March 21, 2023 Tuesday

കക്കൂസുകൾ ക്ഷേത്രമാക്കുന്ന മഹാകാലം

ദേവിക
വാതിൽപ്പഴുതിലൂടെ
February 24, 2020 5:30 am

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രാമധ്യേ ട്രെയിന്‍ ആന്ധ്രയിലെ വിജയവാഡയില്‍ നിര്‍ത്തിയപ്പോള്‍ തെലുങ്ക് അയ്യപ്പന്മാരുടേയും മാളികപ്പുറത്തമ്മമാരുടേയും മണികണ്ഠന്മാരുടേയും ഇടിച്ചുകയറ്റം. എല്ലാവരുടേയും കഴുത്തില്‍ മുത്തുമാലകള്‍ പലവിധം. കഴുത്തില്‍ പുഷ്പഹാരങ്ങള്‍. കമ്പിളിക്കെട്ടും ഇരുമുടിക്കെട്ടും എല്ലാമായി ആകെയൊരുമേളം. റിസര്‍വ് ചെയ്തവരും അല്ലാത്തവരും തീവണ്ടിക്കുള്ളിലെ നടവഴികളും ഇടനാഴികളുമെല്ലാം കയ്യേറി. മലയാളം കലര്‍ന്ന ശരണംവിളി. ധര്‍മ്മശാസ്താ സ്തോത്രങ്ങളുടെ ഇരമ്പം. തീവണ്ടി മുറിയാകെ സന്നിധാനമായതുപോലെ. രാവേറെച്ചെല്ലുവോളം ഈ ഭക്തിപ്രകടനകലാപരിപാടികള്‍‍ തുടര്‍ന്നു. നേരം പുലരുംമുമ്പേ ശുചിമുറിയില്‍ പോകാമെന്നു കരുതി ദേവിക അങ്ങോട്ടു ചെന്നപ്പോള്‍ എല്ലാ ശുചിമുറികളും ക്ലോസ്ഡ്. പക്ഷേ ശുചിമുറിക്കുള്ളില്‍ നിന്ന് പൂജാദ്രവ്യങ്ങളുടെ സുഗന്ധം! ഇതെന്താ പൊന്നയ്യപ്പാ, ഇന്ത്യന്‍ റെയില്‍വേയുടെ കക്കൂസ് മണക്കുന്ന കാലമോ! ഉള്ളില്‍ നിന്നും പൂജാമണിയുടെ സാന്ദ്രനാദം. ‘ഇരുമുടിക്കെട്ട് സബരിമലയ്ക്ക്, നെയ്യഭിഷേകം സബരിമലയ്ക്ക്’, നീ കുലനാടുമുനി, കുണ്ഡലകാടുമുനി’ എന്നിങ്ങനെയുള്ള കലിയുഗവരദ സ്തോത്രങ്ങള്‍, കതകില്‍ പലതവണ മുട്ടിയിട്ടും തുറക്കുന്നില്ലെന്നായപ്പോള്‍ പുറത്തുനിന്ന ചിലര്‍ ശുചിമുറിയുടെ വാതിലില്‍ ചവിട്ടി.

