April 2, 2023 Sunday

വെജിറ്റബിള്‍ ചലഞ്ചിന് മികച്ച പ്രതികരണം; കൂടുതല്‍ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു

Janayugom Webdesk
കൊച്ചി
May 5, 2020 5:43 pm

കോവിഡ്19 ന്റെ സാഹചര്യത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വയം കൃഷിചെയ്യണമെന്ന സര്‍ക്കാര്‍ ആഹ്വാനത്തിന്റെ ഭാഗമായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം അവതരിപ്പിച്ച വെജിറ്റബിള്‍ ചലഞ്ചിന് മികച്ച പ്രതികരണം. ആദ്യദിനം തന്നെ കേരളത്തിലെ അഞ്ച് വിതരണകേന്ദ്രങ്ങളിലായി പതിനായിരത്തിലധികം വെജിറ്റബിള്‍ ചലഞ്ച് കിറ്റുകള്‍ക്ക് ആവശ്യക്കാരെത്തി. എറണാകുളത്ത് കാക്കനാടുള്ള കൃഷി ബിസിനസ്സ് കേന്ദ്രയില്‍ നിന്നു മാത്രം അയ്യായിരം ചലഞ്ച് കിറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ലോക്ക് ഡൌണ്‍ കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനായി മുപ്പതിലധികം ചലഞ്ച് കിറ്റുകള്‍ ആവശ്യമുള്ള റെസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് ഓണ്‍ലൈനിലൂടെ ഓര്‍ഡറുകള്‍ നല്‍കാനുള്ള സൗകര്യവും കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റെസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് ഒരാഴ്ചയ്ക്കകം എത്തിച്ചു നല്‍കുന്നതാണ്. നിലവില്‍ വ്യക്തികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് എല്ലാജില്ലകളിലേയ്ക്കും വെജിറ്റബിള്‍ ചലഞ്ച് പദ്ധതി വ്യാപിപ്പിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി വിഎഫ്പിസികെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. എ കെ  ഷെരീഫ് അറിയിച്ചു. ആവശ്യക്കാര്‍ക്ക്  വിഎഫ്പിസികെയുടെ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെട്ടു ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.

കൂടാതെ വെജിറ്റബിള്‍ ചലഞ്ച് പദ്ധതി പ്രകാരം കൃഷി ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സമൂഹ്യമാധ്യമങ്ങളിലൂടെ കൃഷിക്കുവേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൗണ്‍സില്‍ നല്‍കും.  വിഎഫ്പിസികെയുടെ കൃഷി വിദഗ്ദ്ധരോടൊപ്പം കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ കാര്‍ഷികവിദഗ്ദ്ധരും കര്‍ഷര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും. ഇതിനു പുറമെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതികപരിശീലനങ്ങളും ഫീല്‍ഡ്തല സന്ദര്‍ശനങ്ങള്‍ നടത്തി കര്‍ഷകര്‍ക്കു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതതകളെക്കുറിച്ചും കൗണ്‍സില്‍ ആലോചിച്ചു വരുന്നതായും ഡോ. എകെ ഷെരീഫ് അറിയിച്ചു.

വെജിറ്റബിള്‍ ചലഞ്ച് പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തോളം കിറ്റുകള്‍ നല്‍കുന്നതിനുള്ള സജ്ജീകരണമൊരുക്കുന്ന തിരക്കിലാണ്  വിഎഫ്പിസികെ. നിലവില്‍ 250 രൂപ വിലവരുന്ന 7 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയകിറ്റും 600 രൂപ വിലവരുന്ന 10 ഇനങ്ങളുള്ള വലിയ കിറ്റും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497713883, 8547619056

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.