പെട്ടാണ് ബ്രിട്ടീഷ് ഗവൺമെന്റ് അടിച്ചമർത്തിയത്. ഡിസംബർ 12 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ളവരിൽ ബഹു ഭൂരിപക്ഷവും അയർലന്റുമായി ലയിക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിൽപ്പെട്ട യൂണിയനിസ്റ്റുകളാണ്. ആ സ്ഥിതിക്ക് അവർ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി തുടരാൻ എത്രകാലത്തേയ്ക്കുകൂടി സമ്മതിക്കുമെന്ന് കണ്ടുതന്നെ അറിയണം. സമാധാനപരമായി അയർലാൻഡിൽ ലയിക്കാൻ അവർ ശ്രമിക്കാതിരിക്കുമെന്ന് തോന്നുന്നില്ല. സമാധാനപരമായി ഒരു തീരുമാനം ഉണ്ടാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് അനുവദിക്കുന്നില്ലെങ്കിൽ രണ്ടാമതൊരിക്കൽക്കൂടി ഒരു പോരാട്ടത്തിന് അവർ ഒരുങ്ങുമെന്നതിൽ ആർക്കും സംശയം വേണ്ട. ഗ്രേറ്റ് ബ്രിട്ടൻ സർവശക്തമായിരുന്ന കാലത്തുപോലും വലിയൊരു ചോരപ്പുഴ ഒഴുക്കിയതിനുശേഷമാണ് വടക്കൻ അയർലാൻഡിനെ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാക്കി നിലനിർത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചുവന്നിട്ടുള്ള യൂണിയനിസ്റ്റ് എം പിമാരുടെ അടുത്ത ചുവടുവയ്പ്പ് എന്തായിരിക്കുമെന്ന് ഈ ഘട്ടത്തിൽ പ്രവചിക്കാനാവില്ലതന്നെ. സ്കോട്ട്ലാൻഡുകാരും വടക്കൻ അയർലാൻഡുകാരും കൈകോർത്തുപിടിച്ച് ഒരു പോരാട്ടം ആരംഭിച്ചാൽ അതിന്റെ അവസാനം ഇംഗ്ലണ്ടിന് അനുകൂലമായിരിക്കാൻ സാധ്യത കുറവാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇംഗ്ലണ്ടിന് അനുകൂലമായുള്ളതായിരുന്നില്ല. വടക്കൻ അയർലാൻഡ് ഇക്കഴിഞ്ഞ അവസരത്തിൽ ഇംഗ്ലണ്ടിൽ നിന്ന് വേർപിരിയാൻ പോരാട്ടം നടത്തിയപ്പോൾ അന്നത്തെ അമേരിക്കൻ ഭരണകൂടം ഇംഗ്ലണ്ടിന്റെ പക്ഷത്തായിരുന്നുവെന്നുകൂടി ഓർക്കണം. ഇപ്രകാരം സ്കോട്ട്ലാൻഡും കൂടി പിരിഞ്ഞാൽ ഇംഗ്ലണ്ടിന്റെ ഭാഗമായുള്ളത് വെയിൽസ് മാത്രമായിരിക്കും. അങ്ങനെ ശോഷിച്ച ഇംഗ്ലണ്ടിനെ ഗ്രേറ്റ് ബ്രിട്ടൻ എന്ന് വിളിക്കുന്നത് പരിഹാസ്യമായിരിക്കുമല്ലൊ. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിൻസ്റ്റൺ ചർച്ചിൽ 1945 ൽ പോലും വിശേഷിപ്പിച്ച ആ രാജ്യത്തിന്റെ പേര് ഇംഗ്ലണ്ട് എന്ന് മാറ്റിവിളിക്കുന്നതായിരിക്കും ഉചിതമെന്ന് ആരും സമ്മതിക്കും. അങ്ങനെ നോക്കുമ്പോൾ പ്രധാനമന്ത്രി ജോൺസൺ ആഘോഷിച്ച തെരഞ്ഞെടുപ്പ് വിജയത്തെ എങ്ങനെ നിർവചിക്കണമെന്ന് ലോകംതന്നെ തീരുമാനിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.