വാതില്‍ തുറന്നപ്പോള്‍ സാക്ഷാല്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ കക്കൂസ് ഫ്ലഷ് ചെയ്യാനുള്ള ലോഹപിടിയില്‍ തൂങ്ങിനില്‍ക്കുന്നു. ആ ധര്‍മ്മശാസ്താ പ്രതിമയ്ക്കു മുന്നിലാണ് ഈ കലാപരിപാടികളൊക്കെ. പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞ അഞ്ചാറ് തെലുഗു അയ്യപ്പന്മാരും മാളികപ്പുറങ്ങളും കക്കൂസിനെത്തന്നെ പൊന്നമ്പലവാസ പ്രതിഷ്ഠയുള്ള ക്ഷേത്രമാക്കി. ‘തൂണിലും തുരുമ്പിലും ദൈവമുണ്ട്’ എന്ന് അതിശയോക്തിയോടെ പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ കക്കൂസിലും അയ്യപ്പനുണ്ടെന്ന് കേള്‍ക്കുന്നതും കണ്ട് നയനാനന്ദകരമായി ആസ്വദിക്കുന്നതും ഇതാദ്യം!. കാശിയിലേക്കുള്ള മഹാകാല്‍ എക്സ്പ്രസിലും കക്കൂസിനരികിലെ ഒരു സീറ്റ് പ്രധാനമന്ത്രി മോഡിയുടെ നിര്‍ദ്ദേശാനുസരണം ഒരു മിനി മഹാദേവക്ഷേത്രമാക്കിയെന്ന വാര്‍ത്ത ദൃശ്യചാരുതയോടെ മാധ്യമങ്ങളില്‍ ഒളിമിന്നിയപ്പോഴാണ് ആന്ധ്രാ അയ്യപ്പന്മാര്‍ കക്കൂസും അയ്യപ്പക്ഷേത്രമാക്കിയ സംഭവം ഓര്‍ത്തുപോയത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ തീവണ്ടിയില്‍ യാത്രക്കാര്‍ക്കു ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാര്‍. ചിക്കനും മീനും കൊത്തിയരിഞ്ഞുകൊണ്ടുനില്‍ക്കുമ്പോള്‍ പാചകക്കാരന്‍ വാച്ചില്‍ നോക്കുന്നു. ഹായ്, പൂജാസമയമായി. കോഴിയിറച്ചി എണ്ണയിലിട്ടശേഷം ഇറച്ചി അരിഞ്ഞ കൈകള്‍ ആസനത്തിലെ വസ്ത്രത്തില്‍ തുടച്ചിട്ട് പാചകക്കാരന്‍ നേരേ കക്കൂസിനു ചാരേയുള്ള ശിവക്ഷേത്രത്തിലേക്ക് ഒരൊറ്റ വിടീലാണ്. പാന്‍ട്രികാറിലെ കുശിനിക്കാരന്‍ പൂജാരിയാകുന്നു.

മഹാദേവന്റെ വിഗ്രഹത്തില്‍ കളഭം ചാര്‍ത്തി നെയ്‌വിളക്കു തെളിയിച്ച് പൂജാമണികിലുക്കി ചൊല്ലുന്നു; ‘ഗംഗാതരംഗരമണീയ ജടാകലാപം, ഗൗരീനിരന്തര വിഭൂഷിത വാമഭാഗം, നാരായണീപ്രിയ മതംഗഹാരം, വാരാണസീപുരപതിം ഭജ:വിശ്വനാഥം’ എന്ന മന്ത്രം പാചകപൂജാരി ചൊല്ലി മുഴുമിക്കുന്നില്ല. പൂജാമണിയും മറ്റു കുന്ത്രാണ്ടങ്ങളുമൊക്കെ വലിച്ചെറി‍‌ഞ്ഞ് അടുക്കളയിലേക്ക് ഒരൊറ്റ പാച്ചില്‍! അടുപ്പില്‍ കിടക്കുന്ന ചിക്കന്‍ ഇളക്കിക്കൊടുക്കാന്‍. തിരികെവന്ന് പിന്നെയും ചൊല്ലി; ‘ഗംഗാതരംഗരമണിയ.…!’ ഇതിനെല്ലാമിടയില്‍ യാത്രക്കാര്‍ തീവണ്ടിയമ്പലത്തിനരികിലെ കക്കൂസില്‍ യഥാസമയം കാര്യങ്ങള്‍ നിര്‍വഹിക്കുന്നുമുണ്ട്! ഈ രംഗങ്ങളെല്ലാം കാണാന്‍ യോഗമുണ്ടായിരുന്നുവെങ്കില്‍ മഹാദേവനായ വൈക്കത്തപ്പനെ ധ്യാനിച്ച് ദേവികയും പ്രാര്‍ത്ഥിക്കുമായിരുന്നു; ‘നാരിയായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍, ഈ നരകത്തീന്നെന്നെ കരകേറ്റീടണേ തിരുവൈക്കം വാഴും ശിവശംഭേശംഭോ! മധ്യകാലയുഗത്തില്‍ യൂറോപ്പിലെങ്ങും പുരുഷന്മാര്‍ സ്ത്രീകളെ ധരിപ്പിക്കുന്ന ഒരു സൂത്രമുണ്ടായിരുന്നു. ചാസ്റ്റിറ്റി ബെല്‍റ്റ് അഥവാ ചാരിത്ര്യ കവചം. ഭാര്യയുടെ ഗുഹ്യഭാഗമാകെ ഈ കവചം ധരിപ്പിച്ചു പൂട്ടുമിടും. മൂത്രമൊഴിക്കാന്‍ ഒരു കുഞ്ഞുദ്വാരം മാത്രം. യോനിപ്പൂട്ടിന്റെ താക്കോലുമായേ ഭര്‍ത്താവ് വീടിനു പുറത്തിറങ്ങൂ.

പരപുരുഷഗമനം ഒഴിവാക്കാനുള്ള ഈ പൂട്ടുവിദ്യയെ തോല്പിക്കുന്ന പെണ്ണുങ്ങളുമുണ്ടായിരുന്നത്രേ, കള്ളതാക്കോലിട്ട് ചാരിത്ര്യ കവചം തുറന്ന് ‘കാര്യം സാധിക്കുന്ന’ മിടുമിടുക്കികള്‍ പെരുകിയതുകൊണ്ടാണോ എന്നറിയില്ല ഈ ഏര്‍പ്പാട് കാലാന്തരത്തില്‍ കഥാവശേഷമായി! പക്ഷേ ആര്‍ത്തവവും ചാരിത്ര്യവും പരിശോധിക്കാന്‍ നമ്മുടെ മോഡിയുടെ ഗുജറാത്ത് ചില സൂത്രവിദ്യകളൊക്കെ ഇപ്പോഴും പ്രയോഗിക്കുന്നു. ഗുജറാത്തിലെ ശ്രീസഹജാനന്ദ വനിതാ കോളജില്‍ മോഡിസ്റ്റൈല്‍ ആര്‍ത്തവപരിശോധന നടത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആര്‍ത്തവകാലത്ത് യുവതികള്‍ ഉപയോഗിക്കുന്ന ഒരു പാഡ് രക്തരൂക്ഷിതമായി കോളജ് വളപ്പില്‍ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രിന്‍സിപ്പലിന്റെ നേതൃ‍ത്വത്തില്‍ കോളജിലെ മുഴുവന്‍ ചെറുപ്പക്കാരികളെയും ശുചിമുറിയില്‍ കയറ്റി നഗ്നരാക്കി ആര്‍ത്തവപരിശോധന നടത്തിയപ്പോള്‍ മിക്കവാറും പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലവും പാഡ്ധാരണവും. കണ്ടുകിട്ടിയ പാഡ് ആരുടെ വകയെന്നറിയാന്‍ ഒരു ഗത്യന്തരവുമില്ല. മോഡി നാട്ടിലെ ആര്‍ത്തവ പരിശോധന അങ്ങനെ നാറ്റക്കേസാവുകയും ചെയ്തതിനിടെ മോഡി തന്റെ വാരാണസിയില്‍ ചെന്ന് ‘തിങ്കള്‍ക്കലാ‍ഞ്ചിതം കോടീരബന്ധനം’ എന്നു പാടി. കാശിവിശ്വനാഥ ഭഗവാനോടു മാപ്പു ചോദിക്കുകയായിരുന്നു! പണ്ട് കാശിയില്‍ തീര്‍ത്ഥാടനത്തിനുപോയ ഒരു മണ്ടച്ചാര്‍ തന്റെ ഭാര്യ അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ അയലത്തെ പുരുഷന്മാരുടെ ലിംഗാഗ്രത്തില്‍ പുളിയൊട്ടിച്ചു വച്ച കഥയുണ്ട്! ആ പുളിപ്രയോഗത്തിലൂടെ ഭാര്യയെ കസ്റ്റഡിയിലെടുക്കാമെന്ന തന്ത്രം പോലെയായി മോഡിയുടെ നിലപാടു തറയിലെ ആര്‍ത്തവ പരിശോധന!.

നമ്മുടെ മലയാളക്കര നാടന്‍ കായിക വിനോദങ്ങളാല്‍ അതിസമൃദ്ധമാണ്. തലപ്പന്തുകളി, കുട്ടിയുംകോലും കളി, കിളിത്തട്ടുകളി, നൂല്‍പിന്നിക്കളി എന്നിങ്ങനെ നിരവധി നാടന്‍ കളികള്‍. പിന്നീട് ഖോഖോയായി. വരയ്ക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ടീമുകള്‍ എതിരാളിയുടെ വരയ്ക്കപ്പുറത്തെ കളത്തിലിറങ്ങി ഓരോരുത്തരെയായി തൊട്ടുവീഴ്ത്തുന്ന ഖോ ഖോക്ക് ഇപ്പോള്‍ പുതിയൊരു രൂപവുമായി. ‘കേകോ‘കളി. അതായത് കേരളാ കോണ്‍ഗ്രസ് കളി. കേരളാ കോണ്‍ഗ്രസെന്ന പേരില്‍ ഇപ്പോള്‍ കാക്കത്തൊള്ളായിരം പാര്‍ട്ടികളാണുള്ളത്. കേരള കോണ്‍ഗ്രസ് (മാണി), മാണി മരിച്ചപ്പോള്‍ മാണിമകന്‍ കേരളാ കോണ്‍ഗ്രസ് എന്ന മാമാകേരളാ കോണ്‍ഗ്രസ്, ജോസഫ് കേരളാ കോണ്‍ഗ്രസ്, ജേക്കബ് കേരളാ കോണ്‍ഗ്രസ്. അതും പിളര്‍ന്ന് അനൂപ് കേരള, ജോണി നെല്ലൂര്‍ കേരള, പേരുമാറിയെങ്കിലും പി സി ജോര്‍ജ്ജിന്റെ ജനപക്ഷം കേരള, സര്‍വോപരി കേരളാ കോണ്‍ഗ്രസിന്റെ ഇന്നു ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി), പാര്‍ട്ടി സ്ഥാപകനായ കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസിന്റെ ജനനത്തിനു വഴിമരുന്നിട്ട പി സി ചാക്കോയുടെ മകന്‍ പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസ്, സ്കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസ് ഈ പട്ടിക പൂര്‍ത്തിയാക്കാന്‍ അനന്തപത്മനാഭനുമാകില്ല.

ഇതെഴുതുന്നതിനിടയില്‍ ഒരുപക്ഷേ മറ്റൊരു കേരളാ കോണ്‍ഗ്രസ് കൂടി പിറന്നുവീണിട്ടുണ്ടാകും. ഇതെല്ലാം കാണുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ അടിയന്തര വന്ധ്യംകരണമേ ഈ കേകോ സ്ഫോടനത്തിന് ഒരറുതിയുണ്ടാക്കൂ എന്നു തോന്നിപ്പോകുന്നു. വളരുന്തോറും പിളരുകയും പിളരുന്തോളും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് എന്ന് കെ എം മാണി പറഞ്ഞ തമാശ എല്ലാ കേരളാ കോണ്‍ഗ്രസ് കഷണങ്ങളും ഗൗരവത്തിലെടുത്താണ് പിളര്‍പ്പ് ഒരു ആഘോഷമാക്കുന്നത്. പക്ഷേ കരിങ്ങോഴയ്ക്കല്‍ മാണിയുടെ ജീവിതകാലത്തു നടക്കാതെ പോയ ചില മോഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയാവുക, ഇടതുമുന്നണിയില്‍ കൂടുകെട്ടുക എന്നീ സ്വപ്നങ്ങള്‍, പിതാവിന്റെ പാഴ്ക്കിനാവുകള്‍ സത്യമാക്കുക പുത്രന്റെ കടമയാണല്ലോ. മാണിഗ്രൂപ്പ് പിളര്‍ന്ന് ഒരു തുണ്ടുമായി ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ജോസ് കെ മാണി ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അരനൂറ്റാണ്ട് എംഎല്‍എയും ഇന്ത്യയില്‍ ഏറ്റവുമധികം കാലം ധനമന്ത്രിയുമായിരുന്ന കെ എം മാണിക്ക് ഒരു സ്മാരകമുണ്ടാക്കാന്‍ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയതിനെ ഒരു നൂല്‍പ്പാലമായി കണ്ട് അതിലൂടെ പിടിച്ചുകയറി ഇടതുമുന്നണിയിലെത്താമെന്നാണ് ജോസ് മോന്റെ സ്വപ്നം. ആ സ്വപ്നപാലം മുറിഞ്ഞ് കൊച്ചുമാണി മണിമലയാറ്റില്‍ താഴാന്‍ പോകുന്ന കാര്യം ജോസുകുട്ടിക്കറിയില്ലെങ്കിലും അമ്മ കുട്ടിയമ്മയ്ക്കു നന്നായറിയാം. അതുകൊണ്ടാണല്ലോ കരിങ്ങോഴയ്ക്കല്‍ നിന്ന് അമ്പിളിയമ്മാവനെ പിടിക്കാന്‍ നോക്കേണ്ട എന്ന മാതൃവിലാപം ഉയരുന്നത്.

ടി എം ജേക്കബിന്റെ മോന്‍ അനൂപ് ജേക്കബും ജോസ് മാണിക്കു പഠിച്ചുതുടങ്ങിയിരിക്കുന്നു. ഇടതുമുന്നണിയെന്ന സ്വപ്നവുമായി. സ്വപ്നം കാണുന്നതിന് നികുതിയില്ലെന്നു വച്ച് എന്തുസ്വപ്നവും കാണാമോ അനൂപ്-ജോസ് മോന്മാരേ! മനഃസമാധാനമായി ആസ്വദിച്ചൊന്നു ബലാല്‍ത്സംഗം ചെയ്യാന്‍ പോലും ഈ കന്യാസ്ത്രീകുലം സമ്മതിക്കില്ലെന്ന പരാതിയാണിപ്പോള്‍ പഴയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന്. ഒരു ബലാത്സംഗക്കേസില്‍ കുടുങ്ങി കോടതി കയറിയിറങ്ങുന്ന ഫ്രാങ്കോമെത്രാന്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന വിടുതല്‍ ഹര്‍ജി നല്കിനില്‍ക്കുമ്പോള്‍ ദേ വരുന്നു മറ്റൊരു കന്യാസ്ത്രീ ‘മീടൂ’ ആയി. മുളയ്ക്കല്‍ പിതാവ് തന്റെ മൂര്‍ദ്ധാവില്‍ ഉമ്മവച്ചെന്നും രഹസ്യഭാഗങ്ങള്‍ കാട്ടിത്തരണമെന്നു കേണുപറഞ്ഞുവെന്നുമാണ് മറ്റൊരു കന്യാസ്ത്രീയുടെ മൊഴി. ഇനിയും പലരും അനുഭവസാക്ഷ്യങ്ങളുമായി വരുമെന്ന് ഭരണങ്ങാനത്തെ കന്യാസ്ത്രീ കലാപത്തിന്റെ അമരക്കാരിയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു. ഇക്കണക്കിനു പോയാല്‍ ഫ്രാങ്കോ പിതാവ് മരിച്ചാലും അഴിയെണ്ണല്‍ കാലം അവസാനിക്കുമെന്നു തോന്നുന്നില്ല. ഇത്തരം നാറ്റക്കേസുകള്‍‍ പെരുകുന്നുവെന്ന് മാര്‍പ്പാപ്പപോലും ആണയിടുമ്പോള്‍ ക്രൈസ്തവ സഭ ലോകമെമ്പാടും കുറേ കല്യാണമണ്ഡപങ്ങള്‍ പണിയണമെന്നാണ് ദേവികയുടെ അപേക്ഷ. ആ മണ്ഡപങ്ങള്‍ക്കു മുന്നില്‍ ബോര്‍ഡുകളും സ്ഥാപിക്കാം. ‘ഞരമ്പുരോഗികളായ കര്‍ദ്ദിനാള്‍മാര്‍ക്കും ആര്‍ച്ചു ബിഷപ്പുമാര്‍ക്കും ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും വിവാഹങ്ങള്‍ നടത്തിക്കൊടുക്കപ്പെടും എന്ന ബോര്‍ഡ്. വേണമെങ്കില്‍ ഇത്തരം മാനഭംഗവീരന്മാര്‍ക്കുവേണ്ടി ‘ഫ്രാങ്കോ മാട്രിമണി’ എന്ന കല്യാണ നടത്തിപ്പു കമ്പനിയുമുണ്ടാക്കാം. വിശുദ്ധനായ ചാവറ കുര്യക്കോസ് ഏലിയാസച്ചന്റെ പേരില്‍ പോലും ‘മാട്രിമണി‘യുണ്ടാക്കുന്ന നാടല്ലേ നമ്മുടേത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.